മദ്യം തൊട്ടിട്ടില്ല, പുകവലിയോട് താല്‍പര്യവുമില്ല; ‘തീവണ്ടി’ ഉപേക്ഷിച്ചതിനെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍

','

' ); } ?>

പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങളില്‍ നിന്നും താന്‍ പൂര്‍ണ്ണമായും വിട്ടുനില്‍ക്കുന്നതിന്റെ കാരണങ്ങള്‍ വെളിപ്പെടുത്തി നടന്‍ കുഞ്ചാക്കോ ബോബന്‍. കടുത്ത പുകവലിക്കാരനായിരുന്ന തന്റെ പിതാവ് നേരിട്ട ആരോഗ്യപ്രശ്‌നങ്ങള്‍ നേരില്‍ കണ്ട് അനുഭവിച്ചതാണ് തന്നെ ഇതില്‍ നിന്നും പിന്തിരിപ്പിച്ചതെന്ന് താരം വ്യക്തമാക്കി. തുടര്‍ച്ചയായി പുകവലിക്കുന്ന രംഗങ്ങള്‍ അഭിനയിക്കേണ്ടി വരുമെന്നതിനാലാണ് ‘തീവണ്ടി’ എന്ന സിനിമ ഉപേക്ഷിച്ചതെന്നും മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

പുകവലിയുടെ ദോഷവശങ്ങള്‍ ചെറുപ്പം മുതല്‍ കണ്ടാണ് വളര്‍ന്നതെന്നും അതിനാല്‍ ഒരിക്കലും അതിനോട് താല്‍പര്യം തോന്നിയിട്ടില്ലെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. പരീക്ഷണാര്‍ത്ഥം പുകവലിച്ചു നോക്കിയിട്ടുണ്ടെങ്കിലും അതില്‍ പ്രത്യേകിച്ച് ആസ്വാദനമൊന്നും കണ്ടെത്താനായില്ല. സിനിമകളില്‍ അഭിനയിക്കുമ്പോള്‍ പോലും പുക ഉള്ളിലേക്ക് വലിച്ചാല്‍ അഞ്ച് മിനിറ്റോളം തലകറങ്ങി നില്‍ക്കേണ്ട അവസ്ഥയുണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ ഷോട്ടുകള്‍ കൃത്യമായില്ലെങ്കില്‍ അടുത്ത ടേക്ക് എടുക്കാന്‍ പത്ത് മിനിറ്റെങ്കിലും വിശ്രമിക്കേണ്ടി വരും. മദ്യത്തിന്റെ ഗന്ധം പോലും അസഹനീയമായതിനാല്‍ ഇതുവരെ മദ്യം തൊട്ടുനോക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടൊവിനോ തോമസ് നായകനായി എത്തിയ ‘തീവണ്ടി’ എന്ന ചിത്രത്തിന്റെ കഥ ആദ്യം തന്നോടാണ് പറഞ്ഞിരുന്നതെന്നും താരം വെളിപ്പെടുത്തി. ചിത്രത്തില്‍ ഉടനീളം യഥാര്‍ത്ഥമായി പുകവലിക്കേണ്ടി വരുമെന്നതിനാലാണ് ആ പ്രോജക്റ്റില്‍ നിന്നും പിന്മാറിയത്. താന്‍ ആ സിനിമ ചെയ്തിരുന്നെങ്കില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷമെങ്കിലും എടുക്കുമായിരുന്നുവെന്നും കുഞ്ചാക്കോ ബോബന്‍ തമാശരൂപേണ പറഞ്ഞു.

ലഹരി വസ്തുക്കള്‍ക്ക് പകരം സ്പോര്‍ട്സ്, സംഗീതം, ഡ്രൈവിംഗ്, യാത്രകള്‍, സിനിമ എന്നിവയിലൂടെയാണ് താന്‍ ജീവിതത്തില്‍ ആനന്ദം കണ്ടെത്തുന്നതെന്നും, ശരീരത്തിനും മനസ്സിനും ദോഷമില്ലാത്ത ഇത്തരം കാര്യങ്ങളാണ് തന്റെ യഥാര്‍ത്ഥ ‘ഹൈ’ എന്നും അദ്ദേഹം വ്യക്തമാക്കി.

