“മലയാള സിനിമയ്ക്ക് എന്നെ വേണ്ടായിരിക്കും; രണ്ട് വർഷമായി ഇവിടെ അവസരങ്ങളൊന്നും ലഭിക്കുന്നില്ല”: സ്വാസിക

','

' ); } ?>

അന്യഭാഷാ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുമ്പോഴും മലയാള സിനിമയിൽ നിന്ന് തനിക്ക് അവസരങ്ങൾ ലഭിക്കുന്നില്ലെന്ന് നടി സ്വാസിക. കഴിഞ്ഞ രണ്ട് വർഷമായി മലയാളത്തിൽ ഒരു സിനിമ പോലും ലഭിച്ചിട്ടില്ലെന്നും, ഇവിടുത്തെ സംവിധായകർക്ക് തന്നെ വേണ്ടായിരിക്കുമെന്നും താരം തുറന്നുപറഞ്ഞു. ദുൽഖർ സൽമാൻ നായകനായ തെലുങ്ക് ചിത്രം ‘ആകാശംലോ ഒക താര’യുടെ തിയേറ്റർ സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വാസിക.

മലയാളത്തിൽ നിന്ന് മനഃപൂർവം വിട്ടുനിൽക്കുന്നതല്ലെന്നും അവസരങ്ങൾ ലഭിക്കാത്തതുകൊണ്ടാണ് സിനിമകൾ ചെയ്യാത്തതെന്നും സ്വാസിക വ്യക്തമാക്കി. “എന്റെ അടുത്ത ചിത്രവും തമിഴിലാണ്. മലയാള സിനിമയ്ക്ക് എന്നെ വേണ്ടായിരിക്കും, ഇവിടുത്തെ സംവിധായകർക്കും എന്നെ വേണ്ട. എനിക്ക് അവസരം കിട്ടുന്നില്ല, കിട്ടുമ്പോൾ തീർച്ചയായും വന്ന് അഭിനയിക്കും,” സ്വാസിക പറഞ്ഞു.

അതേസമയം, ബോക്സ് ഓഫീസിൽ വലിയ വിജയം നേടുന്ന ‘ആകാശംലോ ഒക താര’യ്ക്ക് കേരളത്തിൽ നിന്ന് ലഭിക്കുന്ന മികച്ച സ്വീകരണത്തിൽ താരം സന്തോഷം പങ്കുവെച്ചു. ചിത്രത്തിൽ ദുൽഖർ സൽമാന്റെ സഹോദരിയായാണ് സ്വാസിക അഭിനയിച്ചിരിക്കുന്നത്. തിരക്കഥ വായിച്ചപ്പോൾ തന്നെ ഈ പ്രമേയം മലയാളികൾക്കിടയിൽ സ്വീകരിക്കപ്പെടുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്ന് അവർ പറഞ്ഞു.

ഒരു തെലുങ്ക് ചിത്രത്തിന്റെ ഭാഗമായി കേരളത്തിൽ തിയേറ്റർ സന്ദർശനം നടത്താൻ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും, അടുത്തിടെ മലയാള സിനിമകളൊന്നും ചെയ്യാത്തതിനാൽ തിയേറ്റർ വിസിറ്റുകളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ലെന്നും സ്വാസിക കൂട്ടിച്ചേർത്തു. ഈ ചിത്രത്തിലേക്ക് അവസരം നൽകിയ ദുൽഖർ സൽമാനോടുള്ള നന്ദിയും താരം അറിയിച്ചു.

സ്വാസികയുടെ വാക്കുകൾ

”ഈ നിമിഷം വളരെ സന്തുഷ്ടയാണ്. ഈ സിനിമ കമ്മിറ്റ് ചെയ്യുമ്പോള്‍ തന്നെ മലയാളത്തില്‍ നല്ല പോലെ വര്‍ക്കാകും എന്ന് പ്രതീക്ഷയുണ്ടായിരുന്നു. കാരണം ഈ സബ്ജക്ട് അങ്ങനെയാണല്ലോ. റിലീസായി ആദ്യ ദിവസം മുതല്‍ മലയാളികളുടെ റിവ്യൂസ് കണ്ടപ്പോള്‍ അടിപൊളിയെന്ന് തോന്നി. പ്രേക്ഷകര്‍ ഏറ്റെടുത്തുവെന്ന് അറിഞ്ഞപ്പോള്‍ സന്തോഷമായി. പക്ഷെ, തെലുങ്ക് സിനിമയായതിനാല്‍, ഈ സിനിമയ്ക്ക് തിയേറ്റര്‍ വിസിറ്റ് ചെയ്യാനാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. കാരണം, ഞാന്‍ അടുത്തൊന്നും സിനിമ ചെയ്യാത്തതിനാല്‍ തിയേറ്റര്‍ വിസിറ്റിനൊന്നും വന്നിട്ടില്ല. ഇതെനിക്ക് ഒരുപാട് സന്തോഷം നല്‍കി. ഈ അവസരം നല്‍കിയ ഡിക്യുവിന് നന്ദി.

എന്റെ അടുത്ത പടം മലയാളത്തിലല്ല, തമിഴിലാണ്. ഇവിടുത്തെ സംവിധായകര്‍ക്ക് എന്നെ വേണ്ട. ഞാന്‍ എന്ത് ചെയ്യും. മലയാള സിനിമയ്ക്ക് എന്നെ വേണ്ടായിരിക്കും. എനിക്ക് അവസരം കിട്ടുന്നില്ല. കിട്ടുമ്പോള്‍ ഞാന്‍ വന്ന് ചെയ്യും. അല്ലാതെ ഞാന്‍ ചെയ്യാത്തതല്ല. രണ്ട് വര്‍ഷമായി മലയാളത്തില്‍ ഒരു അവസരവും വന്നില്ല.”