‘മൂസക്കായ് സീ ഫ്രഷ്’പാത്തുവും തുടങ്ങുന്നു

എം80 മൂസയിലൂടെയും മറിമായം ഹാസ്യപരിപാടിയിലൂടെയും പ്രേക്ഷകരുടെ മുന്നില്‍ എത്തി ഹൃദയം കീഴടക്കിയ നടനായ വിനോദ് കോവൂര്‍ ലോക്ക്ഡൗണ്‍ സമയത്ത് തുടങ്ങിയ ‘മൂസക്കായ് സീ ഫ്രഷ്’ വിപുലമാകുന്നു. കൂടുതല്‍ ഫ്രാഞ്ചൈസികള്‍ തുടങ്ങുന്ന കാര്യം നടന്‍ തന്നെയാണ് അഭിമുഖത്തിലൂടെ തുറന്ന് പറഞ്ഞത്. മൂസക്കായ്‌ക്കൊപ്പം പാത്തുവായെത്തിയ സുരഭിയും ഫ്രാഞ്ചൈസി തുടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് താരം അറിയിച്ചു. നല്ല പെടക്കണ മീനുകളുടെ കലവറയുമായി വിനോദ് കോവൂരിന്റെ മൂസാക്കായ് സീ ഫ്രഷിന് നല്ല സ്വീകാര്യതയാണ് ലഭിച്ചത്. കോഴിക്കോട് ബൈപാസ് റോഡില്‍ ഹൈലൈറ്റ് മാളിന് എതിര്‍വശം പാലാഴി റോഡിലാണ് വിനോദ് കോവൂരും സുഹൃത്തുക്കളും ചേര്‍ന്ന് ഈ ഫ്രഷ് ഫിഷ് സ്‌റ്റോര്‍ ആരംഭിച്ചത്.

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ച് ആദ്യത്തെ കച്ചവടം നടത്തി. തുടങ്ങിയ ദിവസം തന്നെ നല്ല പ്രതികരണമാണ് പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്നത് എന്ന് വിനോദ് പറഞ്ഞു. ഫ്രഷ് ആയ മീനുകള്‍ മിതമായ വിലയില്‍ ഓണ്‍ലൈന്‍ ആയും നേരിട്ടും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്ന തരത്തിലാണ് തന്റെ പുതിയ സംരംഭം പ്രവര്‍ത്തിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിനോദ് കോവൂരിന് പൂര്‍ണപിന്തുണയുമായി എം80 മൂസയിലെ താരങ്ങളും കടയിലെത്തിയിരുന്നു. പരമ്പരയിലെ മൂസക്കായിയുടെ ഭാര്യയായി എത്തിയ നടി സുരഭിലക്ഷ്മി വിനോദിന്റെ പുതിയ സംരംഭത്തിന് പൂര്‍ണപിന്തുണ അറിയിച്ചു.

കോവിഡ് പടര്‍ന്നുപിടിച്ചതോടെ സിനിമസീരിയല്‍ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന ഒട്ടനവധി കലാകാരന്‍മ്മാര്‍ക്ക് ഉപജീവനത്തിനുള്ള വഴിമുട്ടിയിരുന്നു. തങ്ങളാല്‍ കഴിയുന്ന എന്ത് ജോലിയും ചെയ്യാന്‍ ഏതൊരാളും തയ്യാറാകണം എന്നൊരു സന്ദേശം നല്‍കുന്നത് വഴി പ്രതിസന്ധിയിലായിരിക്കുന്ന കലാകാരന്മാര്‍ക്ക് ഒരു പ്രചോദനമാകട്ടെ എന്നുകൂടി കരുതിയാണ് താന്‍ ഈ പുതിയ ബിസിനസിലേക്ക് തിരിഞ്ഞത് എന്ന് വിനോദ് കോവൂര്‍ വ്യക്തമാക്കിയിരുന്നു.