കീര്‍ത്തിയെ കണ്ടാല്‍ ഒരു രോഗിയെപ്പോലെയുണ്ട് ; പരിഹസിച്ച് ശ്രീറെഡ്ഡി

സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച വെളിപ്പെടുത്തലുകളിലൂടെ വാര്‍ത്തകളില്‍ ഇടംനേടിയ താരമാണ് ശ്രീ റെഡ്ഡി. പലര്‍ക്കെതിരെയും വിവാദ പ്രസ്താവനകള്‍ നടത്തി ശ്രീറെഡ്ഡി സോഷ്യല്‍ മീഡിയയില്‍ സജീവമാവാറുണ്ട്. എറ്റവുമൊടുവിലായി നടി കീര്‍ത്തി സുരേഷിനെ വിമര്‍ശിച്ചുകൊണ്ടുളള ശ്രീറെഡ്ഡിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്. കഴിഞ്ഞ ദിവസം ശ്രീറെഡ്ഡി നടത്തിയ ഒരു വിമാനയാത്രയില്‍ കീര്‍ത്തിയും ഒപ്പം ഉണ്ടായിരുന്നെന്നും എന്നാല്‍ താനുള്‍പ്പെടെ കൂടെ യാത്ര ചെയ്യുന്ന ആരും അവരെ ശ്രദ്ധിച്ചില്ലെന്നും ശ്രീറെഡ്ഡി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

ശ്രീറെഡ്ഡിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

‘കീര്‍ത്തി സുരേഷും ഞാനും ഒരേ ഫ്‌ളൈറ്റില്‍ യാത്ര ചെയ്യുകയുണ്ടായി. ഞാനടക്കം ഒപ്പം യാത്ര ചെയ്തിരുന്ന ആരും അവരെ തിരിച്ചറിഞ്ഞില്ല. എല്ലാവരും എന്റെയടുത്താണ് സംസാരിക്കാനും സെല്‍ഫിയെടുക്കാനും വന്നത്. ശരീരഭാരം കുറച്ച് ഇപ്പോള്‍ അവരെ കാണാന്‍ ഒരു രോഗിയെപ്പോലെയുണ്ട്. മഹാനടി വിജയമായത്, സംവിധായകന് പഠിപ്പിക്കാനുള്ള കഴിവുകള്‍ ഉണ്ടായതു കൊണ്ടാണ്, അല്ലാതെ കീര്‍ത്തിയുടെ കഴിവല്ല. സായ് പല്ലവിയാണ് ഏറ്റവും നല്ലത്. തകര്‍ക്കുകയാണവര്‍’… എന്നാണ്.

ഒരു ബോളിവുഡ് സിനിമയ്ക്ക് വേണ്ടിയാണ് കീര്‍ത്തി ശരീരഭാരം കുറച്ചത്. കീര്‍ത്തിയെ വിമര്‍ശിച്ച് ശ്രീ റെഡ്ഡി ഇതിനു മുമ്പും രംഗത്തു വന്നിട്ടുണ്ട്. കീര്‍ത്തി-വിശാല്‍ താരജോഡികള്‍ ഒന്നിച്ചെത്തിയ സണ്ടക്കോഴി 2ന്റെ പ്രസ്സ് മീറ്റിനിടെ ശ്രീ റെഡ്ഡിയെക്കുറിച്ച് വിശാല്‍ പറഞ്ഞത് കേട്ട് കീര്‍ത്തി ചിരിച്ചതാണ് താരത്തെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസം നടന്‍ വിശാലിനെതിരെയും ശ്രീറെഡ്ഡി രംഗത്തെത്തിയിരുന്നു. വിശാല്‍ താനടക്കം നിരവധിപേരെ ചൂഷണം ചെയ്തിട്ടുണ്ടെന്ന് അമ്മയുടെ പേരിലും തന്റെ കരിയറിന്റെ പേരിലും ആണയിടുന്നെന്നായിരുന്നു പോസ്റ്റ്.