അര്‍ജുനും ദിലീപും നേര്‍ക്കുനേര്‍.. ജാക്ക് ഡാനിയേലിലെ മാസ്സ് രംഗം പുറത്ത്..!

ഒരു വശത്ത് കൃത്യമായ കാഴ്ച്ചയുമായി ജാക്, മറു വശത്ത് കൃത്യമായ ലക്ഷ്യവുമായി ഡാനിയേല്‍.. ദിലീപ്, അര്‍ജുന്‍ സാര്‍ജ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എസ് എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ജാക് ഡാനിയേലിലെ ആദ്യ ഗ്ലിംപ്‌സ് തന്നെ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. ഏറെ ആക്ഷന്‍ രംഗങ്ങളും മികച്ച ഒരു സ്‌ക്രിപ്റ്റുമായി നല്ലൊരു ത്രില്ലര്‍ ഒരുങ്ങുന്നുവെന്നതിന്റെ മുന്നറിയിപ്പ് ആദ്യ രംഗം പ്രേക്ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞു. ദിലീപിനൊപ്പം ഡാനിയേലായിയെത്തിയ അര്‍ജുന്റെ ഗെറ്റപ്പ് തന്നെയാണ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. അന്‍ജു കുരിയനാണ് ചിത്രത്തില്‍ മറ്റൊരു കേന്ദ്ര കഥാപാത്രമായെത്തുന്നത്. ജാക്ക്ഡാനിയേല്‍ ഒരു മാസ്സ് എന്റര്‍റ്റെയ്‌നാറായിരിക്കുമെന്നും എല്ലാ ചേരുവകളും കോര്‍ത്തിണക്കിയ ഒരു ചിത്രമായിരിക്കുമെന്നും സെല്ലുലോയ്ഡുമായുള്ള അഭിമുഖത്തില്‍ ദിലീപ് പറഞ്ഞു.

ഷിജു കമല്‍ തമീന്‍സിന്റെ ബാനറില്‍ ഷിജു തമീന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും ജയസൂര്യ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. അജു വര്‍ഗീസ്, സൈജു കുറുപ്പ്, ദേവന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എന്തായാലും ചിത്രത്തിന്റെ ഒരു മാസ്സ് രംഗം തന്നെ പുറത്തിറങ്ങിയതോടെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഇരുവരുടെയും ആരാധകര്‍.