ലൈവ് സ്ട്രീമിങ്ങിന് പിന്നാലെ ലൂസിഫര്‍ എച്ച്ഡി പ്രിന്റ് പുറത്തിറക്കി വ്യാജന്മാര്‍

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫര്‍ എന്ന ചിത്രം കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമിലൂടെ സ്ട്രീം ചെയ്തിരുന്നു. എന്നാല്‍ ലൈവായി സ്ട്രീം ചെയ്തതിനു പിന്നാലെ ചിത്രത്തിന്റെ മികച്ച ക്വാളിറ്റിയുള്ള കോപ്പികള്‍ ചോര്‍ന്നിരിക്കുകയാണ്. ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ ചിത്രത്തിന്റെ കോപ്പി പ്രത്യക്ഷപ്പെട്ടു.

200 കോടി എന്ന വലിയ നേട്ടം സ്വന്തമായെങ്കിലും തിയേറ്ററുകളില്‍ 100 ദിവസം ഓടേണ്ട ചിത്രത്തിനെ ലൈവ് സ്ട്രീമിങ്ങിനെ ബാധിച്ചു എന്നാണ് ആരാധകരുടെ വിമര്‍ശനം. ഒപ്പം അതിന് ഉത്തരവാദികള്‍ നിര്‍മ്മാതാക്കളാണെന്നും അവര്‍ ആരോപിക്കുന്നു. ലൂസിഫര്‍ ഇത്ര തിടുക്കത്തില്‍ ലൈവ് സ്ട്രീം ചെയ്തതെന്തിനാണെന്നാണെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം ലൈവ് സട്രീം ചെയ്തത് തിയേറ്റര്‍ ഉടമകള്‍ക്കിടയിലും വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.

200 കോടി ക്ലബ്ബിലെത്തിയ ചിത്രം അന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചത്. മുരളി ഗോപി തിരക്കഥയെഴുതിയ ചിത്രത്തില്‍ മോഹന്‍ലാലിനെ കൂടാതെ ബോളിവുഡ് താരം വിവേക് ഒബ്‌റോയി, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, സായികുമാര്‍, ബാല, സാനിയ ഇയ്യപ്പന്‍, കലാഭവന്‍ ഷാജോണ്‍, ബൈജു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.