സംവിധാനത്തിലേക്ക് വരണം: ലെന

‘ഏഴെട്ട് വര്‍ഷമായുള്ള ആഗ്രഹമാണ് സംവിധാനത്തിലേക്ക് വരണം എന്നുള്ളതെന്ന് നടി ലെന. സിനിമ എന്റെ ലൈഫ് ആണെന്ന് എനിക്ക് ഓള്‍റെഡി അറിയാമെന്നും നടി പറഞ്ഞു. സ്വന്തമായി തിരക്കഥ എഴുതുന്ന ചിത്രമായ ‘ഓള’ ത്തിന്റെ വിശേഷങ്ങള്‍ മാധ്യമത്തോട് പങ്കുവെയ്ക്കുകയായിരുന്നു ലെന. നടി ലെന ആദ്യമായി തിരക്കഥയൊരുക്കുന്ന ചിത്രം ഓളം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം നടന്‍ സൗബിന്‍ ഷാഹിര്‍ പുറത്തുവിട്ടിരുന്നു. നവാഗത സംവിധായകന്‍ വി.എസ്. അഭിലാഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നൗഫല്‍ പുനത്തിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. എക്‌സിക്യൂട്ടീവ് നിര്‍മ്മാണം ഉണ്ണി മലയില്‍.

23 വര്‍ഷത്തെ അഭിനയജീവത്തിന് ശേഷമാണ് ലെന തിരക്കഥ രചനയിലേക്ക് തിരിയുന്നത്. സംവിധായകന്‍ വി.എസ്.അഭിലാഷും ലെനയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. അര്‍ജുന്‍ അശോകന്‍, ലെന, ബിനു പപ്പു, ഹരിശ്രീ അശോകന്‍, നോബി മാര്‍ക്കോസ്, സുരേഷ് ചന്ദ്രമേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷത്തില്‍ എത്തുന്നത്. സംഗീതം അരുണ്‍ തോമസ്, ഛായാഗ്രഹണം അസ്‌കര്‍, എഡിറ്റിംഗ് സംജിത്ത് മുഹമ്മദ്, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, ആര്‍ട്ട് രഞ്ജിത് കോതേരി, മേക്കപ്പ് റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ജിഷാദ് ഷംസുദ്ദീന്‍, കുമാര്‍ എടപ്പാള്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശശി പൊതുവാള്‍, മോഷന്‍ പോസ്റ്റര്‍ രാജേഷ് ആനന്ദം, പ്രോജക്ട് ഡിസൈന്‍ അഖില്‍ കാവുങ്ങല്‍, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

ജയരാജിന്റെ സിനിമയായ സ്‌നേഹത്തിലൂടെയാണ് ലെന ആദ്യം വെള്ളിത്തിരിയില്‍ എത്തുന്നത്. പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വര്‍ണ്ണക്കാഴ്ചകള്‍, സ്പിരിറ്റ് എന്നീ സിനിമകളില്‍ അഭിനയിച്ചു. മലയാള ചലച്ചിത്രങ്ങളിലും മലയാളം ടെലിവിഷന്‍ പരമ്പരകളിലുമാണ് അഭിനയിച്ചിട്ടുള്ളത്. മനഃശാസ്ത്രത്തില്‍ ഉപരി പഠനം നടത്തിയ ലെന, മുംബൈയില്‍ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. ട്രാഫിക് എന്ന 2011 പുറത്തിറങ്ങിയ സിനിമയിലൂടെയാണ് സിനിമയില്‍ വഴിത്തിരിവുണ്ടായത്. പിന്നീട് സ്‌നേഹ വീട്, ഈ അടുത്ത കാലത്ത് സ്പിരിറ്റ്, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.