‘ആദ്യ രണ്ട് ശ്രമത്തില്‍ പരാജിതനായി, ഇന്ന് മലയാളസിനിമയിലെ ഏകാധിപതി’ ; ലിജോ ജോസ് പെല്ലിശ്ശേരിയെന്ന സംവിധായകന്‍ ഇങ്ങനെയാണ്..!

വന്‍ പരാജയങ്ങള്‍ ഉണ്ടായെങ്കിലും സംവിധാനം ചെയ്ത ചുരുക്കം ചിത്രങ്ങള്‍ കൊണ്ട് മലയാള സിനിമ പ്രേക്ഷകരെ വിസ്മയിപ്പിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. തന്റെ വ്യത്യസ്ഥമായ ശൈലിയും സിനിമയോടുള്ള അഭിനിവേശവും തന്നെയാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥനാക്കുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ജെല്ലിക്കെട്ടിന്റെ ആദ്യ പോസ്റ്ററുകള്‍ തന്നെ ഏറെ വൈറലായിരിക്കുന്ന അവസരത്തില്‍ അദ്ദേഹത്തോടൊപ്പമുള്ള ഒരു ഇന്റര്‍വ്യൂവിന്റെ കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സിനിമ പ്രേമികളുടെ കൂട്ടായ്മയായ മൂവി സ്ട്രീറ്റ് എന്ന ഫേസ്ബുക്ക് പേജില്‍ അദ്ദേഹത്തിനെയും അദ്ദേഹത്തിന്റെ ചിത്രങ്ങളെയും കുറിച്ചുള്ള ജെയ്സന്‍ മോഹന്‍ തയ്യാറാക്കിയ കുറിപ്പാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്. ജെയ്സന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമാ കാഴ്ചകള്‍ എന്നതില്‍ നിന്നും മാസത്തില്‍ രണ്ട് മൂന്ന് എന്നതിലേക്ക് എന്നെ മാറ്റിയത് പ്ലസ് ടു പഠന കാലമാണ്. അവിടെ നിന്നും കൂടെ കിട്ടിയ കുറച്ച് കൂട്ടുകാരാണ് അതിന് കാരണക്കാര്‍. അവിടെ നിന്നും സിനിമ പതിയെ പതിയെ മത്ത് പിടിപ്പിക്കാന്‍ തുടങ്ങി. കാണുന്ന കാഴ്ചകളെല്ലാം പതിയെ അതിലേക്ക് ചുരുങ്ങാന്‍ തുടങ്ങി. അവിടെ മുതലാണ് സിനിമ ശരിക്കും അറിഞ്ഞ് തുടങ്ങിയത്. അറിഞ്ഞ് തുടങ്ങിയപ്പോള്‍ മുതല്‍ അത് ഉണ്ടാക്കാന്‍ ശ്രമം തുടങ്ങി. അന്ന് മുതലാണ് സിനിമകളെ കീറി മുറിക്കാന്‍ തുടങ്ങിയത്. നമ്മളെ സ്ഥിരമായി പഠിപ്പിക്കുന്ന ഒരു അധ്യാപകന്‍, പെട്ടന്ന് ഒരു ദിവസം അദ്ദേഹത്തിന് പകരമായി പുതിയൊരാള്‍ പുതിയ കാഴ്ചപ്പാടുകളുമായി വരുന്നു; അങ്ങനെയൊരു വരവായിരുന്നു ലിജോ ജോസ് പെല്ലിശേരിയുടേത്, അയാളായിരുന്നു ആ പുതിയ അധ്യാപകന്‍. ആദ്യ രണ്ട് ശ്രമത്തില്‍ പരാജിതനായി മലയാള സിനിമയില്‍ ആമേന്‍ പാടിയ സംവിധായകന്‍.

