ഏറ്റവും വലിയ ട്രെയ്‌ലര്‍ റിലീസിനൊരുങ്ങി പൊറിഞ്ചു മറിയം ജോസ്..

നീണ്ട 4 വര്‍ഷത്തെ ഇടവേളക്ക് ശേഷം സംവിധായകന്‍ ജോഷി ഒരുക്കുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. അഭിലാഷ് എന്‍ ചന്ദ്രന്റെ രചനയില്‍ അജയ് ഡേവിഡ് കാച്ചപ്പള്ളി ഛായാഗ്രഹണം നിര്‍വഹിച്ച് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം സ്വാതന്ത്ര്യ ദിനത്തിന് തിയേറ്ററുകളിലെത്താനിരിക്കെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ട്രെയ്‌ലര്‍ റിലീസിന് ഒരുങ്ങുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. മലയാളത്തിലെ നിലവിലെ എല്ലാ മുന്‍ നിര താരങ്ങളെയും അണിനിരത്തിയാണ് പൊറിഞ്ചു മറിയം ജോസിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്യപ്പെടാന്‍ പോകുന്നത്. ആഗസ്റ്റ് 2 നാണ് ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്‌ലര്‍ പുറത്തുവിടുക. മോഹന്‍ ലാല്‍, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ബിജു മേനോന്‍, ദിലീപ്, ജയസൂര്യ, നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ഷെയ്ന്‍ നിഗം, ആസിഫ് അലി, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, പൃഥ്വിരാജ്, വിനീത് ശ്രീനിവാസന്‍, വിനായകന്‍, സൗബിന്‍ ഷാഹിര്‍ എന്നിങ്ങനെ മലയാള സിനിമയിലെ 30ാളം താരങ്ങളുടെ ഔദ്യോഗിക പേജിലൂടെയാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്യുക.

നേരത്തെ മോഹന്‍ ലാലിന്റെ പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്യാനിരുന്നത്. പിന്നീട് മമ്മൂട്ടിയുടെ പേജിലൂടെയും ട്രെയ്‌ലര്‍ റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍. ഇതിനെല്ലാം ശേഷമാണ് ഇത്തരം ഒരു വമ്പന്‍ ട്രെയ്‌ലര്‍ ലോഞ്ചിന് നിര്‍മ്മാതാക്കള്‍ തയ്യാറായിരിക്കുന്നത്. തന്റെ 40 വര്‍ഷം നീളുന്ന സിനിമാ ജീവിതത്തില്‍ സൂപ്പര്‍ ഹീറോകളില്ലാത്തൊരു ചിത്രം ജോഷിയുടേതായി ഇല്ല. പ്രേം നസീറില്‍ തുടങ്ങി ദിലീപ് വരെ ആ പാരമ്പര്യം തുടരുന്നു. മലയാളത്തിലെ മുന്‍ നിര താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരെല്ലാം ജോഷി ചിത്രങ്ങളില്‍ നായകന്മാരായിട്ടുണ്ട്. മലയാള സിനിമയിലെ താരങ്ങളെല്ലാം അണി നിരന്ന 2008 ചിത്രം ട്വന്റി-ട്വന്റിയും സംവിധാനം ചെയ്തതും ജോഷിയാണ്.