ഇഷ്‌ക് ഒരു പ്രണയ കഥയേ അല്ല….

കണ്ടുപഴകിയ കെട്ടുകാഴ്ച്ചകളും ട്വിസ്റ്റുകളും വാണിജ്യ ചേരുവകളുമില്ലാത്ത പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഇഷ്‌ക് ഒരു പ്രണയകഥയല്ല. സദാചാര പോലീസിംഗാണ് വിഷയം. സദാചാര പോലീസിനെതിരെ പ്രതികരിക്കുന്നവരില്‍ പോലും ഉറങ്ങി കിടക്കുന്ന കപട സദാചാര ബോധത്തേയും വലിച്ചു പുറത്തിടാനുള്ള ശ്രമവും ഇഷ്‌കിലുണ്ട്. കമിതാക്കള്‍ക്കിടയിലേക്ക് കടന്നുവരുന്ന സദാചാര പോലീസുകാരുടെ വൃത്തിക്കെട്ട മാനസികാവസ്ഥയാണ് സിനിമയുടെ ആദ്യ പകുതി. ആദ്യ പകുതി എത്ര മാത്രം താളമയത്തോടെ പ്രേക്ഷകനെ അരോചകപ്പെടുത്താനാവുമെന്നതാണ് കാണിച്ചത്. ഷൈന്‍ ടോം ചാക്കോയും, ജാഫര്‍ ഇടുക്കിയും ആ ദൗത്യം ഏറ്റെടുത്തപ്പോള്‍ ഇതെങ്ങോട്ടാണ് സിനിമയെ കൊണ്ടുപോകുന്നതെന്ന് പോലും ചിന്തിച്ചു പോയി. പക്ഷേ സിനിമയുടെ രണ്ടാംപകുതിയ്ക്ക് വേണ്ടിയായിരുന്നു ആ ഇഴച്ചില്‍ എന്ന ബോധ്യത്തോടെ സിനിമ ത്രില്ലര്‍ വിഭാഗത്തിലേക്ക് കടക്കുകയാണ്.

ജീവിതത്തില്‍ അനാവശ്യ അവസരങ്ങളില്‍ സദാചാരപോലീസ് കളിയ്ക്കുന്ന ചില ഞരമ്പ് രോഗികളുണ്ട്. അവരുടെ സ്വകാര്യതയിലേയ്ക്കും, വ്യക്തി ജീവിതത്തിലേയ്ക്കും അതേ പോലെ പോലീസ് കളിയ്ക്കാന്‍ വന്നാല്‍ എന്താകും എന്നത് തന്നെയാണ് സിനിമയുടെ ഇതിവൃത്തം. നിസ്സഹായനായ കാമുകനായും പ്രതികാരം ചെയ്യുന്ന കാമുകനായുമെല്ലാം ഷെയ്ന്‍ നിഗം തനിയ്ക്ക് വെള്ളിത്തിരയില്‍ സ്ഥാനമുണ്ടെന്ന് അടിവരയിട്ടുറപ്പിയ്ക്കുന്ന ചിത്രമാണ് ഇഷ്‌ക്. ചിത്രത്തില്‍ നായികയായെത്തിയ് എസ്ര ഫെയിം ആന്‍ ശീതളും മികച്ച പ്രകടനം കാഴ്ച്ച വെച്ചു. മാലാ പാര്‍വ്വതി ജാഫര്‍ ഇടുക്കി എന്നിവരുടെ പ്രകടനത്തിനൊപ്പം തന്നെ ഷൈന്‍ ടോം ചാക്കോയുടെ കരിയറിലെ മികച്ച വേഷങ്ങളിലൊന്ന് എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. ഇഷ്‌കിന്റെ കഥ എഴുതിയിരിക്കുന്നത് രതീഷ് രവിയാണ്. പ്രമേയത്തിലെ തെരരഞ്ഞെടുപ്പിന് നവാഗത സംവിധായകന്‍ അനുരാജ് മനോഹറിന് കയ്യടിക്കാം. ജേക്ക്‌സ് ബിജോയ്യുടെ സംഗീതം വളരെ നന്നായിട്ടുണ്ട്. ഒരോ വ്യക്തിയും അതിര്‍ത്തിയാണെന്നും അതിക്രമിച്ച് കടക്കുമ്പോള്‍ അതില്‍ പലതും തകര്‍ന്ന് വീഴുമെന്നുമാണ് ചിത്രം ഓര്‍മ്മിപ്പിക്കുന്നത്.

ഹീറോയിസം കാണിക്കുമെങ്കിലും സ്വന്തം ഭാര്യയാകുന്നവള്‍ എങ്ങിനെയാകണമെന്നുള്ള കാഴ്ച്ചപ്പാട് പുലര്‍ത്തുന്നവരുടെ മുഖമടച്ചുള്ള അടി കൂടെയാണ് ഇഷ്‌ക്. ഉള്ളിലെ സദാചാരബോധത്തെ ചിരിയിലൊളിപ്പിച്ച കമ്പിളി പുതപ്പിട്ട് മൂടി സദാചാര പോലീസിംഗിനെതിരെ പ്രതികരിക്കുന്നവര്‍ കൂടി വരുന്ന കാലത്ത് ഇഷ്‌കിന് പ്രണയം പറയാനാവില്ല. സാധാരണ ഒരു സിനിമ ആസ്വദിയ്ക്കുന്ന പോലെ വെള്ളം കൂടാതെ വിഴുങ്ങി എഴുന്നേറ്റ് പോരാന്‍ ഇതൊരു പ്രണയകഥയല്ല. സിനിമ കാണുമ്പോള്‍ പലപ്പോഴും നിങ്ങളെ എന്തിനെന്നറിയാതെ വലിച്ചു മുറുക്കുന്നതായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതാണ് ഇഷ്‌ക്. തിരക്കഥയിലേയും സംവിധാനത്തിലേയും ബാലാരിഷ്ടതകളെയൊക്കെ മറികടക്കുന്നത് പ്രമേയത്തിലെ വ്യത്യസ്ഥത കൊണ്ടു മാത്രമാണ്. ശുഭപര്യവസാന കഥകള്‍ക്ക് മാത്രമല്ല ഇത്തരം ശ്രമങ്ങള്‍ക്കും ടിക്കറ്റെടുക്കുമ്പോഴാണ് വെള്ളിത്തിരയില്‍ പുതുമയും പരീക്ഷണങ്ങളുമുണ്ടാവുക.