
തമിഴ് നടനും രാഷ്ട്രീയനേതാവുമായ വിജയ്യെയും തൃഷയെയും പരോക്ഷമായി പരിഹസിച്ചെന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഉയർന്ന ട്രോളുകൾക്ക് തനതായ ഹാസ്യശൈലിയിൽ മറുപടിയുമായി നടൻ ധ്യാൻ ശ്രീനിവാസൻ. തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിനെ പോലീസ് കസ്റ്റഡിയിലെടുത്തെന്ന വാർത്തകൾ പ്രചരിച്ചതിന് പിന്നാലെയാണ് ധ്യാനിനെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ വൻ ട്രോളുകൾ ഉയർന്നത്. ഇതിനോടാണ് “ഹ ഹ ഹ, അണ്ണനും അണ്ണിയും എൻ ഉയിർ ഡാ” എന്ന് കമന്റ് ചെയ്തുകൊണ്ട് നടൻ നേരിട്ട് രംഗത്തെത്തിയത്.
‘വിസിറ്റർ’ എന്ന സിനിമയുടെ പ്രമോഷൻ ചടങ്ങിനിടെ ധ്യാൻ നടത്തിയ തമാശരൂപേണയുള്ള പരാമർശങ്ങളാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഭാവിയിൽ താൻ കേരള മുഖ്യമന്ത്രിയാകുമ്പോൾ സഹതാരം നവ്യ നായർ സാരിയുടുത്ത് വികാരാധീനയായി മുന്നിരയിലുണ്ടാകുമെന്നായിരുന്നു ധ്യാൻ പറഞ്ഞത്. വിജയ്യുടെ രാഷ്ട്രീയ പാർട്ടിയുടെ ഔദ്യോഗിക ചടങ്ങിൽ നടി തൃഷ മുൻനിരയിലിരുന്നതിനെ പരോക്ഷമായി കളിയാക്കിക്കൊണ്ടായിരുന്നു ഈ പരാമർശം. സംഭവം തമിഴ്നാട്ടിലെ വിജയ് ആരാധകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമാവുകയും ധ്യാൻ മാപ്പ് പറയണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് വിജയ്ക്കും തൃഷയ്ക്കുമെതിരെ അപകീർത്തികരമായ പ്രസംഗം നടത്തിയെന്ന പരാതിയിൽ ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിലായെന്ന വാർത്ത പുറത്തുവരുന്നത്. ഇതോടെ ‘അടുത്തത് നമ്മുടെ ധ്യാൻ അണ്ണനാണോ?’, ‘ധ്യാനും ഒരു കുപ്പായം തയ്പ്പിച്ചു വച്ചോ’ തുടങ്ങിയ കമന്റുകളുമായി ട്രോളന്മാർ രംഗത്തിറങ്ങി. മമ്മൂട്ടി ചിത്രം ‘അണ്ണൻ തമ്പി’യിൽ മാപ്പപേക്ഷിക്കുന്ന വിഖ്യാത രംഗങ്ങൾ ഉൾപ്പെടെ ചേർത്തുവച്ചുള്ള വിഡിയോകൾ നിമിഷനേരം കൊണ്ടാണ് വൈറലായത്.
എന്നാൽ ഭയപ്പെടാതെ, ട്രോളുകളെപ്പോലും തമാശയായി കണ്ട് മറുപടി നൽകിയ ധ്യാനിന്റെ മനോഭാവത്തെ കൈയടികളോടെയാണ് ആരാധകർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തിരിക്കുന്നത്.