അറുപതിന്റെ നിറവിലെത്തിയ കൃഷ്ണചന്ദ്രന് ആശംസകളോടെ..

സിനിമാനടന്‍, ഗായകന്‍, ഡബ്ബിംഗ് കലാകാരന്‍, ടെലിവിഷന്‍ അവതാരകന്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന റോളുകള്‍ നിര്‍വഹിച്ച കൃഷ്ണചന്ദ്രന് അറുപത് വയസ്സ്. അദ്ദേഹത്തിന്റെ ബാല്യകാലവും രതിനിര്‍വേദം എന്ന ചിത്രത്തിലേക്ക് പി പദ്മരാജന്‍ തെരഞ്ഞെടുത്തതുമെല്ലാം അനുസ്മരിക്കുകയാണ് സംഗീതനിരൂപകന്‍ രവിമേനോന്‍. ഫേസ്ബുക്ക് കുറിപ്പ് താഴെ വായിക്കാം…

അറുപതിന്റെ നിറവിലെത്തിയ
കൃഷ്ണചന്ദ്രന് ആശംസകളോടെ..
———————
സിനിമാനടന്‍, ഗായകന്‍, ഡബ്ബിംഗ് കലാകാരന്‍, ടെലിവിഷന്‍ അവതാരകന്‍ എന്നിങ്ങനെ വൈവിധ്യമാർന്ന റോളുകൾ…. പക്ഷെ കൃഷ്ണചന്ദ്രന്റെ തുടക്കം തബലിസ്റ്റ് ആയിട്ടായിരുന്നു എന്ന് എത്ര പേർക്കറിയാം ? “ കോഴിക്കോട്ടെ രാമനാട്ടുകരയിൽ നിന്ന് നിലമ്പൂരിൽ വന്നു പഠിപ്പിച്ചിരുന്ന കർമ്മചന്ദ്രൻ ആയിരുന്നു ഗുരു . പൊതുവേദിയിൽ ആദ്യം തബല വായിച്ചതും കർമ്മചന്ദ്രൻ സാറിനൊപ്പം തന്നെ. നിലമ്പൂർ ജ്യോതി നൃത്തകലാലയം സംഘടിപ്പിച്ച ഒരു ഗാനമേളയിൽ കോഴിക്കോട്ടെ പ്രശസ്ത ഗായകൻ കെ ആർ വേണുവിന്റെ `ഉത്തരായനക്കിളി പാടി’ എന്ന പാട്ടിന് അകമ്പടി സേവിച്ചു കൊണ്ടാണ് തുടക്കം — വയലിനിസ്റ്റ് സുകുമാരൻ, സി എം വാടിയിൽ, എക്കോഡിയൻ വായിച്ച പപ്പൻ , ഗിത്താറിസ്റ്റ് ആര്‍ച്ചീ ഹട്ടൻ, ഗായിക ലീനാ പപ്പൻ… ഇവരുടെയൊക്കെ മുഖങ്ങൾ ഓര്‍മയിലുണ്ട്.”

കുട്ടിക്കാലത്ത് തുടങ്ങിയതാണ്‌ പാട്ടിനോടുള്ള കമ്പം. അച്ഛനും അമ്മയും ഗായകരല്ലെങ്കിലും, തികഞ്ഞ ആസ്വാദകര്‍. “നമ്പൂതിരിപ്പാടമ്മാമ എന്ന് ഞങ്ങൾ വിളിക്കുന്ന മുത്തച്ഛൻ പറഞ്ഞു കേട്ട ഒരു കഥയുണ്ട്: മൂന്നോ നാലോ വയസ്സുള്ളപ്പോള്‍ വീട്ടിൽ സഹായത്തിനു നിന്നിരുന്ന പ്രായം ചെന്ന സ്ത്രീയുടെ ഒക്കത്ത് കയറിയിരുന്നു അവരുടെ പല്ലില്ലാത്ത കീഴ്ത്താടി പിടിച്ചുയർത്തി ഞാൻ പാടുമായിരുന്നത്രേ– `മധുരപ്പതിനേഴുകാരീ എന്റെ മധുരപ്പതിനേഴുകാരീ..’.അന്നേ എന്റെ സംഗീതപ്രേമം തിരിച്ചറിഞ്ഞിരുന്നു എന്നാണു മുത്തച്ഛൻ അവകാശപ്പെടുക.” ചെറിയ ക്ലാസുകളിൽ പഠിക്കുമ്പോഴേ സ്ഥിരമായി സ്റ്റേജിൽ പാടും; ഏറെയും ജയചന്ദ്രന്റെ പാട്ടുകൾ — സന്ധ്യക്കെന്തിനു സിന്ദൂരം, ഹർഷബാഷ്പം, കരിമുകിൽ കാട്ടിലെ….. ഇന്നും അതേപടി നിലനിൽക്കുന്നു ആ പാട്ടുകളോടുള്ള സ്നേഹം. ശാസ്ത്രീയ സംഗീതത്തിൽ നിലമ്പൂർ കാർത്തികേയൻ ആയിരുന്നു ആദ്യഗുരു. ദേവരാജൻ മാസ്റ്റർക്ക് വേണ്ടി ശ്രദ്ധേയമായ ചില സിനിമാ ഗാനങ്ങൾ (കാഞ്ഞിരോട്ടു കായലിലെ, തളിരോട് തളിരിടും) ആലപിച്ചിട്ടുള്ള അതേ കാര്‍ത്തികേയൻ തന്നെ. ചെമ്പൈ ശിഷ്യന്‍ ഗോവിന്ദപിഷാരടിയുടെ കീഴിലായിരുന്നു തുടർന്നുള്ള അഭ്യസനം. 1970 കളുടെ തുടക്കത്തില്‍ ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിൽ സാക്ഷാല്‍ ചെമ്പൈ സ്വാമിയുടെ മുന്നിൽ പാടാൻ കഴിഞ്ഞത് കൗമാരകാലത്ത് വീണു കിട്ടിയ ഭാഗ്യങ്ങളിൽ ഒന്ന്.

