
കേരള ഫിലിം പോളിസി കോണ്‍ക്ലേവ് തിരുവനന്തപുരത്ത് നടക്കും. ഓഗസ്റ്റ് രണ്ട്, മൂന്ന് തിയതികളില്‍ കേരള നിയമസഭാ സമുച്ചയത്തിലെ ശങ്കര നാരായണന്‍ തമ്പി ഹാളില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുക. കോണ്‍ക്ലേവിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പരിപാടിക്ക് അദ്ധ്യക്ഷത വഹിക്കും. പരിപാടിയുടെ ലോഗോ ഇന്നലെ ഹോട്ടല്‍ ഹൊറൈസണില്‍ നടത്തിയ ചടങ്ങില്‍ വെച്ച് മന്ത്രി സജി ചെറിയാന്‍ പ്രകാശനം ചെയ്തു.
ചടങ്ങില്‍ സാംസ്‌കാരിക കാര്യ വകുപ്പ് അഡി. ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ ഐ എ എസ്, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഐ എ എസ്, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍. ചലച്ചിത്ര പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ. മധുപാല്‍, കെഎസ്എഫ്ഡിസി മാനേജിംഗ് ഡയറക്ടര്‍ പ്രിയദര്‍ശനന്‍ പി. എസ്, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് എന്നിവരും പങ്കെടുത്തു.
കോണ്‍ക്ലേവില്‍ സിനിമാ മേഖലയുമായി ബന്ധപ്പെട്ട വിവിധ സെഷനുകളില്‍ സമഗ്രമായ ചര്‍ച്ചകള്‍ നടക്കും. ചര്‍ച്ചയില്‍ ഉയര്‍ന്നുവരുന്ന ആശയങ്ങള്‍ ക്രോഡീകരിച്ചാവും സിനിമാ നയത്തില്‍ ഉള്‍പ്പെടുത്തുക. കോണ്‍ക്ലേവില്‍ വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍, നാഷണല്‍ ഫിലിം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍, വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, സാംസ്‌കാരിക-ടൂറിസം മന്ത്രാലയം എന്നിവിടങ്ങളിലെ പ്രതിനിധികള്‍, ഇന്ത്യന്‍ സിനിമാ മേഖലയില്‍ നിന്നുള്ളവര്‍, അന്താരാഷ്ട്ര സിനിമയിലെ പ്രമുഖര്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍, വിവിധ സിനിമാ സംഘടനകള്‍, തൊഴില്‍-നിയമ രംഗങ്ങളിലെ വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.