‘ആരും ഉപദേശിക്കുന്നത് ഇഷ്ടമല്ല, ആരെയും ഉപദേശിക്കാറുമില്ല’: നിലപാട് വ്യക്തമാക്കി മധു

','

' ); } ?>

തനിക്ക് ആരുടെയെങ്കിലും ഉപദേശം കേൾക്കുന്നത് ഇഷ്ടമല്ലെന്നും അതുകൊണ്ടുതന്നെ മറ്റുള്ളവരെ ഉപദേശിക്കാൻ താൻ പോകാറില്ലെന്നും വ്യക്തമാക്കി മുതിർന്ന ചലച്ചിത്ര നടൻ മധു. ഉപദേശിക്കുന്നതിൽ യാതൊരു അർഥവുമില്ലെന്നാണ് തന്റെ പക്ഷമെന്നും അദ്ദേഹം തുറന്നടിച്ചു. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് സ്വന്തം ജീവിതനിലപാടുകളെക്കുറിച്ചും വ്യക്തിഗത ശീലങ്ങളെക്കുറിച്ചും താരം മനസ്സുതുറന്നത്.

തന്റെ വ്യത്യസ്തമായ ജീവിതരീതിയും ഉറക്കക്രമവും അദ്ദേഹം അഭിമുഖത്തിൽ പങ്കുവെച്ചു. രാത്രി വൈകിയുള്ള സമയമാണ് വായനയ്ക്കും സിനിമ കാണുന്നതിനുമായി താൻ തിരഞ്ഞെടുക്കാറുള്ളത്. രാത്രി 10 അല്ലെങ്കിൽ 11 മണിക്ക് ശേഷമേ ഇത്തരം കാര്യങ്ങൾ ചെയ്യാൻ സാധിക്കാറുള്ളൂ. അതുകൊണ്ടുതന്നെ ഉറങ്ങാൻ കിടക്കുമ്പോൾ പുലർച്ചെ രണ്ടരയോളമാകും. ആരോഗ്യപരമായ നിലനിൽപ്പിന് നിർബന്ധമായും വേണ്ട എട്ടു മണിക്കൂർ ഉറക്കം പൂർത്തിയാക്കാൻ രാവിലെ വൈകിയാണ് എഴുന്നേൽക്കാറുള്ളതെന്നും താരം പറഞ്ഞു.

സിനിമയിലെ പ്രണയരംഗങ്ങളിൽ അഭിനയിക്കുമ്പോൾ തനിക്ക് ഒരിക്കലും ചമ്മൽ തോന്നിയിട്ടില്ലെന്നും താരം വെളിപ്പെടുത്തി. അഭിനയരംഗത്തെ തുടക്കകാലത്ത്, ആദ്യ ദിവസങ്ങളിൽ പരിചയക്കുറവിൽ നിന്നുള്ള ഒരു അപരിചിതത്വം മാത്രമാണ് അനുഭവപ്പെട്ടത്. അതിനുശേഷം അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ യാതൊരുവിധ മടിയോ ചമ്മലോ തോന്നിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.