
ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭത്തിന് നേരെയുണ്ടായ പോലീസ് നടപടിയെ വിമർശിച്ചതിന് പിന്നാലെ നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിനെതിരെ സൈബർ ഇടങ്ങളിൽ വ്യാപക ആക്രമണം. ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.)യുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിന് നേരെ പോലീസ് സ്വീകരിച്ച നടപടികളിൽ പ്രതിഷേധം അറിയിച്ച് വിസ്മയ സോഷ്യൽ മീഡിയയിൽ കുറിച്ച പോസ്റ്റാണ് സൈബർ ആക്രമണങ്ങൾക്ക് വഴിവെച്ചത്. “തങ്ങളുടെ അവകാശങ്ങൾക്കായി പ്രതിഷേധിക്കുന്ന പൗരന്മാരോട് ഒരു രാജ്യം ഇങ്ങനെയാണോ പെരുമാറേണ്ടത്?” എന്നായിരുന്നു ഡൽഹിയിലെ പോലീസ് നടപടികളുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് വിസ്മയ ഇൻസ്റ്റഗ്രാമിൽ ചോദിച്ചത്.
വിസ്മയയുടെ പ്രതികരണത്തിന് പിന്നാലെ കേന്ദ്രസർക്കാരിനെയും ബി.ജെ.പിയെയും അനുകൂലിക്കുന്ന നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ താരപുത്രിക്കെതിരെ രൂക്ഷമായ വിമർശനങ്ങളുമായി രംഗത്തെത്തുകയായിരുന്നു. വിഷയത്തിന്റെ പശ്ചാത്തലം മനസ്സിലാക്കാതെയാണ് പ്രതികരണമെന്നും രാഷ്ട്രീയം പറയാൻ വരേണ്ടതില്ലെന്നുമുള്ള രീതിയിലാണ് സൈബർ ആക്രമണം നടക്കുന്നത്. അതേസമയം, അഭിപ്രായ സ്വാതന്ത്ര്യത്തിനായി നിലകൊണ്ട വിസ്മയയെ പിന്തുണച്ചും നിരവധി ആളുകൾ രംഗത്തെത്തുന്നുണ്ട്.
‘മോഹൻലാൽ മോളോട് പറയണം, രാജ്യദ്രോഹികൾക്കൊപ്പം ചേർന്നാൽ ‘നിന്നെ രക്ഷിക്കാൻ ആരാണ് ഉള്ളത്’ എന്നുള്ള മാസ് ഡയലോഗ്’, എന്നാണ് ഒരു പോസ്റ്റിലുള്ളത്. ‘മോഹൻലാൽ തൻ്റെ മകളെ രാജ്യദ്രോഹികൾക്ക് സപ്പോർട്ട് ചെയ്യാൻ വിടരുത്. രാജ്യത്തു നിലവിൽ ഒരു സൂപ്പർ സ്റ്റാറിന് കിട്ടേണ്ട എല്ലാ പദവിയും തന്ന് രാജ്യം താങ്കളെ ആദരവോടെ ബഹുമാനിക്കുമ്പോൾ താങ്കളുടെ മകൾ രാജ്യദ്രോഹി പാറ്റാ കൂട്ടത്തിനുവേണ്ടി നിലകൊള്ളുന്നത് രാജ്യദ്രോഹം തന്നെയാണ്. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി പിന്തിരിപ്പിക്കുമെന്ന് കരുതുന്നു’, മറ്റൊരു പോസ്റ്റിൽ പറയുന്നു. ‘മോഹൻലാൽ എന്ന മഹാനടൻ്റെ മകളാണെന്നതുകൊണ്ട് ഇത്തരം പോക്രിത്തരം അംഗീകരിക്കാൻ കഴിയില്ല’, എന്നാണ് മറ്റൊരു പോസ്റ്റിലെ ഉള്ളടക്കം.
മറ്റൊരു സാമൂഹികമാധ്യമ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ് പങ്കുവെച്ചായിരുന്നു വിസ്‌മയയുടെ പ്രതികരണം. ‘ചർച്ചകൾക്കുപകരം, ആവശ്യങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുന്നവരെ അടിച്ചമർത്തുകയാണെങ്കിൽ നമ്മളിലൊരോരുത്തരും ഇതെന്തുതരം ജനാധിപത്യത്തിലേക്കാണ് നമ്മൾ പോവുന്നതെന്ന് ചോദിക്കണം. നിങ്ങളോടുള്ള എൻ്റെ ചോദ്യം ലളിതമാണ്. സ്വന്തം പൗരന്മാരോട് ഇങ്ങനെയാണ് പെരുമാറേണ്ടതെന്ന് നിങ്ങൾ ശരിക്കും വിശ്വസിക്കുന്നുണ്ടോ?’, വിസ്‌മയ പങ്കുവെച്ച പോസ്റ്റിൽ ചോദിക്കുന്നു.
അതേ സമയം ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് വിസ്‌മയ മോഹൻലാൽ. ഓഗസ്റ്റ് ഏഴിന് ചിത്രം പ്രദർശനത്തിനെത്തും. ചിത്രത്തിൽ മോഹൻലാലും പ്രധാനവേഷത്തിലെത്തുന്നുണ്ട്.