
സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് താൻ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്ന് തുറന്നു പറഞ്ഞ് നടൻ ജയറാമിന്റെ മകൾ പാർവതി ജയറാം. ജയറാമും മകൻ കാളിദാസും വർഷങ്ങൾക്ക് ശേഷം ഒരുമിച്ചെത്തുന്ന പുതിയ ചിത്രം “ആശകൾ ആയിര”ത്തിന്റെ പൂജ ചടങ്ങിനിടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാളവിക.
“സിനിമയിൽ അഭിനയിക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ല. വിവാഹം കഴിഞ്ഞതു കൊണ്ടല്ല അഭിനയിക്കാത്തത്. വിവാഹത്തിന് മുൻപും സിനിമയിൽ വന്നിട്ടില്ല. അതുകൊണ്ട് വിവാഹത്തിന് ശേഷവും അത്തരത്തിൽ ചിന്തിച്ചിട്ടില്ല. അച്ഛനും കണ്ണനും ഒരുമിച്ചഭിനയിക്കുമ്പോൾ അഭിനയിക്കേണ്ടി വരില്ല എന്നാണ് എനിക്ക് തോന്നുന്നത്. വീട്ടിൽ ആയാലും അവർ തമ്മിൽ നല്ല കോമ്പിനേഷന്‍ ആണ്”. മാളവിക പറഞ്ഞു
25 വർഷങ്ങൾക്ക് മുൻപ് അച്ഛനും കണ്ണനും ‘എന്റെ വീട് അപ്പൂന്റേം’ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു, അന്ന് കണ്ടതു പോലത്തെ ഒരു വൈബ് ഇപ്പോൾ അവരെ ഒരുമിച്ച് കാണുമ്പോഴും ഉണ്ടാകും. അച്ഛനെയും കണ്ണനെയും തമ്മിൽ താരതമ്യം ചെയ്യാൻ കഴിയില്ല.
രണ്ടു പേരും രണ്ടു വ്യക്തികളാണ് എന്നതുപോലെ തന്നെ അവരുടെ സിനിമയോടുള്ള സമീപനവും വ്യത്യസ്തമാണ്. രണ്ടു പേരുടെയും സമാനതകളില്ലാത്ത സ്വഭാവസവിശേഷത ഒരുമിച്ച് വരുമ്പോൾ ഒരു മാജിക്ക് ഉണ്ടാകും. അതാണ് എന്റെ അഭിപ്രായം”. മാളവിക കൂട്ടിച്ചേർത്തു.
ജയറാമും മകൻ കാളിദാസ് ജയറാമും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ആശകൾ ആയിരം. ഗോകുലം മൂവീസ് നിർമിക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കഴിഞ്ഞ ദിവസം നടന്നിരുന്നു. പൂജ ചടങ്ങിൽ പങ്കെടുക്കാൻ ജയറാമിനും കാളിദാസിനുമൊപ്പം മാളവിക ജയറാമും എത്തിയിരുന്നു. സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും മോഡലിങ് രംഗത്ത് സജീവമാണ് മാളവിക.