
പ്രശസ്ത തമിഴ് ഗാനം ‘എൻ ഇനിയ പൊൻനിലാവേ’ എന്ന ഗാനത്തിന്റെ വരികൾക്കും ശബ്ദരേഖയ്ക്കും (സൗണ്ട് റെക്കോർഡിങ്) സംഗീത സംവിധായകൻ ഇളയരാജയ്ക്ക് പകർപ്പവകാശമില്ലെന്ന് വിധി പുറപ്പെടുവിച്ച് ഡൽഹി ഹൈക്കോടതി. സംഗീത സംവിധായകൻ എന്ന നിലയിൽ ഇളയരാജയ്ക്ക് ഗാനത്തിന്റെ ഈണത്തിന് മേൽ മാത്രമാണ് അവകാശമുള്ളതെന്നും, യഥാർഥ ശബ്ദരേഖയുടെയും വരികളുടെയും അവകാശം ചിത്രത്തിന്റെ നിർമാതാവിനാണെന്നുമാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
ബാലുമഹേന്ദ്ര സംവിധാനം ചെയ്ത ‘മൂടുപനി’ എന്ന ചിത്രത്തിലേതാണ് ഈ പ്രശസ്ത ഗാനം. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ‘അഗതിയ’ എന്ന തമിഴ് ചിത്രത്തിൽ ഈ പാട്ട് പുനരാവിഷ്കരിച്ചിരുന്നു. ഇത് പകർപ്പവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഇളയരാജ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സി. ഹരി ശങ്കർ, ജസ്റ്റിസ് ഓം പ്രകാശ് ശുക്ല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ വിധി. ഗാനത്തിന്റെ വരികളിലോ സൗണ്ട് റെക്കോർഡിങ്ങിലോ ഇളയരാജയ്ക്ക് പകർപ്പവകാശം ഉന്നയിക്കാനാകില്ലെന്ന് കോടതി ഉത്തരവിൽ പറയുന്നു.
ഈ ഗാനരംഗം ഉൾപ്പെടെയുള്ള പകർപ്പവകാശം ചിത്രത്തിന്റെ നിർമാതാക്കളായ രാജ സിനി ആർട്സിനാണെന്നും, നിർമാതാവിൽ നിന്നും ഈ അവകാശങ്ങൾ ‘സരിഗമ ഇന്ത്യ ലിമിറ്റഡ്’ എന്ന സംഗീതക്കമ്പനിക്ക് നിയമപരമായി ലഭിച്ചതാണെന്നും കോടതി സ്ഥിരീകരിച്ചു.
2025 ജനുവരിയിൽ വേൽസ് ഫിലിം ഇന്റർനാഷണൽ ലിമിറ്റഡ് നിർമിച്ച ‘അഗതിയ’ എന്ന ചിത്രത്തിന്റെ റിലീസിന് തൊട്ടുമുമ്പാണ് ഈ തർക്കങ്ങൾ ആരംഭിക്കുന്നത്. ‘എൻ ഇനിയ പൊൻനിലാവേ’ എന്ന ഗാനത്തിന്റെ റീക്രിയേറ്റഡ് വേർഷൻ ചിത്രത്തിൽ ഉപയോഗിച്ചത് ശ്രദ്ധയിൽപ്പെട്ട സരിഗമ കമ്പനി അണിയറപ്രവർത്തകർക്ക് ലീഗൽ നോട്ടീസ് അയയ്ക്കുകയായിരുന്നു.
എന്നാൽ ഗാനം ചിട്ടപ്പെടുത്തിയ ഇളയരാജയിൽ നിന്ന് കൃത്യമായി ലൈസൻസ് വാങ്ങിയിട്ടുണ്ടെന്നായിരുന്നു വേൽസ് ഫിലിംസ് നൽകിയ മറുപടി. ഇതിനെത്തുടർന്ന് സരിഗമ ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയും, ഏതെങ്കിലും തരത്തിലുള്ള പ്ലാറ്റ്ഫോമുകളിൽ ഗാനം റിലീസ് ചെയ്യുന്നത് തടഞ്ഞുകൊണ്ട് ജനുവരി 16ന് ഇടക്കാല ഉത്തരവ് സമ്പാദിക്കുകയും ചെയ്തു. തുടർന്ന് ജനുവരി 30ന് കേസ് പരിഗണിച്ച ജസ്റ്റിസ് മിനി പുഷ്കർണ, ഈ ഗാനത്തിന്റെ വരികളിൽ ഉൾപ്പെടെയുള്ള പകർപ്പവകാശം സരിഗമയ്ക്കുള്ളതാണെന്ന് നിരീക്ഷിച്ചു. ഈ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഇളയരാജ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും അനുകൂല വിധി സമ്പാദിക്കാനായില്ല.