സുവീരന്റെ സംവിധാനത്തില്‍ മോഹന്‍ ലാല്‍ വീണ്ടും അരങ്ങിലേക്ക്…

ലാല്‍ ആരാഥകര്‍ക്കും നാടകപ്രേമികള്‍ക്കുമായി പ്രശസ്ത സംവിധായകനും നാടക കലാകാരനുമായ കെ പി സുവീരന്‍ ഒരു കൗതുകമേറിയ വിശേഷമാണ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഏറ്റവും പുതിയ പ്രൊജക്ടിലൂടെ നടന്‍ മുകേഷും മോഹന്‍ ലാലും വീണ്ടും അരങ്ങിലേക്ക് തിരിച്ചെത്തുകയാണ് എന്നതാണ് ആ കൗതുകകരമായ വാര്‍ത്ത. നാടകത്തിന്റെ ഫൈനല്‍ സ്‌ക്രിപ്റ്റിങ്ങ് ഉടനുണ്ടാവുമെന്നും ഇരുവരും ഒപ്പമുള്ള ഒരു സാഹചര്യത്തില്‍ കൂടുതല്‍ വിശദമായ പ്രഖ്യാപനങ്ങള്‍ നടത്താനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം സെല്ലുലോയ്ഡിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ”ഇതൊരു അടക്കമുള്ള ഒരു പ്ലേയാണ്. മോഹന്‍ ലാലും മുകേഷും കുറച്ച് ലേഡി ക്യരക്ടേഴ്സുമൊക്കെയായി, ദൂരദേശങ്ങളിലും കളിക്കാന്‍ പറ്റുന്ന രീതിയില്‍ ഒരു കയ്യടക്കമുള്ള പ്ലേയായിട്ടാണ് ഉദ്ദേശിക്കുന്നത്.”സുവീരന്‍ പറയുന്നു. മുകേഷിനെയും ഭാര്യ മേഥില്‍ ദേവികയെയും പ്രധാന കഥാപാത്രങ്ങളാക്കി അഗ്‌നി എന്ന നാടകം തയ്യാറാക്കിയ സുവീരന്‍ ഈയിടെ മണികണ്ഠന്‍ ആചാരിയെ പ്രധാന കഥാപാത്രമാക്കി ഭാസ്‌ക്കരപ്പട്ടേലരും തൊമ്മിയുടെ ജീവിതവും എന്ന നാടകവും സംഘടിപ്പിച്ചിരുന്നു. 2011ലെ മികച്ച സമാന്തര സിനിമയ്ക്കുള്ള പുരസ്‌കാരം നേടിയ ബ്യാരി എന്ന ചിത്രത്തിന്റെ സംവിധായകനാണ് സുവീരന്‍.

‘കര്‍ണ്ണഭാരം’ എന്ന നാടകത്തില്‍ മഹാഭാരതത്തിലെ കഥാപാത്രമായ കര്‍ണ്ണന്റെ വേഷത്തിലാണ് ലാല്‍ തന്റെ ആദ്യ നാടകത്തില്‍ അഭിനയിച്ചത്. മലയാളത്തിലെ ആധുനിക നാടക വേദിയെ നവീകരിച്ച നാടകാചാര്യനായ കാവാലം നാരായണപണിക്കര്‍ ആയിരുന്നു ഈ നാടകത്തിന്റെ സംവിധായകന്‍. ന്യൂ ഡെല്‍ഹിയില്‍ പ്രഥമ പ്രദര്‍ശനം നടത്തിയ ഈ സംസ്‌കൃത നാടകം ദേശീയ നാടക ഉത്സവത്തിലും അവതരിപ്പിച്ചു. പിന്നീട് ചലച്ചിത്ര-നാടക സംവിധായകനായ ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്ത കഥയാട്ടം എന്ന നാടക രൂപാന്തരത്തിലും ലാല്‍ അഭിനയിച്ചു. ഇതില്‍ മലയാള സാഹിത്യത്തിലെ പത്ത് സുപ്രധാന കഥാപാത്രങ്ങളെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് ഛായാമുഖി എന്ന നാടകത്തിലും മോഹന്‍ലാല്‍ അഭിനയിക്കുകയുണ്ടായി. ഇതില്‍ മഹാഭാരതത്തിലെ തന്നെ കഥാപാത്രങ്ങളായ ഭീമന്റെയും, കീചകന്റെയും വേഷം മോഹന്‍ലാലും, പ്രശസ്ത നടന്‍ മുകേഷുമാണ് അവതരിപ്പിച്ചത്. ഈ നാടകം നിര്‍മ്മിച്ചത് മോഹന്‍ലാലിന്റെയും മുകേഷിന്റെയും സൗഹൃദ സംരംഭമായ കാളിദാസ വിഷ്വല്‍ മാജിക് ആണ്.. ഛായാമുഖി എഴുതി, സംവിധാനം ചെയ്തത് പ്രശാന്ത് നാരായണന്‍ ആയിരുന്നു. ഛായാമുഖി നല്ല രീതിയില്‍ അവതരിപ്പിക്കുന്നതിനു വേണ്ടി ഏകദേശം 60 ദിവസം മോഹന്‍ലാലും, മുകേഷും അടങ്ങുന്ന സംഘം പരിശീലനം നടത്തുകയുണ്ടായി. തന്റെ പുതിയ ചിത്രം ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’യുടെ ചിത്രീകരണ തിരക്കുകളിലാണ് മോഹന്‍ ലാല്‍ ഇപ്പോള്‍.

error: Content is protected !!