ആ ദിനേശനും ശോഭയുമല്ല ഇത്‌…’ലവ് ആക്ഷന്‍ ഡ്രാമ’

https://youtu.be/OSbuMDcn16w

ധ്യാന്‍ ശീനിവാസന്റെ ആദ്യ സംവിധാന സംരംഭം, നിര്‍മ്മാതാക്കളിലൊരാള്‍ അജു വര്‍ഗ്ഗീസ്, ഒരു ഇടവേളയ്ക്ക് ശേഷം ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര മലയാളത്തിലേയ്ക്ക് തിരിച്ചെത്തിയ ചിത്രം ഇങ്ങനെ ഒട്ടേറെ പ്രതീക്ഷകളുള്ള ചിത്രമായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. പേര് പോലെ തന്നെ പ്രണയത്തെ ചുവട്പിടിച്ചാണ് ചിത്രം ആരംഭിക്കുന്നത്. ചെറുപ്പം മുതലേ പ്രണയം തോന്നിയ പെണ്‍കുട്ടിയുടെ കല്ല്യാണ ദിവസം മദ്യപിച്ച് നിരാശനായിരിക്കുകയാണ് ദിനേശന്‍. ബന്ധുവായതിനാല്‍ പ്രണയം നിരസിച്ച പെണ്‍കുട്ടി പ്രത്യേകതരം സൈക്കോ എന്ന് വിശേഷിപ്പിക്കുന്നതില്‍ നിന്ന് തന്നെ നിവിന്‍പോളിയുടെ ദിനേശന്റെ കഥാപാത്രത്തെ കുറിച്ചുള്ള ചിത്രം ലഭിയ്ക്കുന്നുണ്ട്. കല്ല്യാണ ദിവസം നടക്കുന്ന രസകരമായ സംഭവവും കല്ല്യാണം കൂടാന്‍ ചെന്നൈയില്‍ നിന്നെത്തുന്ന ശോഭ എന്ന പെണ്‍കുട്ടിയോട് ദിനേശന് തോന്നുന്ന ആകര്‍ഷണത്തോടെയും കഥ ചെന്നൈയ്‌ലേക്ക് നീങ്ങുന്നു. പിന്നീട് നയന്‍താര, ദിനേശന്റെ കൂട്ടുകാരനായെത്തിയ അജു വര്‍ഗ്ഗീസ് എന്നിവരെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. വീട്ടില്‍ പണം കുറേയുണ്ടെങ്കിലും വ്യക്തിത്വമോ, ഉത്തരവാദിത്വമോ തീരെ ഇല്ലാത്ത ദിനേശന്‍ ശോഭയുടെ പ്രണയം പിടിച്ചു പറ്റാന്‍ നടത്തുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തില്‍ പിന്നീടത്രയും. ശോഭയ്ക്ക് ദിനേശനെ ഇഷ്ടമാണെങ്കിലും മദ്യപാനം നിര്‍ത്തുന്നതുള്‍പ്പെടെ ദിനേശനില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങളൊന്നും തന്നെ ഫലിക്കാതെ പോകുകയാണ്.

ചിത്രത്തിന്റെ അവസാന പതിനഞ്ച് മിനുറ്റ് സമയം മാത്രമാണ് ആക്ഷനും, ഡ്രാമയുമെല്ലാം സംഭവിക്കുന്നത്. ആകെയുള്ള ഒരു ആക്ഷന്‍ രംഗം മനോഹരമായി തന്നെ നിവിന്‍പോളി ചെയ്തിട്ടുണ്ട്. ഡ്രാമയാകട്ടെ പലപ്പോഴും അതി നാടകീയതായി അനുഭവപ്പെട്ടു. തമിഴ് പശ്ചാത്തലത്തില്‍ കഥ നടക്കുന്നതിനാല്‍ അവസാന രംഗങ്ങളില്ലെല്ലാം തന്നെ അത് കല്ല്കടിയായാണ് പ്രേക്ഷകന് തോന്നിയത്. ചിത്രത്തിനെ ഒരു തവണ കണ്ടിരിക്കാവുന്ന സിനിമയാക്കിയത് ഛായാഗ്രഹണമാണ്. ജോമോണ്‍ ടി ജോണും, റോബി വര്‍ഗ്ഗീസ് രാജുമാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. അജു റോള്‍ ഭംഗിയാക്കിയെങ്കിലും മുന്‍പ് ചെയ്ത കുറേ കഥാപാത്രങ്ങളുടെ അതേ ഛായ അനുഭവപ്പെട്ടു. നിവിന്‍പോളി അഭിനയത്തില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. നയന്‍താരയും കഥാപാത്രം നന്നായി അവതരിപ്പിച്ചു. ദുര്‍ഗ്ഗ കൃഷ്ണ, ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍, രഞ്ജി പണിക്കര്‍, മല്ലിക സുകുമാരന്‍ എന്നിവരെല്ലാം ഉണ്ടെങ്കിലും കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

ഫ്‌ളാഷ്‌ ബാക്കും, റിയാലിറ്റിയും തിരിച്ചറിയാനാകാത്ത കണ്‍ഫ്യൂഷന്‍ പല രംഗങ്ങളിലും മുഴച്ച് നിന്നു. ദുര്‍ബലമായ തിരക്കഥയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ന്യൂനത. പഴയ തളത്തില്‍ ദിനേശന്റെയും, ശോഭയുടേയും പേരെടുത്തതൊഴിച്ചാല്‍ ചിത്രത്തിന് അതുമായി ഒരു സാമ്യവുമില്ല. പ്രണയം, മദ്യപാനം, കുടുംബ ബന്ധം, സംശയ രോഗം ഇങ്ങനെ പലവഴിയ്ക്ക് തിരിഞ്ഞ് തിരിഞ്ഞ് പോകാനുള്ള ശ്രമങ്ങള്‍ ചിത്രത്തില്‍ അവിടവിടെ കണ്ടതൊഴിച്ചാല്‍ തിരക്കഥയ്ക്ക് ഒട്ടും ലക്ഷ്യബോധമില്ലായിരുന്നു. ഒട്ടേറെ സാമൂഹ്യ പ്രസക്തിയുള്ള, നര്‍മ്മരസം കലര്‍ന്ന, തിരക്കഥകളും, അഭിനയ മുഹൂര്‍ത്തങ്ങളും സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനും, നടനുമാണ് ശ്രീനിവാസന്‍. വിനീത് ശ്രീനിവാസന്റെ ചിത്രങ്ങളേയും പ്രേക്ഷകര്‍ അതേ ഇഷ്ടത്തോടെയാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. അതേ പരിഗണന തന്നെ ലഭിയ്ക്കുന്ന ധ്യാന്‍ ശ്രീനിവാസനില്‍ നിന്നും കൂടുതല്‍ മനോഹര ചിത്രങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.