രാഗിണിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട…കോടതി

ലഹരിമരുന്നുകേസില്‍ കന്നഡ നടി സഞ്ജന ഗല്‍റാണിയെ മജിസ്‌ട്രേറ്റ് കോടതി മൂന്നുദിവസത്തേക്കുകൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടു. ചോദ്യംചെയ്യല്‍ പൂര്‍ത്തിയായ നടി രാഗിണി ദ്വിവേദിയെയും കൂട്ടുപ്രതികളായ നാലുപേരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിനെത്തുടര്‍ന്ന് പരപ്പന അഗ്രഹാര ജയിലിലാക്കി. വീഡിയോ കോഫറന്‍സിങ്ങ് വഴിയാണ് ഇവരെ ഹാജരാക്കിയത്.

ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നുമുള്ള രാഗിണിയുടെ ആവശ്യം കോടതി തള്ളി. ആവശ്യമെങ്കില്‍ ജയിലിലെ ആശുപത്രിയില്‍ ചികിത്സതേടാമെന്നും മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി. തമിഴ്‌നാട്ടിലെ അനധികൃത സ്വത്തുകേസില്‍ തടവ് അനുഭവിക്കുന്ന, അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിതയുടെ കൂട്ടുകാരി വി.കെ. ശശികലയുടെ തൊട്ടടുത്ത സെല്ലിലാണ് രാഗിണിയെ പ്രവേശിപ്പിച്ചത്.

തുടക്കത്തില്‍ സഞ്ജന ഗല്‍റാണി സഹകരിക്കാത്തതിനാല്‍ കൂടുതല്‍ ചോദ്യംചെയ്യേണ്ടതുണ്ടെന്നും ലഹരിപ്പാര്‍ട്ടികളില്‍ പങ്കെടുത്ത കൂടുതല്‍പ്പേരെ കണ്ടെത്തേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് ഉദ്യോസ്ഥര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസ് കസ്റ്റഡി അനുവദിച്ചത്. അഞ്ചുദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി മൂന്നുദിവസമാണ് അനുവദിച്ചത്. ഇന്ദിരാനഗറിലെ വീട്ടിലെ റെയ്ഡിനുശേഷം സെപ്റ്റംബര്‍ എട്ടിനാണ് സഞ്ജന ഗല്‍റാണി അറസ്റ്റിലായത്. രാഗിണിയെ 12 ദിവസവും സഞ്ജനയെ ഏഴുദിവസവുമാണ് ചോദ്യംചെയ്തത്. കേസില്‍ ഇതുവരെ പത്തുപേരാണ് അറസ്റ്റിലായത്.

നടി രാഗിണി ദ്വിവേദി, ബിസിനസുകാരന്‍ പ്രശാന്ത് രംഗ, ആഫ്രിക്കക്കാരന്‍ ലോം പെപ്പര്‍ സാംബ, രാഹുല്‍ ഷെട്ടി, മലയാളി നിയാസ് മുഹമ്മദ് എന്നിവരെയാണ് 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഇവരെ പരപ്പന അഗ്രഹാര ജയിലിലാക്കി. ലഹരി മരുന്നിടപാടില്‍ ഇവര്‍ക്കുള്ള പങ്കിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചു. ലഹരിപ്പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്ന പ്രൊഡക്ഷന്‍ കമ്പനി ഉടമ വിരണ്‍ ഖന്ന, രാഗിണിയുടെ സുഹൃത്ത് രവിശങ്കര്‍ എന്നിവരെ ബുധനാഴ്ചവരെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ വിട്ടു. ലഹരിപ്പാര്‍ട്ടി സംഘടിപ്പിച്ചതിനെക്കുറിച്ച് ഇവരില്‍നിന്ന് കൂടുതല്‍ വിവരം ശേഖരിക്കേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. നടി രാഗിണി ദ്വിവേദി നല്‍കിയ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. രാഗിണിയെ 28 വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

ചോദ്യംചെയ്യുന്നതിന് രാഗിണിയെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് െ്രെകംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടില്ല. അറസ്റ്റിലായശേഷം 11 ദിവസം ഇവരെ പോലീസ് ചോദ്യംചെയ്തിരുന്നു. രാഗിണിയെ പരപ്പന അഗ്രഹാര ജയിലിലെ വനിതാ ബ്ലോക്കിലെ സെല്ലില്‍ പ്രവേശിപ്പിച്ചു. സുരക്ഷ കണക്കിലെടുത്ത് മറ്റു തടവുകാര്‍ക്ക് രാഗിണിയെ കാണാന്‍ അനുവാദമില്ല. രാഗിണിയുടെ കുടുംബാംഗങ്ങള്‍ കോടതിയിലെത്തിയിരുന്നു. ജയിലിലേക്ക് മാറ്റുന്നതിനുമുമ്പ് രാഗിണി അടക്കമുള്ള പ്രതികളെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയരാക്കി. കോവിഡ് ഉള്‍പ്പെടെ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍ റിപ്പോര്‍ട്ടുനല്‍കി.