സിനിമകളെക്കള്‍ക്കൊപ്പം അവരുടെയൊക്കെ ഇന്റര്‍വ്യൂസ് കൂടി കാണാന്‍ ശ്രമിക്കാറുണ്ട് മലയാളത്തില്‍ ദിലീഷ് പോത്തന്‍, മുരളി ഗോപി, പൃഥ്വിരാജ്, ലിജോ ഇവരുടെയൊക്കെ ഇന്റര്‍വ്യൂസ് ഫോളൊ ചെയ്യാറുണ്ട്. അക്കൂട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരാളാണ് ലിജോ; എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ഉണ്ടാകും. അദ്ദേഹത്തിന്റെ സിനിമ പോലെ തന്നെ വ്യത്യസ്തമാണ് അദ്ദേഹത്തിന്റെ സംസാരവും. ഭാവിയില്‍ എന്ത് എപ്പോള്‍ എങ്ങനെ ചെയ്യണമെന്ന് കൃത്യമായ ബോധം അയാള്‍ക്കുണ്ട്. കഥകള്‍ ഒരുപാട് കൈയിലുണ്ട് അതില്‍ ഏത് ചെയ്യണം എന്ന് മാത്രമേ തീരുമാനിക്കാനുള്ളൂ എന്നൊക്കെ ധൈര്യമായി ഒരു സംവിധായകനു പറയാന്‍ കഴിയുന്നുണ്ടെങ്കില്‍ ഒന്ന് ആലോചിച്ച് നോക്കുക അയാളുടെ റേഞ്ച്. ഇദ്ദേഹത്തോട് ഒരിക്കലും ഇഷ്ടം തോന്നിയിട്ടില്ല ആരാധനയും തോന്നിയിട്ടില്ല മറിച്ച്.. അസൂയ തോന്നിയിട്ടുണ്ട്, നല്ല മുഴുത്ത അസൂയ.

ആമേന്‍

ആദ്യ സിനിമയായ നായകനും പിന്നീട് വന്ന സിറ്റി ഓഫ് ഗോഡും കാണാതെയാണ് ആമേന്‍ കാണുന്നത്. ഒരു സിനിമ തിയേറ്ററില്‍ നിന്നും മിസ്സ് ചെയ്തപ്പോള്‍ ആദ്യമായി സങ്കടം തോന്നിയതും ആമേന്‍ കണ്ടപ്പോഴായിരുന്നു. ആമേന്‍ തിയേറ്ററില്‍ നിന്നും കണ്ട് അതിനെ പറ്റി വാ തോരാതെ സംസാരിക്കുന്ന ഒരുത്തന്‍ ഇണ്ടായിരുന്നു കൂട്ടത്തില്‍, ശരിക്കും അവനോടൊക്കെ അസൂയ തോന്നിയിട്ടുണ്ട്. കാണുന്നെങ്കില്‍ തിയേറ്ററില്‍ നിന്നും കാണണമായിരുന്നു എന്നൊക്കെ അവന്‍ പറയുമ്‌ബോള്‍ വല്ലാത്തൊരു നഷ്ട ബോധം തോന്നിയിട്ടുണ്ട്. എനിക്ക് ഇന്നും ഓര്‍മയുണ്ട് ആമേന്‍ കണ്ട ആ ദിവസം. വാടകക്ക് എടുത്ത സിഡി ഇട്ട് ശബ്ദം കൂട്ടാന്‍ വേണ്ടി ഒരു കുടത്തിന്റെ വായ് ഭാഗത്ത് സ്പീക്കര്‍ കയറ്റി വെച്ച് വീട്ടുകാരെ മൊത്തം വിളിച്ചിരുത്തി ആമേന്‍ കണ്ട ആ ദിവസം. പിന്നീട് കുറെ കഴിഞ്ഞു ഒന്ന് കൂടെ ചിന്തിക്കാന്‍ തുടങ്ങിയപ്പോള്‍ ആലോചിട്ടുണ്ട് ശരിക്കും ലിജോ ജോസ് പെല്ലിശേരി എന്ന സംവിധായകന്‍ ഒരു ഏകാധിപതിയാണ്, ഒരു സാധാരണ കാഴ്ചക്കാരനായ എന്നെ കൊണ്ട് അത്രയൊക്കെ ചെയ്യാന്‍ ആ സംവിധായകനും സിനിമക്കും കഴിഞ്ഞുവെങ്കില്‍ അയാള്‍ എല്ലാവരുടെയും ആസ്വാദന നിലവാരത്തെ ആണ് മാറ്റി മറിക്കുന്നത്. നിങ്ങള്‍ കാണേണ്ടത് ഇത്തരം സിനിമകളല്ല, ഇതും നിങ്ങള്‍ കാണേണ്ടത് തന്നെയാണ് എന്ന് ഉറക്കെ വിളിച്ചു പറയുന്ന ഒരു ഏകാധിപതിയാണയാള്‍.

