
മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയ്ക്കുമെതിരെ നടനും സംവിധായകനുമായ ജോജു ജോർജ് ഉന്നയിച്ച ഗുരുതര ആരോപണങ്ങളിൽ പ്രതികരിച്ച് ബ്ലോഗറും നടൻ മിഥുൻ രമേശിൻ്റെ ഭാര്യയുമായ ലക്ഷ്‌മി മേനോൻ. ജോജു ലക്ഷ്യം വച്ച താരദമ്പതികൾ ആരെന്ന് സൂചന നൽകുന്നൊരു ഇൻസ്‌റ്റഗ്രാം സ്‌റ്റോറിയാണ് ലക്ഷ്‌മി പങ്കുവച്ചത്.
“ഇത് ആ പെൺകോന്തനായ ഭർത്താവിന്റെയും അവളുടെയും സ്ഥിരം കലാപരിപാടി അല്ലേ, നമ്മൾ അതിലും മുകളിലാണ് ചേട്ടാ.” ഇതായിരുന്നു ഇൻസ്റ്റാഗ്രാമിൽ വന്ന ഒരു സ്‌റ്റോറി.
‘വരവ്’ എന്ന ചിത്രത്തിൻ്റെ റിലീസിന് പിന്നാലെ തനിക്കെതിരെ നടക്കുന്ന ആസൂത്രിത നെഗറ്റിവ് ക്യാംപെയ്നുകൾക്കെതിരെ ഇൻസ്‌റ്റഗ്രാം ലൈവിലൂടെയായിരുന്നു ജോജുവിന്റെ പ്രതികരണം. മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും തനിക്കെതിരെ വ്യാജ പെയ്ഡ് പി ആർ വർക്ക് നടത്തുന്നുവെന്നായിരുന്നു ജോജുവിന്റെ ആരോപണം. പിന്നാലെ മലയാള സിനിമയിൽ ഒരു വിഭാഗം ആളുകൾ നടത്തുന്ന ഇത്തരം പെയ്‌ഡ് പി. ആർ. കളികൾ തിയറ്ററുകളിൽ എത്തുന്ന നല്ല സിനിമകളെപ്പോലും തകർക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് ആരാധകരും ചൂണ്ടിക്കാണിക്കുന്നു.
ജോജു ജോർജ് ലൈവിൽ പേരെടുത്തു പറയാതിരുന്ന ആ ‘പ്രമുഖ നടനും ഭാര്യയും’ ആരാണെന്ന തിരച്ചിലിലാണ് ഇപ്പോൾ സിനിമാ ലോകവും സോഷ്യൽ മീഡിയയും. മുൻപും സമാനമായ രീതിയിൽ മറ്റ് പല സിനിമകൾക്കെതിരെയും നെഗറ്റിവ് റിവ്യൂ ക്യാംപെയ്‌കൾക്ക് പിന്നിൽ ഈ ദമ്പതിമാരുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നാണ് സോഷ്യൽ മീഡിയ ചർച്ചകളിൽ ഉയരുന്ന പ്രധാന ആരോപണം. ആരോപണങ്ങൾ അതിരൂക്ഷമായി ഉയരുമ്പോഴും, ജോജു ലക്ഷ്യം വച്ച ദമ്പതികൾ ആരാണെന്ന കാര്യത്തിൽ ഔദ്യോഗികമായ സ്‌ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
ഷാജി കൈലാസ് സംവിധാനം ചെയ്‌ത് എ.കെ. സാജൻ തിരക്കഥയൊരുക്കിയ ‘വരവ്’ തിയറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുമ്പോഴാണ് ഈ വിവാദം പുകയുന്നത്. ഹൈറേഞ്ച് സ്വദേശിയായ ‘പോൾസൺ’ എന്ന കഥാപാത്രത്തെയാണ് ജോജു ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.