തമിഴ് ഹൊറര്‍ മൂവിയിലൂടെ തിളങ്ങി മലയാളി താരം ‘ജനക് മനയത്ത്’

സിനിമയില്‍ അരങ്ങേറ്റം കുറിച്ച മലയാളി താരം ജനക് മനയത്തിന് തമിഴ് സിനിമയില്‍ ഉജ്ജ്വല വരവേല്‍പ്. സംവിധായകന്‍ രാജ് ഗോകുല്‍ ദാസ് ഒരുക്കിയ ഹൊറര്‍ മൂവി ‘ബിയ’യിലെ മികച്ച പ്രകടനത്തിലൂടെയാണ് ജനക് മനയത്ത് ശ്രദ്ധേയനായത്. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമാണ് ജനക് ചെയ്തത്. പ്രണയം പ്രമേയമായ ഈ ഹൊറര്‍ മൂവി കഴിഞ്ഞ ദിവസമാണ് തമിഴ് നാട്ടില്‍ റിലീസായത്. ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സൈക്കോ കഥാപാത്രമായ ഡേവിഡിനെയാണ് ജനക് വെള്ളിത്തിരയിലെത്തിച്ചത്. തമിഴ് സിനിമയിലെ പരമ്പരാഗത വില്ലന്‍ കഥാപാത്ര പരമ്പരകളെ കീഴ്‌മേല്‍ മറിക്കുന്നതായിരുന്നു ജനക് മനയത്തിന്റെ ഡേവിഡ് എന്ന കഥാപാത്രം. അമേരിക്ക, ലണ്ടന്‍ തുടങ്ങിയ വിദേശ രാഷ്ട്രങ്ങളിലെ തിയേറ്റര്‍ ആര്‍ട്ടിസ്റ്റാണ് ജനക് മനയത്ത്. ഒരു പതിറ്റാണ്ടിലേറെയായി വിദേശ രാജ്യങ്ങളില്‍ തിയേറ്റര്‍ ആര്‍ട്ടിസ്റ്റായി ജോലിചെയ്തുവരികയാണ്. ഗായകനും, ഡാന്‍സറും , തിരക്കഥാകൃത്തും കൂടിയാണ് ജനക് മനയത്ത്.

പ്രേതങ്ങളെ തേടി നടക്കുകയും മനുഷ്യനെ അതിദാരുണമായി കൊലപ്പെടുത്തുകയും ചെയ്യുന്നതാണ് ഡേവിഡിന്റെ സ്വഭാവം. വളരെ തീവ്രവും പൈശാചികവുമായ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തിലുണ്ട്. തമിഴില്‍ വലിയ സ്വീകാര്യതയാണ് ഇപ്പോള്‍ ജനക് മനയത്തിന് ലഭിച്ചിരിക്കുന്നത്. പ്രതിനായകവേഷം മികച്ച രീതിയില്‍ കൈകാര്യം ചെയ്തതോടെ മലയാളത്തിലും തമിഴില്‍ നിന്നുമായി ഒട്ടേറെ വേഷങ്ങളാണ് ഇപ്പോള്‍ ജനകിനെ തേടിയെത്തുന്നത്. ആദ്യ ചിത്രം ‘ബിയ’യില്‍ മികച്ച വേഷം ലഭിച്ചതില്‍ ഏറെ സന്തോഷവാനാണ് ജനക് മനയത്ത്. വളരെ ആകസ്മികമായിട്ടാണ് താന്‍ ബിയയില്‍ അഭിനയിച്ചതെന്ന് ജനക് മനയത്ത് പറഞ്ഞു. തിയേറ്റര്‍ പരിചയമുള്ളതുകൊണ്ട് ലഭിച്ച വേഷം തനിക്ക് അനായാസേന ചെയ്യാന്‍ കഴിഞ്ഞുവെന്നും ജനക് സൂചിപ്പിച്ചു. മലയാളത്തിലും തമിഴിലുമായി പുതിയ ചിത്രങ്ങളുടെ പണിപ്പുരയിലാണ് ജനക്. ലോക് ഡൗണിനിടെ തമിഴ് നാട്ടില്‍ തിയേറ്റര്‍ തുറന്നതോടെ റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ സിനിമ കൂടിയാണ് ബിയ. ബാനര്‍ ആരോമല്‍ സിനി ക്രിയേഷന്‍സ്, സംവിധായകന്‍ രാജ് ഗോകുല്‍ദാസ്, നിര്‍മ്മാതാവ് രാജേഷ് സി ആര്‍, അഭിനേതാക്കള്‍ രാജ് ഗോകുല്‍ദാസ്, ജനക് മനയത്ത്, ജൂബില്‍ രാജന്‍ പി ദേവ്, സാവന്തിക, അനില്‍ മുരളി എന്നിവരാണ് ചിത്രത്തന്റെ അണിയറ പ്രവര്‍ത്തകര്‍.