സൗബിന്‍ മംമ്ത കേന്ദ്ര കഥാപാത്രങ്ങള്‍; ലാല്‍ ജോസ് ചിത്രം ഷൂട്ടിങ് തുടങ്ങി

സൗബിനും മംമ്തയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ലാല്‍ ജോസ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ദുബായിലാണ് ലൊക്കേഷന്‍. ലാല്‍ ജോസ്,ഇക്ബാല്‍ കുറ്റിപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. പൂര്‍ണ്ണമായും ഗള്‍ഫില്‍ ചിത്രീകരിക്കുന്ന ഈ സിനിമയില്‍ നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് മാറി ജീവിക്കുന്ന ഒരു കുടുംബത്തിന്റെ കഥയാണ് പറയുന്നത്.

‘അറബിക്കഥ’, ‘ഡയമണ്ട് നെക്ലേസ്’, ‘വിക്രമാദിത്യന്‍’ എന്നീ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രങ്ങള്‍ ശേഷം ലാല്‍ജോസിനുവേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം എഴുതുന്ന നാലാമത്തെ തിരക്കഥയാണിത്.
തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ ബാബു നിര്‍വഹിക്കുന്നു.

ലാല്‍ ജോസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

അറബികഥയ്ക്കും ഡയമണ്ട് നെക്ലേസിനും ശേഷം വീണ്ടും അറേബ്യയില്‍.ഇക്കുറി കൂടെയുള്ളത് സൗബിന്‍ ഷാഹിറും , സലിം കുമാറും, മംമ്ത മോഹന്‍ദാസും, ഹരിശ്രീ യൂസഫും മറുനാടന്‍ സ്റ്റേജുകളില്‍ കഴിവ് തെളിയിച്ച ഒരു പിടി പ്രവാസി കലാകാരന്മാരുമാണ്. ഇക്ബാല്‍ കുറ്റിപുറത്തിന്റെ തിരക്കഥ. ഇന്ന് ഷൂട്ട് തുടങ്ങി. മറ്റ് വിശദാംശങ്ങള്‍ പിന്നാലെ അറിയിക്കാം. എല്ലാവരും ഞങ്ങളെ അറിഞ്ഞനുഗ്രഹിക്കണം.സസ്‌നേഹം ലാല്‍ജോസ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.