ഹരീഷ് കണാരന്റെ ആരാധകനായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലിയും…!

ഹരീഷ് കണാരന്‍ എന്ന കലാകാരന്റെ നൈര്‍മിഷികമായ അഭിനയത്തിലൂടെ മലയാളികള്‍ക്ക് ഒരുപാട് ചിരി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ചിത്രമാണ് ഷാഫി സംവിധാനം ചെയ്ത ‘ഒരു പഴയ ബോംബ് കഥ’. ചിത്രത്തിലെ തന്റെ ഒരു രംഗം കണ്ട് ചിരി അടക്കാനാവാതെ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി തന്റെ സംവിധായകന്‍ ഷാഫിയെ വിളിച്ചുവെന്ന് നടന്‍ ഹരീഷ് കണാരന്‍ പറയുന്നു. ചിത്രത്തിലെ രംഗം കണ്ട് സംവിധായകന്‍ ഷാഫിയെ വിളിച്ച യൂസഫലി തനിക്ക് ആ രംഗം വേണമെന്നും ഹരീഷിന്റെ അഭിനയത്തിന് ഒരു സമ്മാനം നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. സെല്ലുലോയ്ഡിന് നല്‍കിയ അഭിമുഖത്തിലാണ് ഹരീഷ് തന്റെ ഈ അനുഭവം പങ്കുവെച്ചത്.

സിനിമയില്‍ പൊലീസ് ഹരീഷ് കണാരനുമായി ജീപ്പില്‍ പോകുന്ന രംഗം കണ്ടാണ് യൂസഫലി ഹരീഷിന്റെ ആരാധകനായി മാറിയത്. ജീപ്പില്‍ ബോംബുണ്ടെന്നറിഞ്ഞിട്ടും, ടെന്‍ഷന്‍ മറക്കാന്‍ വേണ്ടിയുള്ള ഹരീഷിന്റെ സംഭാഷണം കേട്ട് താന്‍ പൊട്ടിച്ചിരിച്ചു. തനിക്ക് ടെന്‍ഷന്‍ വരുമ്പോള്‍ കാണാനായി ഈ രംഗം അയച്ചു തരണമെന്നും യൂസഫലി ഷാഫിയോട് ആവശ്യപ്പെട്ടു. കട്ടപ്പനയിലെ റിത്വിക് റോഷന്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും നടനുമായിരുന്ന ബിബിന്‍ ജോര്‍ജ് ആദ്യമായ നായകവേഷത്തിലെത്തിയ ചിത്രമായിരുന്നു ഒരു പഴയ ബോംബ് കഥ. പ്രയാഗ മാര്‍ട്ടിന്‍, കലാഭവന്‍ ഷാജോണ്‍, വിജയരാഘവന്‍, ഹരിശ്രീ അശോകന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. പ്രേക്ഷകര്‍ ഏറെ സ്വീകരിച്ച ചിത്രം ഒരുപാട് ദിനം തിയേറ്ററുകളില്‍ ഓടിയിരുന്നു.

error: Content is protected !!