ഇട്ടിമാണിക്കും കോപ്പിയോ.. ഇത് മെയ്ഡ് ഇന്‍ ചൈന..!

പ്രേക്ഷകരെ ഏറെ ആവേശത്തിലാക്കി ഓണത്തിന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് മോഹന്‍ ലാല്‍ നായകനായെത്തിയ ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’. ചൈനീസ് പശ്ചാത്തലവുമായി ബന്ധപ്പെട്ട് ഒരുക്കിയ ഇട്ടിമാണിക്കും ഒരു ചൈനീസ് കോപ്പിയുണ്ടോ എന്ന ആലോചനയിലാണ് ഇപ്പോള്‍ മറ്റൊരു ചിത്രത്തിന്റെ പോസ്റ്റര്‍ കണ്ട പ്രേക്ഷകര്‍. മെയ്ഡ് ഇന്‍ ചൈന എന്ന പേരില്‍ പുറത്തിറങ്ങുന്ന മറ്റൊരു ചിത്രമാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. എന്നാല്‍ സംശയിക്കേണ്ട ഇത് ബോളിവുഡിലൊരുങ്ങുന്ന മറ്റൊരു ചിത്രം തന്നെയാണ്. രാജ് കുമാര്‍ റാവോ, മൗനി റോയ്, ബൊമ്മന്‍ ഇറാനി, ഗജ് രാജ് റാവോ, സുമീത് വ്യാസ് എന്നിവരെ അണിനിരത്തി മിഖില്‍ മുസേല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് മെയ്ഡ് ഇന്‍ ചൈന. കാഴ്ച്ചയില്‍ ഇട്ടിമാണിയുടെ പോസ്റ്ററും പശ്ചാത്തലവുമായി സാമ്യം തോന്നുമെങ്കിലും തീര്‍ത്തും വ്യത്യസ്ഥമായ ഒരു കഥയുമായാണ് ചിത്രമെത്തുന്നത്. ദിനേഷ് വിജയന്‍, ജിയോ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഈ വര്‍ഷം ദീപാവലിക്കെത്തും. ചിത്രത്തിന്റെ ട്രെയ്‌ലര്‍ സെപ്തംബര്‍ 18 പുറത്തിറങ്ങുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും.