ബോളിവുഡ് നടി വിദ്യാ സിന്‍ഹ അന്തരിച്ചു

ബോളിവുഡ് നടി വിദ്യാ സിന്‍ഹ (71). മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

1974 ലാണ് വിദ്യാ സിന്‍ഹ അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. രാജ കാക ആയിരുന്നു ആദ്യ ബോളിവുഡ് ചിത്രം. അതേ വര്‍ഷം പുറത്തിറങ്ങിയ ബാസു ചാറ്റര്‍ജിയുടെ രാജ്‌നിഗന്ധയില്‍ അമോള്‍ പലേക്കര്‍ക്കൊപ്പവും വിദ്യ അഭിനയിച്ചു.

ചോട്ടി സി ബാത്, പാട്ടി പാട്‌നി ഓര്‍ വോ, ഹവാസ്, മേരാ ജീവനാ, ഇന്‍കാര്‍, കിതാബ്, സേവ്ഡ് ജൂത്ത്, സാബൂട്ട്, ലവ് സ്‌റ്റോറി, ജോഷ്, എന്നിവ ഉള്‍പ്പടെ 198 ഓളം ചിത്രങ്ങളില്‍ വിദ്യ വേഷമിട്ടു. ജീവ എന്ന ചിത്രത്തിനുശേഷം അഭിനയരംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. പിന്നീട് സിദ്ദീഖ് സംവിധാനം ചെയ്ത സല്‍മാന്‍ ഖാന്‍ ചിത്രം ബോഡിഗാര്‍ഡിലൂടെ അഭിനയരംഗത്ത് തിരിച്ചെത്തി.

സിനിമകളോടൊപ്പം തന്നെ വിദ്യ അഭിനയിച്ച ഗാനങ്ങളും വലിയ ഹിറ്റുകളായിരുന്നു. യേശുദാസ് ആലപിച്ച ‘ജാനേമന്‍ ജാനേമന്‍’, ‘കയി ബാര്‍ യു ഭി ദേഖാ ഹൈ’, രജ്‌നിഗന്ധ ഫൂല്‍ തുംഹാരേ’ തുടങ്ങിയവ ഇന്നും ജനപ്രിയ ഗാനങ്ങളുടെ കൂട്ടത്തിലാണ്. കാവ്യാഞ്ജലി, ഹാര്‍ ജീത്ത്, ഖുബൂള്‍ ഹായ്, ഇഷ്‌ക് കാ രംഗ് സേഫ്ഡ്, ചന്ദ്ര നന്ദിനി. കുല്‍ഫി കുമാര്‍ ബാജേവാലാ തുടങ്ങിയ നിരവധി ടെലിവിഷന്‍ ഷോകളിലും വിദ്യ അഭിനയിച്ചു. ഭര്‍ത്താവ് വെങ്കിടേശ്വര അയ്യര്‍. മകള്‍ ജാന്‍വി.