പിന്നീട് നായകനും സിറ്റി ഓഫ് ഗോഡും കണ്ടപ്പോള്‍ ഉറപ്പായി തുടങ്ങി ഇയാള്‍ ചില്ലറകാരനല്ല എന്ന്. ഒരാള്‍ താരതമ്യേന ഉയര്‍ച്ചയില്‍ എത്തുമ്‌ബോള്‍ വിമര്‍ശങ്ങളും ഉണ്ടാകുമല്ലോ അങ്ങനെ അസൂയ മൂത്ത് ഞാനും ഒന്ന് വിമര്‍ശിക്കാന്‍ ശ്രമിച്ചു, അത് ചെന്നവസാനിച്ചത് കെ.ജി ജോര്‍ജ്ജ് എന്ന സംവിധായകനിലാണ്. ലിജോയുടെ ഒരു ഇന്റര്‍വ്യൂവില്‍ ഇഷ്ട സംവിധായകരുടെ കൂട്ടത്തില്‍ കെ.ജി ജോര്‍ജ്ജ് എന്ന പേരും ഉണ്ടായിരുന്നു; സ്വാഭാവികം.. പക്ഷേ ഒന്ന് ഇരുത്തി ചിന്തിച്ചപ്പോള്‍ മനസിലായി, മലയാളത്തില്‍ നിന്നും ലിജോ ജോസ് പെല്ലിശേരി എന്ന സംവിധായകനെ കാര്യമായി സ്വാധീനിച്ച ഒരു വ്യക്തിയാണ് കെ.ജി ജോര്‍ജ്ജ്.

കെ.ജി ജോര്‍ജിന്റെ പഞ്ചവടിപാലം എന്ന സിനിമയില്‍ നാടു നീളെ ഓടി നടന്ന് പാടുന്ന ഒരു പാട്ട് ഉണ്ട്. അതുപോലെ ഒരെണ്ണം പള്ളി പൊളിക്കലുമായി ബന്ധപ്പെട്ട് ആമേനിലും കാണാന്‍ കഴിയും. അത് മാത്രമല്ല അദ്ദേഹത്തിന്റെ ‘ആദാമിന്റെ വാരിയെല്ല്’ എന്ന സിനിമ സ്വീകരിച്ചിരിക്കുന്ന അതേ കഥ പറച്ചില്‍ രീതി തന്നെയാണ് ലിജോയുടെ ‘സിറ്റി ഓഫ് ഗോഡ്’ എന്ന സിനിമ പിന്‍തുടരുന്നതും. ഇതൊന്നും ഒരിക്കലും ഒരു കോപ്പിയടിയായി കാണാന്‍ തോന്നിയിട്ടില്ല, മറിച്ച് രണ്ട് പേരും രണ്ട് കാലഘട്ടങ്ങളിലെ മാറ്റത്തിന്റെ നായകന്മാരായി കാണാനാണ് ഇപ്പോഴും ഇഷ്ടം.

ആമേനു ശേഷം ഒരുപാട് പേര്‍ക്ക് ആ ചിത്രം ഒരു പാഠപുസ്തകം തന്നെയായിരുന്നു. പിന്നീട് വന്ന ഒരുപാട് സിനിമകളില്‍ ആമേന്‍ റെഫറെന്‍സ് പ്രകടമായിരുന്നു. സത്യത്തില്‍ കാഴ്ചക്കാരുടെ മാത്രമല്ല, തനിക്ക് ഒപ്പം നില്‍ക്കുന്നവരുടെ രീതികളെ കൂടിയാണ് ലിജോ എന്ന സംവിധായകന്‍ മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നത്. ആമേനു ശേഷം അദ്ദേഹത്തിന്റെ അടുത്ത സിനിമയ്ക്കായി ഒരുപാട് പേര്‍ കാത്തിരുന്നിട്ടുണ്ട്, ഡബിള്‍ ബാരല്‍ പോലെ ഒരു മള്‍ട്ടി സ്റ്റാര്‍ പടം അന്നൗണ്‍സ് ചെയ്തപ്പോള്‍ എല്ലാവരുടെയും പ്രതീക്ഷ വര്‍ധിക്കുകയും ചെയ്തു. പക്ഷെ പടം പരാജയമാറി മാറി. പരാജയമായെങ്കിലും ലിജോയുടെ ഏറ്റവും മികച്ച സിനിമയായി എനിക്ക് തോന്നിയിട്ടുള്ളത് അതാണ്.

