മഴയ്ക്ക് മാത്രമേ ചെന്നൈ നഗരത്തെ രക്ഷിക്കാനാകു-ലിയനാര്‍ഡോ ഡികാപ്രിയോ

ചെന്നൈ നഗരത്തിലുണ്ടായ രൂക്ഷമായ വരള്‍ച്ചയില്‍ തന്റെ ആശങ്കകള്‍ പങ്കുവെച്ച് ഹോളിവുഡ് താരം ലിയനാര്‍ഡോ ഡികാപ്രിയോ. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം പ്രതികരിച്ചിരിക്കുന്നത്. ഒരു വലിയ കിണറിന് ചുറ്റും ആളുകള്‍ കുടങ്ങളുമായി വെള്ളം കോരിയെടുക്കുന്ന ഒരു ചിത്രത്തോടു കൂടിയാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. കുടിക്കാന്‍ ഒരു തുള്ളി ശുദ്ധ ജലത്തിനായി ചെന്നൈയില്‍ ആളുകള്‍ നെട്ടോട്ടം ഓടുന്ന സാഹചര്യത്തിലാണ് ആശങ്കകള്‍ പങ്കുവെച്ചുകൊണ്ട് നടന്‍ രംഗത്തെത്തിയത്. മഴയ്ക്കു മാത്രമേ ചെന്നൈയെ ഈ അവസ്ഥയില്‍ നിന്നും രക്ഷിക്കാനാകു എന്ന് ഡികാപ്രിയോ പറയുന്നു.

‘മഴയ്ക്ക് മാത്രമേ ചെന്നൈയേ ഈ അവസ്ഥയില്‍ നിന്നു രക്ഷിക്കാനാകൂ…വെള്ളം വറ്റിയ കിണര്‍, വെള്ളമില്ലാത്ത ഒരു നഗരം. പ്രധാനപ്പെട്ട നാല് ജലസ്രോതസ്സുകള്‍ തീര്‍ത്തും വറ്റിയതോടെ ഇന്ത്യയിലെ തെക്കേ അറ്റത്തെ പട്ടണമായ ചെന്നൈ വലിയ പ്രതിസന്ധി നേരിടുകയാണ്. ഗവണ്‍മെന്റ് കൊണ്ടുവരുന്ന വെള്ളം ലഭിക്കുന്നതായി ആളുകള്‍ക്ക് മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. വെള്ളം കിട്ടാനില്ലാതായതോടെ ഹോട്ടലുകളും മറ്റുസ്ഥാപനങ്ങളും അടച്ചുതുടങ്ങി, മെട്രോയില്‍ എയര്‍ കണ്ടീഷണറുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കി. അധികാരികള്‍ വെള്ളത്തിനായി മറ്റുമാര്‍ഗങ്ങള്‍ തേടുന്നു.എന്നാല്‍ ഒരു ജനത മഴയ്ക്കായി പ്രാര്‍ത്ഥിക്കുന്നു’എന്നാണ് ഡികാപ്രിയോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.