‘ഡിസി’ക്ക് തമിഴ്നാട്ടിൽ തിരിച്ചടി, കേരളത്തിൽ തരംഗം: പരീക്ഷണ സിനിമകളോട് അകലം പാലിച്ച് തമിഴ് പ്രേക്ഷകർ

','

' ); } ?>

ഗുണനിലവാരമുള്ള സിനിമകളെ സ്വീകരിക്കുന്നതിൽ തമിഴ് പ്രേക്ഷകർക്ക് മുൻപിലുണ്ടായിരുന്ന സ്ഥാനം നഷ്ടപ്പെടുന്നോ എന്ന ചോദ്യമുയർത്തി തമിഴ്നാട് ബോക്സ് ഓഫീസ് കണക്കുകൾ. ഉള്ളടക്കത്തിന് പ്രാധാന്യം നൽകുന്ന ചിത്രങ്ങളെ തിയേറ്ററുകളിൽ കൈവിട്ട്, സൂപ്പർതാര ചിത്രങ്ങൾക്ക് മാത്രം കോടികളുടെ വിജയം സമ്മാനിക്കുന്ന തമിഴ് സിനിമാസ്വാദകരുടെ പുതിയ പ്രവണത സിനിമാ മേഖലയ്ക്കുള്ളിൽ തന്നെ വലിയ വിമർശനങ്ങൾക്കാണ് വഴിതുറക്കുന്നത്. അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത് ലോകേഷ് കനകരാജ് പ്രധാന വേഷത്തിലെത്തിയ ‘ഡിസി’ എന്ന സിനിമയുടെ ബോക്സ് ഓഫീസ് പ്രകടനമാണ് ഈ ചർച്ചകൾക്ക് വീണ്ടും ചൂടുപിടിപ്പിച്ചിരിക്കുന്നത്.

റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളിൽ ആഗോളതലത്തിൽ 51 കോടി രൂപ നേടിയ ‘ഡിസി’ക്ക് സ്വന്തം തട്ടകമായ തമിഴ്നാട്ടിൽ നിന്ന് ലഭിച്ചത് വെറും 9.5 കോടി രൂപ മാത്രമാണ്. കളക്ഷൻ തുകയിലെ ബാക്കി 42 കോടിയും ചിത്രം നേടിയത് തമിഴ്നാടിന് പുറത്തുനിന്നാണ്. അരുൺ മാതേശ്വരന്റെ മേക്കിങ്ങും ലോകേഷ് കനകരാജ്, വാമിക ഗബ്ബി എന്നിവരുടെ പ്രകടനങ്ങളും മികച്ച അഭിപ്രായം നേടിയിട്ടും തമിഴ്നാട്ടിൽ ചിത്രം സാമ്പത്തികമായി പരാജയപ്പെടുകയായിരുന്നു. എന്നാൽ അയൽസംസ്ഥാനമായ കേരളത്തിൽ മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യദിനം നൂറിൽ താഴെ തിയേറ്ററുകളിൽ മാത്രം പ്രദർശിപ്പിച്ച ചിത്രം, പ്രേക്ഷക പിന്തുണയെത്തുടർന്ന് രണ്ടാം ദിനം മുതൽ ഇരുനൂറിലധികം തിയേറ്ററുകളിലേക്ക് ഉയരുകയും നാല് ദിവസം കൊണ്ട് ആറ് കോടിയോളം രൂപ കളക്ട് ചെയ്യുകയും ചെയ്തു.

പരീക്ഷണ സിനിമകളോട് തമിഴ് പ്രേക്ഷകർ കാണിക്കുന്ന തണുപ്പൻ സമീപനം ഇതാദ്യമല്ല. മാസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ‘ബ്ലാസ്റ്റ്’ ആഗോളതലത്തിൽ 75 കോടി നേടിയപ്പോൾ തമിഴ്നാട്ടിൽ നിന്ന് നേടാനായത് 32 കോടി മാത്രമാണ്. അനിരുദ്ധിന്റെ പശ്ചാത്തല സംഗീതമടക്കം ഏറെ പ്രശംസിക്കപ്പെട്ട ചിത്രത്തിന് കേരളത്തിലടക്കം വലിയ വരവേൽപ്പാണ് ലഭിച്ചത്. മുൻപ് പുറത്തിറങ്ങിയ ‘മെയ്യഴകൻ’ എന്ന ചിത്രത്തിന് തമിഴ്നാടിനേക്കാൾ സ്വീകാര്യത ലഭിച്ചത് കേരളത്തിലാണെന്നും, ഇത് മലയാളത്തിലായിരുന്നു നിർമ്മിച്ചതെങ്കിൽ അതിലും വലിയ വിജയമാകുമായിരുന്നുവെന്നും സംവിധായകൻ തന്നെ തുറന്നുപറഞ്ഞതും ഇതിനോട് ചേർത്തു വായിക്കാം.

അതേസമയം, ശരാശരി അനുഭവം മാത്രം സമ്മാനിച്ച ‘കറുപ്പ്’, ‘ജനനായകൻ’, അജിത് കുമാറിന്റെ ‘ഗുഡ് ബാഡ് അഗ്ളി’ തുടങ്ങിയ സൂപ്പർതാര ചിത്രങ്ങൾ തമിഴ്നാട്ടിൽ നിന്ന് മാത്രം 100 കോടിയിലധികം കളക്ഷൻ വാരിയെടുക്കുകയും ചെയ്തു. മറ്റ് ഭാഷകളിൽ നല്ല സിനിമകൾ ഇറങ്ങുമ്പോൾ “ഇതൊക്കെ ഞങ്ങൾ പണ്ടേ ചെയ്തതാണെന്ന്” സോഷ്യൽ മീഡിയയിൽ അവകാശപ്പെടുന്ന തമിഴ് ആരാധകർ, സ്വന്തം ഇൻഡസ്ട്രിയിലെ നല്ല സിനിമകളെ തിയേറ്ററുകളിൽ കയ്യൊഴിയുന്നതിൽ വലിയ ഇരട്ടത്താപ്പാണുള്ളതെന്നാണ് സിനിമാ നിരീക്ഷകരുടെയും ആരാധകരുടെയും പ്രധാന വിമർശനം.