താങ്കളുടെ സിനിമകളില്‍ ഏതാണ് ഏറ്റവും ഇഷ്ടപ്പെട്ടത് എന്ന് ഒരു ഇന്റര്‍വ്യൂവര്‍ ചോദിച്ചപ്പോള്‍ ഞാനിപ്പോഴും എന്റെ ലാപ്പില്‍ സൂക്ഷിക്കുന്ന ഒരേ ഒരു സിനിമയേ ഉളളൂ അത് ഡബിള്‍ ബാരല്‍ ആണ് എന്ന് ലിജോ ഒരിക്കല്‍ പറയുകയും ചെയ്തിരുന്നു. സിനിമ പരാജയമാവുകയും, എന്നാല്‍ മറ്റൊരു ഭാഗത്ത് അത് ഇഷ്ടപ്പെടുന്നവരുടെ ഒരു കൂട്ടം ഉണ്ടായപ്പോള്‍ ഒരുപാട് ചര്‍ച്ചകള്‍ അതിനെ പറ്റി ഉയര്‍ന്നു വന്നു. അതില്‍ റിപ്പോര്‍ട്ടര്‍ ടിവിയില്‍ ടെലിക്കാസ്റ്റ് ചെയ്ത മീറ്റ് ദി എഡിറ്റേഴ്സ് പ്രോഗ്രാം ഇപ്പോഴും ഫോണില്‍ നിന്നും കളയാത്ത ഒന്നാണ്; തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണത്.

Interviewer : ‘ഓരോ പ്രേക്ഷകനും ഓരോ അഭിരുചിയല്ലേ അപ്പോള്‍ ഒരു സിനിമ ചെയ്യുമ്‌ബോള്‍ അതിനെ കൂടി മാനിക്കേണ്ടതല്ലേ??’

ലിജോ : ‘ഒട്ടും തന്നെ മാനിക്കേണ്ടതില്ല പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്ന സിനിമകളാണ് ഇവിടെ ഉണ്ടായി കൊണ്ടിരിക്കുന്നത്, ‘ഒരിടത്ത് ഒരു കുടുംബം ഉണ്ടായിരുന്നു അച്ഛന്‍ കൂലിപ്പണിക്കാരനായിരുന്നു അമ്മക്ക് കാന്‍സര്‍ ആയിരുന്നു എന്നൊക്കെ പറഞ്ഞു കൊണ്ടു വന്ന് അവസാനം അവര്‍ സുഖമായി ജീവിച്ചു’ എന്നുള്ള സെയിം ഫോര്‍മാറ്റിലാണ് ഇവിടെ സിനിമകള്‍ നിര്‍മിക്കപ്പെടുന്നത് അങ്ങനെ ഒരു സിനിമ ഉണ്ടാക്കുന്നതില്‍ എന്ത് ഫണ്‍ ആന്‍ഡ് എക്സൈറ്റ്‌മെന്റ് ആണ് ഉണ്ടാകുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല. പ്രേക്ഷകന്‍ എന്ത് കാണണം എന്ന് സംവിധായകനു തീരുമാനിക്കാന്‍ കഴിയണം. ഞാന്‍ എപ്പോഴും എന്റെ ഇഷ്ടങ്ങള്‍ മാത്രമേ നോക്കാറുള്ളൂ..’ ഇതൊക്കെ കേട്ടുകഴിഞ്ഞപ്പോള്‍ തോന്നിയിട്ടുണ്ട്, ഇത്രക്കും കോണ്‍ഫിഡന്‍സോടെ ഒരു സംവിധായകനു എങ്ങനെയാണ് സംസാരിക്കാന്‍ കഴിയുന്നത് എന്ന്.