കുഞ്ചാക്കോ ബോബന്റെ വാക്കുകൾ

ഞാന്‍ അതിന്റെ ഭവിഷത്തുകള്‍ നേരിട്ട് കണ്ട് അറിഞ്ഞിട്ടുള്ള ആളാണ്. എന്റെ അപ്പന്‍ ചെയ്ന്‍ സ്‌മോക്കര്‍ ആയിരുന്നു. അതിന്റെ ഏറ്റവും മോശമായ അവസ്ഥ നേരിട്ട് കണ്ട് അനുഭവിച്ചിട്ടുണ്ട്. അതുമൊരു ഘടകം ആണ്. പിന്നെ, ഞാന്‍ ട്രൈ ചെയ്തു നോക്കിയിട്ടുണ്ട്. പക്ഷെ അതിന്റെ രസം എന്താണെന്ന് എനിക്ക് മനസിലായിട്ടില്ല. സിനിമയ്ക്ക് വേണ്ടി ചെയ്യുമ്പോള്‍ പുക ലെങ്‌സിലേക്ക് വലിച്ചെടുത്താല്‍ ഞാനൊരു അഞ്ച് മിനുറ്റ് തല കറങ്ങി നില്‍ക്കും. എനിക്ക് പറ്റത്തില്ല. അഞ്ച് മിനുറ്റേ എന്ന് പറഞ്ഞ് ഞാന്‍ എവിടെയെങ്കിലും താങ്ങി നില്‍ക്കും. എനിക്ക് പറ്റില്ല, തല കറങ്ങും. വെറുതെ ഊതി കളിക്കുകയേയുള്ളൂ. വളരെ ഇന്റന്‍സായി അകത്തേക്ക് എടുത്ത് പുറത്തേക്ക് വിടണമെങ്കില്‍ ആ ഷോട്ട് കറക്ടായിരിക്കണം. ഇല്ലെങ്കില്‍ പത്ത് മിനുറ്റ് കഴിഞ്ഞേ ആ ഷോട്ട് എടുക്കാന്‍ പറ്റുള്ളൂ.

ശരിക്കും തീവണ്ടി എന്ന സിനിമയുടെ കഥ എന്നോട് പറഞ്ഞിരുന്നതാണ്. പക്ഷെ അതില്‍ തുടര്‍ച്ചയായി സിഗരറ്റ് വലിക്കണം. ഫേക്ക് ചെയ്യാന്‍ പാടാണ്. ശരിക്കും ഉള്ളിലേക്ക് എടുത്ത് ചെയ്യണമായിരുന്നു. സഹോദരാ എനിക്ക് പറ്റില്ല, നടക്കില്ലെന്ന് ഞാന്‍ പറഞ്ഞു. ഈ പരിപാടി തുടങ്ങിക്കഴിഞ്ഞാല്‍ സിനിമ തീരാന്‍ ചിലപ്പോള്‍ ഒരു വര്‍ഷം എടുക്കുമെന്ന് ഞാന്‍ പറഞ്ഞു. പിന്നെ മദ്യത്തിന്റെ മണം തന്നെ എനിക്ക് പ്രശ്‌നമാണ്. അതുകൊണ്ട് തൊട്ടിട്ടേയില്ല.

എനിക്ക് ഹൈ സ്‌പോര്‍ട്‌സും മ്യൂസിക്കും ഡ്രൈവിങും പ്രകൃതിയിലേക്ക് ഇറങ്ങുന്നതും സിനിമകളുമാണ്. വേറെ രീതിയില്‍ ഞാന്‍ ഹൈ കണ്ടെത്തുന്നുണ്ട്. ആളുകള്‍ക്കും നമുക്കും ആരോഗ്യത്തിനും മനസിനും ദോഷമില്ലാത്ത രീതിയിലുള്ള ഹൈ എനിക്ക് കിട്ടുന്നുണ്ട്.”