റെക്‌സ് വിജയനൊരുക്കിയ വലിയ പെരുന്നാളിലെ ആദ്യ ഗാനം പുറത്ത്..

യുവ താരമായ ഷെയ്ന്‍ നിഗത്തിന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വലിയ പെരുന്നാള്‍. തമിഴ് സൂപ്പര്‍ താരം ധനുഷ് ലോഞ്ച് ചെയ്ത ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കെട്ടിലും മട്ടിലും ഏറെ പുതുമകളുമായെത്തുന്ന ചിത്രത്തിലെ ആദ്യ ഗാനവും ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ‘ഹേയ് സോങ്ങ്’ എന്ന ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് ഇപ്പോള്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. സജു ശ്രീനിവാസ് സംഗീതമൊരുക്കിയ ഗാനം സുജിത് സുരേശനൊപ്പം ഇരുവരും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. അബിന്‍ പോളാണ് ഗാനം മിക്‌സ് ചെയ്തിരിക്കുന്നത്. പ്രശസ്ത ഗിറ്റാറിസ്റ്റ് റെക്‌സ് വിജയനാണ് ഗാനം നിര്‍മ്മിച്ച് അറെയ്ഞ്ച് ചെയ്തിരിക്കുന്നത്.

കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം സൗബിനും ഷെയ്‌നും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വലിയ പെരുന്നാള്‍. ഷെയ്ന്‍ നിഗത്തിന്റെ തികച്ചും വ്യത്യസ്ഥമായ ഒരു ഗെറ്റപ്പ് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. അക്ഷയ് കുമാര്‍ നായകനായ പാഡ്മാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഹിമിക ബോസ് ആണ് നായിക. ജോജു ജോര്‍ജും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് സൂചനകള്‍. നവാഗതനായ ഡിമല്‍ ഡെന്നിസ് ഒരുക്കുന്ന ചിത്രത്തിലൂടെ ഇതാദ്യമായാണ് ജോജുവും ഷെയ്‌നും സ്‌ക്രീനിലൊന്നിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ഓരോ പുതിയ വിശേഷങ്ങളും വലിയ ശ്രദ്ധയോടെയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിടുന്നത്.