മധുരരാജ = പോക്കിരിരാജ

മമ്മൂട്ടിയുടെ മാസ് ചിത്രമെന്ന് ഏറെ കൊട്ടിഘോഷിച്ച മധുരരാജ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മധുരരാജയുടെ വിശേഷങ്ങളാണ് ഇന്ന് സെല്ലുലോയ്ഡ് മൂഴി റിവ്യൂവില്‍. പോക്കിരിരാജയുടെ ഹാംഗ് ഓവര്‍ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക്, വൈശാഖ് ചിത്രം മുന്‍പ് കണ്ട് ആസ്വദിച്ചിട്ടുള്ളവര്‍ക്ക് കണ്ടിരിക്കാവുന്ന ഒരു എന്റര്‍ടെയ്‌നറാണ് മധുരരാജ.

പോക്കിരിരാജയുടെ തുടര്‍ച്ചയല്ല ഈ ചിത്രം. എന്നാല്‍ അതേ കഥാപാത്രം മറ്റൊരു മിഷനായി പാമ്പിന്‍തുരുത്തിലെത്തുകയാണ്. അച്ഛന്റെ സ്‌കൂളുമായി ബന്ധപ്പെട്ടുണ്ടായ ഒരു വിഷയം പരിഹരിക്കാനെത്തുന്ന രാജയ്ക്ക് കൂട്ട് ജെയ് ആണ്. മധുരയിലെ വളര്‍ത്തച്ഛന്റെ മകനായെത്തുന്നു ജെയ്. മുന്‍പ് പോക്കിരിരാജയില്‍ പൃഥ്വി ചെയ്ത കഥാപാത്രത്തോളം തന്നെ പ്രാധാന്യമുള്ള വേഷമാണ് ജെയ്ക്ക്. ചിത്രത്തിലേക്ക് രാജയ്ക്ക് എത്താനുള്ള പശ്ചാത്തല സൗകര്യത്തിന് മാത്രമാണ് മറ്റ് കഥാപാത്രങ്ങളെ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ ഇത്തവണ ഉപയോഗിച്ചിട്ടുള്ളത്. ഇതില്‍ അനുശ്രീ അവതരിപ്പിച്ച വാസന്തി എന്ന കഥാപാത്രം മാത്രമാണ് ഐഡന്റിറ്റി ഉള്ളതായി തോന്നിയത്.

ജഗപതി ബാബു ചെയ്ത നടേശന്‍ എന്ന വില്ലന്‍ വാഴുന്ന പാമ്പിന്‍ തുരുത്തിലെത്തുന്ന രാജയ്ക്ക് പഴയ രീതിയില്‍ നിന്ന് ഒരു മാറ്റവുമില്ല. മുറി ഇംഗ്ലീഷ്, എടുത്ത് ചാട്ടം അങ്ങിനെ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന എല്ലാ മാനറിസങ്ങളും അതേ അളവില്‍ ചിത്രത്തിലുണ്ട്. ഇത്തവണ രാജയെത്തിയപ്പോള്‍ കോമഡി പൂര്‍ണ്ണമായും മമ്മുക്ക ഏറ്റെടുത്തതായി അനുഭവപ്പെട്ടു. കഥാപരിസരമൊക്കെ മറന്ന് രാജയെ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി ഒരുക്കിയ ചിത്രമെന്ന രീതിയിലാണ് തിയേറ്ററിലും പ്രേക്ഷകര്‍ മധുര രാജയെ സ്വീകരിച്ചത്. രാജയുടെ എന്‍ട്രി, മുതല്‍ പിന്നീടുള്ള ഓരോ നീക്കങ്ങളും ചിത്രത്തില്‍ ആ വിധമാണ് ഒരുക്കിയിട്ടുള്ളത്.

പീറ്റര്‍ ഹെയ്‌ന്റെ സംഘട്ടനം, സണ്ണിലിയോണിന്റെ നൃത്തം, അനുശ്രീ, ഷംന കാസിം, അന്ന രേഷ്മ, മഹിമ തുടങ്ങീ നാലോളം നടിമാര്‍ ഇവരെയെല്ലാം മമ്മൂട്ടി എന്ന സ്റ്റാര്‍ഡത്തിന് പിറകില്‍ സമാസമം ചേര്‍ത്തുണ്ടാക്കിയ വൈശാഖ് ചിത്രമാണ് മധുരരാജ. മധുരയില്‍ നിന്നെത്തിയതിനാലും ജെയ് കൂടെയുള്ളതിനാലും ഇത്തവണ ഗോപീ സുന്ദറിന്റെ പശ്ചാതല സംഗീതം മുതല്‍ ഷാജി കുമാറിന്റെ ക്യാമറയ്ക്ക് വരെ ഒരല്‍പ്പം തമിഴ് ചായ്‌വ് കൂടുതലാണ്. നെടുമുടിവേണു, വിജയരാഘവന്‍, സലീംകുമാര്‍, പ്രശാന്ത് അലക്‌സാണ്ടര്‍ തുടങ്ങീ ഒരുപിടി താരങ്ങളും ചിത്രത്തിലണിനിരക്കുമ്പോള്‍ ചിത്രം ഒരാഘോഷമായിത്തന്നെ
മാറിയിരിക്കുകയാണ്.

പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് ഓര്‍മ്മപ്പെടുത്തുന്ന മമ്മൂക്കയുടെ പ്രകടനം തന്നെയാണ് ഹൈലൈറ്റ്. സ്വാഭാവികമായും ലൂസിഫര്‍ തിയേറ്ററില്‍ തകര്‍ത്തോടുമ്പോള്‍ മധുരരാജയുമായി താരതമ്യം ചോദിച്ചേക്കാം. അതില്‍ കാര്യമില്ല. കാരണം രണ്ടു പശ്ചാതലത്തില്‍ രണ്ട് സ്റ്റൈലില്‍ ഉള്ള ചിത്രമാണിവ രണ്ടും. ഈ വിഷുവിന് രാജയ്ക്ക് രാജയുടെ പിള്ളേരും ലൂസിഫറിന് അദ്ദേഹത്തിന്റെ പിള്ളേരും തിയേറ്ററിലുണ്ടാകും. അതേ സമയം രാജ രണ്ടുതവണയില്‍ മാത്രം വരവ് നിര്‍ത്തില്ലെന്ന സൂചന നല്‍കിയാണ് ചിത്രമവസാനിക്കുന്നത്. രാജ ഇപ്പോള്‍ മിനിസ്റ്ററായിട്ടുണ്ട്. മിനിസ്റ്റര്‍ രാജയ്ക്കായി ഇന് കാത്തിരിക്കാം.