
നടി അൻസിബ ഹസ്സന്റെ തുറന്നു പറച്ചിലുകൾക്ക് പിന്നാലെ അൻസിബക്ക് പിന്തുണ പ്രഖ്യാപിച്ച് നടൻ കൃഷ്ണ. ഏറെ ആദരവോടെയും പവിത്രതയോടെയും നോക്കിക്കണ്ടിരുന്ന ഒരു സംഘടനയിൽ നിന്ന് ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകൾ ഉണ്ടാകുന്നത് സങ്കടകരമാണെന്നും, ഈ വിഷയത്തിൽ അൻസിബ സ്വീകരിച്ച നിലപാടിനെ താൻ പൂർണമായും അനുകൂലിക്കുന്നുവെന്നും കൃഷ്ണ പറഞ്ഞു. കൂടാതെ സംഘടനയ്ക്കുള്ളിൽ പൂർണ്ണമായ സുതാര്യത അനിവാര്യമാണെന്നും ഇവിടെ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്’ എന്ന ചോദ്യം ഓരോ അംഗത്തിൻ്റെ മനസ്സിലും ഇപ്പോൾ ഉയരുന്നുണ്ടെന്നും കൃഷ്ണ കൂട്ടിച്ചേർത്തു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ നിലവിൽ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധികൾ നമ്മെ ഏറെ അസ്വസ്ഥരാക്കുന്ന ഒന്നാണ്. നാമേവരും ഏറെ ആദരവോടെ നോക്കിക്കണ്ടിരുന്ന ഒരു പ്രസ്ഥാനത്തെക്കുറിച്ച് ഇത്തരമൊരു തുറന്നുപറച്ചിൽ ഉണ്ടാകുമ്പോൾ, അവിടെ യഥാർഥത്തിൽ എന്താണ് നടക്കുന്നത് എന്നോർത്ത് വിഷമം തോന്നുന്നുണ്ട്.
ഈ വിഷയത്തിൽ അൻസിബ സ്വീകരിച്ച നിലപാടിനെ ഞാൻ പൂർണമായും അനുകൂലിക്കുന്നു; എനിക്ക് ഇതിൽ ഒന്നിനെയും ഭയപ്പെടാനില്ല. സത്യങ്ങൾ എന്തായാലും അത് ജനങ്ങൾക്ക് മുന്നിൽ വെളിപ്പെടണം, സംഘടനയ്ക്കുള്ളിൽ പൂർണമായ സുതാര്യത ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. അൻസിബ ഇതൊരു ഔപചാരികമായ പരാതിയായിട്ടല്ല ഉന്നയിച്ചിട്ടുള്ളത്, മറിച്ച് തൻ്റെ ആശങ്കകൾ തുറന്നുപ്രകടിപ്പിക്കുകയാണ് ചെയ്തത്.
ഭാരവാഹികൾ സാധാരണ അംഗങ്ങളിൽ നിന്ന് പല കാര്യങ്ങളും മറച്ചുവയ്ക്കുന്നുണ്ടെന്ന സൂചനയാണ് അവരുടെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ഈ കൂട്ടായ്മ്മയുടെ ഭാഗമെന്ന നിലയിൽ, നമ്മൾ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലേക്ക് ആളുകളെ തിരഞ്ഞെടുക്കുന്നത് സംഘടനയുടെ മെച്ചപ്പെട്ട പ്രവർത്തനത്തിന് വേണ്ടിയാണ്. എന്നാൽ നിലവിലെ സാഹചര്യങ്ങൾ കാണുമ്പോൾ ആ ലക്ഷ്യം ഇല്ലാതാകുന്നതായി തോന്നുന്നു. ഇതേ രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെങ്കിൽ, നമ്മളെപ്പോലുള്ള നിരവധി അംഗങ്ങൾക്ക് ഈ സംഘടനയിലുള്ള വിശ്വാസ്യത പൂർണമായും നഷ്ട്ടപ്പെടും.” കൃഷ്ണ പറഞ്ഞു.
“അംഗങ്ങൾ എന്ന നിലയിൽ നമ്മൾ ഒരാളെ തിരഞ്ഞെടുക്കുമ്പോൾ ഒരു പുരോഗതി വേണമെന്നാണ് ഉദ്ദേശിക്കുന്നത്. കാരണം ഇങ്ങനത്തെ ഒരു പോക്ക് പോയിക്കഴിഞ്ഞാൽ, അംഗങ്ങൾ എന്ന നിലയിൽ പോലും ഒരുപാട് പേർക്ക് ഞങ്ങൾക്ക് ആത്മവിശ്വാസം കുറഞ്ഞുതുടങ്ങി. കാരണം പ്രസിഡന്റും സെക്രട്ടറിയും തമ്മിൽ ഒരു ഏകോപനവുമില്ല. പ്രസിഡൻ്റ് അറിയാതെ സെക്രട്ടറി കാര്യങ്ങൾ ചെയ്യുന്നു, അല്ലെങ്കിൽ സെക്രട്ടറി അറിയാതെ പ്രസിഡന്റ് കാര്യങ്ങൾ ചെയ്യുന്നു.
ഒരു പൊതുയോഗം കഴിഞ്ഞിട്ട് പോലും അടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ എന്താണ് നടക്കുന്നത് എന്ന് അംഗങ്ങൾ അറിയുന്നില്ല. ഞങ്ങൾ അറിയുന്നത് ഓൺലൈൻ ചാനലുകൾ വഴിയാണ്. ഒരു മുതിർന്ന സംഘം ഇരുന്ന് ഇത് വിശകലനം ചെയ്യണം. ഈ കമ്മിറ്റിക്ക് ഇത് കൊണ്ടുപോകാൻ പറ്റുന്നില്ലെങ്കിൽ വേറെ ആൾക്കാരെ ഏൽപ്പിക്കണം. ബാബുച്ചേട്ടൻ (ഇടവേള ബാബു) നയിച്ച സമയത്ത് അതിനൊരു അച്ചടക്കവും അന്തസ്സും ഉണ്ടായിരുന്നു. അദ്ദേഹത്തെപ്പോലെ വ്യവസ്ഥാപിതമായി കാര്യങ്ങൾ കൊണ്ടുപോകാൻ പറ്റുന്നവർ വരണം.”-കൃഷ്ണ കൂട്ടിച്ചേർത്തു.