ആകാംക്ഷയ്ക്ക് വിരാമം, ലൂസിഫര്‍ 2 ടൈറ്റില്‍ പ്രഖ്യാപനം നാളെ..

നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രമായ ലൂസിഫറിന് രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം നാളെ ആറ് മണിക്ക് ഉണ്ടാകും എന്നാണ് ചിത്രത്തെക്കുറിച്ച് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. ലൂസിഫറിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഇതില്‍ വ്യക്തമായ സ്ഥിരീകരണം ഇതുവരെ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ മോഹന്‍ലാല്‍ തന്നെ ഔദ്യോഗികമായി ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്.

അടുത്തിടെ ഒരു അഭിമുഖത്തില്‍ ലൂസിഫറിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞിരുന്നു.’രണ്ടാം ഭാഗത്തിന്റെ ചില ആശയങ്ങള്‍ മനസ്സിലുണ്ട്. അതില്‍ മുന്നോട്ടുപോകുന്നുമുണ്ട്. ആദ്യ ഭാഗത്തിനേക്കാള്‍ വലിയ കാന്‍വാസില്‍ രണ്ടാം ഭാഗം അണിയിച്ചൊരുക്കേണ്ടി വരും. ലൂസിഫര്‍ 2 യാഥാര്‍ഥ്യമാക്കണമെങ്കില്‍ തീര്‍ച്ചയായും വലിയൊരു ബഡ്ജറ്റ് തന്നെ വേണ്ടി വരും’ എന്നായിരുന്നു.

തിരക്കഥാകൃത്ത് മുരളി ഗോപിയും ലൂസിഫര്‍ രണ്ടാം ഭാഗത്തെക്കുറിച്ചുളള ചില സൂചനകള്‍ നല്‍കിയിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗം യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ അബ്രാം ഖുറേഷി എന്ന കഥാപത്രത്തിന് തുല്യ പ്രാധാന്യമുളള റോളില്‍ സയിദ് മസൂദ് എത്തുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. ലൂസിഫര്‍ 2വില്‍ മോഹന്‍ലാലും പൃഥ്വിയും ഉണ്ടെന്ന ഊഹാപോഹങ്ങള്‍ ഏറുമ്പോള്‍ മറ്റ് താരങ്ങള്‍ ആരൊക്കെയായിരിക്കുമെന്നാണ് പ്രേക്ഷകരുടെ ആകാംക്ഷ.