
താനൊരു ‘ക്ലീഷേ’ കാമുകനായിരുന്നുവെന്നും പ്രണയകാലത്ത് പ്രിയയ്ക്ക് നിരന്തരം പ്രണയലേഖനങ്ങളും ചോക്ലേറ്റുകളും നൽകിയിരുന്നുവെന്നും നടൻ കുഞ്ചാക്കോ ബോബൻ. താൻ വാങ്ങിനൽകിയ ചോക്ലേറ്റുകൾ കഴിച്ചാണ് പ്രിയ അല്പം വണ്ണം വച്ചതെന്ന് അവൾ ഇപ്പോഴും തമാശയായി പറയാറുണ്ടെന്നും താരം വെളിപ്പെടുത്തി. രഞ്ജിനി ഹരിദാസിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബൻ തന്റെ പ്രണയജീവിതത്തെക്കുറിച്ച് മനസ്സ് തുറന്നത്.
പണ്ടത്തെ പ്രണയത്തിൽ നിന്നും മാറി ഇപ്പോഴത്തെ തങ്ങളുടെ റൊമാൻസിന് കുറച്ചുകൂടി പക്വത കൈവന്നിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. വാലന്റൈൻസ് ദിനത്തിൽ പൂക്കളോ കാർഡുകളോ നൽകണമെന്ന നിർബന്ധങ്ങളൊന്നും ഇപ്പോഴില്ല. എങ്കിലും പരസ്പരം ചെറിയ സന്തോഷങ്ങൾ പങ്കുവയ്ക്കാനും സർപ്രൈസുകൾ നൽകാനും ഇരുവരും ശ്രമിക്കാറുണ്ട്.
കോളേജ് പഠനകാലത്താണ് കുഞ്ചാക്കോ ബോബനും പ്രിയയും ആദ്യമായി കണ്ടുമുട്ടുന്നത്. ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ ചാക്കോച്ചനെ പരിചയപ്പെടാനെത്തിയവരുടെ കൂട്ടത്തിൽ പ്രിയയുമുണ്ടായിരുന്നു. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിമാറുകയായിരുന്നു. കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ ചിത്രം ‘ഹെയ്ൽ മേരി’ ഇപ്പോൾ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
“ഞാനൊരു ക്ലീഷേ ബോയ്ഫ്രണ്ട് ആയിരുന്നു. അതിൽ യാതൊരു സംശയവുമില്ല. ലവ് ലെറ്റർ, ചോക്ലേറ്റ് ഇതൊക്കെ കൊടുക്കുമായിരുന്നു. പ്രിയ കുറച്ചൊന്ന് വണ്ണം വയ്ക്കാൻ കാരണം, ഞാൻ കൊടുത്ത ചോക്ലേറ്റുകളാണെന്നാണ് പുള്ളിക്കാരി പറയുന്നത്. ഇപ്പോഴത്തെ റൊമാൻസ് കുറച്ചു കൂടി പക്വതയുള്ളതാണ്. വാലന്റൈൻസ് ഡേയ്ക്ക് ഒരു കാർഡ് കൊടുക്കണമെന്നോ പൂവ് കൊടുക്കണമെന്നോ നിർബന്ധമൊന്നുമില്ല. പക്ഷേ എന്തെങ്കിലും അങ്ങോട്ടുമിങ്ങോട്ടും ചെയ്യും. പണ്ടത്തെ പോലെ അല്ല, കുറച്ച് പക്വതയുണ്ടിപ്പോൾ റൊമാൻസിന്.”