ഇതാണ് ശരി.. ഇതാകണം ശരി.. ഒരാള്‍ ഒരു മാറ്റത്തിന് വേണ്ടി ശ്രമിക്കുമ്‌ബോള്‍ പരാജയങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ഇപ്പോള്‍ ആരുടെ പടത്തിനു പോകുന്നു എന്ന് ചോദിക്കുന്നവരോട് ലാലേട്ടന്റെയോ മമ്മുക്കയുടെയോ പേരിനു പകരം ലിജോ ജോസിന്റെ പടത്തിനാണെന്ന് പറയുന്നത് വരെ എത്തിയില്ലേ??

സാധാരണക്കാരനെ മുതല്‍ ചിന്തിച്ചു തല പുകക്കുന്നവരെ വരെ തൃപ്തിപ്പെടുത്താന്‍ ലിജോയ്ക്ക് കഴിയുന്നുണ്ട്, അതിന് ഉദാഹരങ്ങളാണ് പിന്നീട് വന്ന രണ്ട് സിനിമകളായ അങ്കമാലി ഡയറീസും ഈ.മ.യൗ-വും. പ്രതിഭയുടെ കയ്യൊപ്പ് പതിയുക എന്നൊക്കെ പറയാറില്ലേ, അത് കുറച്ചുകൂടെ ആഴത്തില്‍ പതിഞ്ഞ രണ്ട് സിനിമകള്‍. 80-ല്‍ പരം പുതുമുഖങ്ങളെ വെച്ച് ഒരു പടം അന്നൗണ്‍സ് ചെയ്തപ്പോള്‍ അതിനു വേണ്ടി കാത്തിരിക്കാനുള്ള ഒരേ ഒരു കാരണം അതിനു മുകളിലായി ‘ലിജോ ജോസ് പെല്ലിശേരി’ എന്നൊരു ടാഗ് ലൈന്‍ ഉണ്ടായിരുന്നത് കൊണ്ടാണ്. മലയാള സിനിമക്ക് ഇന്ന് അതൊരു ശീലമാണ് ലിജോ ജോസ് പെല്ലിശേരിയുടെ എന്ന് കണ്ടാല്‍ അതിനു താഴെ എന്ത് എഴുതിയാലും ടിക്കറ്റ് എടുക്കുന്ന ശീലം. അങ്കമാലി ഡയറീസ് കണ്ടു തീര്‍ത്തതിന് ഒരു കണക്കും ഇല്ല, അത്രക്കും ഫ്രഷ്‌നെസ് ഉള്ള ഒരു സിനിമ. ലിജോ എന്ന സംവിധായകനെ സാധാരണക്കാര്‍ക്കിടയില്‍ കുറച്ചു കൂടെ ഉയര്‍ത്തി കൊണ്ടുവന്ന ഒരു സിനിമ കൂടിയാണത്. ഈ.മ. യൗ-വിനെ കുറിച്ച് പറഞ്ഞാല്‍ മതിയാകാതെ വരും പടം കണ്ടു കഴിഞ്ഞ് ആരോ പറഞ്ഞിരുന്നു: ‘പടം കഴിഞ്ഞു തിയേറ്റര്‍ വിട്ടപ്പോള്‍ പുറത്ത് നല്ല മഴയായിരുന്നു ഒരു നിമിഷം ചിന്തിച്ചു നിന്നുപോയി ഞാന്‍ എവിടെയാണ് എന്ന്..’
ശരിക്കും ഇതിനെയൊക്കെയല്ലേ വിപ്ലവം എന്ന് വിളിക്കേണ്ടത്!? ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംവിധായകനെ സിനിമയില്‍ ചെയ്യാന്‍ കഴിയുക!?

ഒരു സിനിമയുടെ കഥയില്‍ മാത്രമല്ല അതിന്റെ അടി മുതല്‍ മുടി വരെ ശ്രെദ്ധിക്കുന്ന ഒരാളാണ് ലിജോ; അതുകൊണ്ട് തന്നെയാണ് എല്ലാ വശങ്ങളിലും അത് ഉയര്‍ന്നു നില്‍ക്കുന്നത്. സിനിമക്ക് ഒരു കഥയുടെ ആവശ്യമില്ല എന്നാണ് ലിജോയുടെ പക്ഷം, അതുകൊണ്ട് തന്നെയാണ് ലിജോയുടെ എല്ലാ സിനിമകളും സംസാരിക്കുന്നത് വിഷ്വല്‍സ് വഴിയാണ്. അയാള്‍ പ്രേഷകനില്‍ അടിച്ചേല്‍പ്പിക്കുന്നത് ദൃശ്യങ്ങളാണ്. സോളമനേയും ശോശന്നയേയും വാവച്ചന്റെ കുഴിമാടത്തിലിരിക്കുന്ന ഈശിയേയും പെപ്പെയേയും അപ്പാനി രവിയേയുമെല്ലാം നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നില്ലേ; അത് തന്നെയാണ് ആ സിനിമകളുടെയെല്ലാം ഭാഷ. അവരെല്ലാം ജീവിക്കുന്നത് പോലെ തോന്നുന്നത് അതിന്റെ ദൃശ്യങ്ങള്‍ കൊണ്ട് തന്നെയാണ്.

