
ഏറെ ആഗ്രഹിച്ചിട്ടും ചെയ്യാൻ കഴിയാതെ പോയ സിനിമയാണ് ലാൽ ജോസ് സംവിധാനം ചെയ്ത ‘ക്ലാസ്മേറ്റ്സ്’ എന്ന് നടൻ കുഞ്ചാക്കോ ബോബൻ. ചിത്രത്തിൽ നരേൻ അവതരിപ്പിച്ച കഥാപാത്രത്തിലേക്കാണ് തന്നെ ആദ്യം പരിഗണിച്ചിരുന്നതെന്നും താരം വെളിപ്പെടുത്തി. പുതിയ ചിത്രമായ ‘ഹെയ്ൽ മേരി’യുടെ പ്രൊമോഷന്റെ ഭാഗമായി അവതാരക രഞ്ജിനി ഹരിദാസിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബൻ ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
യൂറോപ്പിൽ നേരത്തെ നിശ്ചയിച്ചിരുന്ന രണ്ട് മൂന്ന് സ്റ്റേജ് ഷോകൾ ഉണ്ടായിരുന്നതും, ‘ക്ലാസ്മേറ്റ്സി’ന്റെ ചിത്രീകരണ തീയതികൾ പലതവണ മാറിയതുമാണ് ആ സിനിമ നഷ്ടപ്പെടാൻ കാരണമായത്.
എന്നാൽ, ‘ക്ലാസ്മേറ്റ്സ്’ ചെയ്യാൻ കഴിയാതിരുന്നത് പിന്നീട് ലാൽ ജോസിനൊപ്പം മറ്റ് മികച്ച സിനിമകളിൽ ഒന്നിക്കാൻ വഴിയൊരുക്കിയെന്നും താരം കൂട്ടിച്ചേർത്തു. ‘എൽസമ്മ എന്ന ആൺകുട്ടി’, ‘പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും’ തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിക്കാൻ സാധിച്ചത് അങ്ങനെയാണെന്ന് കുഞ്ചാക്കോ ബോബൻ ഓർത്തെടുത്തു. സ്വന്തം തീരുമാനങ്ങളിൽ സംശയം തോന്നി മറ്റുള്ളവരുടെ നിർബന്ധത്തിന് വഴങ്ങി ചില സിനിമകൾ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി.
കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
“ചെയ്യരുത്, അല്ലെങ്കിൽ എനിക്ക് കൺവിൻസ് ആകാതെ പോയ സിനിമകളുണ്ട്. അപ്പോൾ ഞാൻ വിചാരിച്ചു അവർ പറയുമ്പോൾ ഞാനെടുക്കുന്ന തീരുമാനം തെറ്റായിരിക്കും. അങ്ങനെ വിചാരിച്ച് ചെയ്ത സിനിമകളുമുണ്ട്. ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടും എനിക്ക് ചെയ്യാൻ പറ്റാതെ പോയ പടമാണ് ‘ക്ലാസ്മേറ്റ്സ്’. അന്നൊരു സ്റ്റേജ് ഷോ വന്നതു കൊണ്ടാണ് ആ സിനിമ മിസ് ആയത്. യൂറോപ്പിൽ രണ്ട് മൂന്ന് ഇവന്റുകളുണ്ടായിരുന്നു. പിന്നെ രണ്ട് മൂന്ന് പ്രാവശ്യം ‘ക്ലാസ്മേറ്റ്സി’ന്റെ ഡേറ്റും മാറി. അങ്ങനെ വന്നതു കൊണ്ട് ചെയ്യാൻ പറ്റാതെ പോയതാണ്. അതിൽ നരേൻ അവതരിപ്പിച്ച കഥാപാത്രമായിരുന്നു ഞാൻ ചെയ്യേണ്ടി ഇരുന്നത്. പക്ഷേ അത് ചെയ്യാത്തതു കൊണ്ട് എനിക്ക് ലാലുവിന്റെ (ലാൽ ജോസ്) കൂടെ ‘എൽസമ്മ എന്ന ആൺകുട്ടി’, ‘പുള്ളി പുലികളും ആട്ടിൻകുട്ടി’യും തുടങ്ങിയ സിനിമകളിലൊക്കെ പ്രവർത്തിക്കാൻ പറ്റി.”