ജെല്ലിക്കെട്ട്

പക്ഷേ, ലിജോയുടെ ഒരു പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുള്ളത് ആമേന്‍ പോലെ ഒരു വിഷ്വല്‍ മാജിക് അഭിനന്ദന്‍ രാമാനുജന്‍ എന്ന ക്യാമറാമാനെ വെച്ച് ഒരുക്കിയിട്ടും അടുത്ത സിനിമയില്‍ ക്യാമറ ചെയ്തത് ഗിരീഷ് ഗംഗാധരനാണ് പിന്നെ ഷൈജു ഖാലിദും. ഇതില്‍ നിന്നും മനസിലാകുന്നത് അയാള്‍ ആരെയും ആശ്രയിക്കുന്നില്ല, കഥ പൂര്‍ത്തിയാകുമ്‌ബോള്‍ അതില്‍ ആര്‍ക്കാണോ സ്‌പേസ് ഉള്ളത് അവര്‍ക്ക് ആ റോളുകള്‍ നല്‍കുക. അതുകൊണ്ട് തന്നെയാണ് ലാലേട്ടനും മമ്മുക്കയും പോലുള്ള മുന്‍നിര നായകന്മാര്‍ അദ്ദേഹത്തിന്റെ സിനിമകളില്‍ പ്രത്യക്ഷപെടാതിരിക്കാനുള്ള കാരണവും.

ലിജോ ജോസ് പെല്ലിശേരി എന്ന സംവിധായകന്‍ മലയാള സിനിമയില്‍ എന്ത് ചെയ്തു എന്ന ചോദ്യത്തിന്റെ ഉത്തരം ഇപ്പോഴും പൂര്‍ണ്ണമല്ല. കാരണം, അയാള്‍ ഇപ്പോഴും എഴുതുന്നുണ്ട് ചിന്തിക്കുന്നുണ്ട് ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെ പോലെ സഞ്ചരിക്കുന്നുണ്ട്. ദേ ഇപ്പോള്‍ അടുത്ത സിനിമ ജല്ലിക്കട്ട് റിലീസിന് ഒരുങ്ങുന്നു ഇന്ന് രാവിലെ മുതല്‍ ഒരു പോത്തിനെ കാണിച്ചു കൊണ്ട് ആശാന്‍ മാസ്സ് കാണിച്ചു തുടങ്ങിയിട്ടുണ്ട്. മലയാള സിനിമയില്‍ ഒരു സംവിധായകന്റെ പേരില്‍ അടുത്തതായി ഫാന്‍സ് ഷോകള്‍ വരാന്‍ പോകുന്നത് ഈ മുതലിന്റെ പേരിലായിരിക്കും. പലരും പറയാറുണ്ട്, ലിജോയുടെ ഒരു സിനിമ മറ്റൊരു സിനിമയുമായി കംപെയര്‍ ചെയ്യാന്‍ കഴിയില്ല എന്ന്. ഞാന്‍ നോക്കിയിട്ട് ‘തോന്നുന്നതെല്ലാം പിടിച്ച് സിനിമയാക്കുക’ എന്നതാണ് അദ്ദേഹത്തിന്റെ സിനിമകളുടെ ഫോര്‍മാറ്റ്.

ലിജോ ജോസ് പെല്ലിശേരി എന്ന സംവിധായകന്‍ എന്തിന് മാറണം, വേണമെങ്കില്‍ കാഴ്ചക്കാര്‍ മാറട്ടെ അതല്ലേ ഹീറോയിസം..