സംസ്ഥാന യുവജനോത്സവത്തിൽ ഒരൊറ്റ തവണയേ മുഖം കാണിച്ചിട്ടുള്ളൂ കൃഷ്ണചന്ദ്രൻ‍. ആ വർഷം ശാസ്ത്രീയ സംഗീതത്തിൽ ഒന്നാമതെത്തുകയും ചെയ്തു . തലേ വര്‍ഷത്തെ ജേതാവായ തിരുവനന്തപുരത്തുകാരനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടായിരുന്നു വിജയം. ദൊരൈസ്വാമി ശ്രീനിവാസ് എന്ന ആ മൂന്നാമൻ പ്രശസ്ത ഗായകനും സംഗീത സംവിധായകനും ഒക്കെയായി മാറിയത് പിൽക്കാല ചരിത്രം. സ്കൂൾ യുവജനോത്സവത്തിൽ നിന്ന് മുടന്തൻ ന്യായങ്ങൾ നിരത്തി പലപ്പോഴും അകറ്റിനിർത്തപ്പെട്ടുവെങ്കിലും
സ്വകാര്യസംഘടനകളും സ്ഥാപനങ്ങളും നടത്തി വന്ന മത്സരങ്ങളിൽ സജീവസാന്നിധ്യമായിരുന്നു കൃഷ്ണചന്ദ്രൻ‍. അത്തരം വേദികളിൽ വെച്ചാണ് കെ എസ് ബീന, ചിത്ര, സുജാത, ജെൻസി, അരുന്ധതി, കാവാലം ശ്രീകുമാർ എന്നിവരെയൊക്കെ കണ്ടുമുട്ടുന്നത്.

ഫൈൻ ആർട്ട്സ് അക്കാദമി കൊച്ചിയിൽ നടത്തിയ ലളിതഗാനമത്സരത്തിൽ `മല്ലികേ മല്ലികേ’ എന്ന സുശീലാമ്മയുടെ പാട്ട് അതീവ ഹൃദ്യമായി പാടിയ ഫ്രോക്കുകാരിക്കുട്ടിയോടു വലിയ ആരാധന തോന്നിയിരുന്നു. ആ കുട്ടി വളർന്നു മലയാളികളുടെ പ്രിയപ്പെട്ട സുജാതയായി മാറിയിട്ടും ആരാധനയ്ക്ക് കുറവൊന്നുമില്ലെന്നു പറയും കൃഷ്ണചന്ദ്രൻ‍. ഡൽഹിയില്‍ 1974 ല്‍ നടന്ന ശിശുക്ഷേമ സമിതിയുടെ അഖിലേന്ത്യാ ക്യാമ്പില്‍ കേരളത്തെ പ്രതിനിധാനം ചെയ്തതാണ് മറക്കാനാവാത്ത മറ്റൊരനുഭവം. ക്യാമ്പ് കഴിഞ്ഞു തിരിച്ചുവരും വഴി കൃഷ്ണചന്ദ്രൻ ഉള്‍പ്പെടെയുള്ള നാല് കുട്ടികളും തിരുവനന്തപുരത്തിറങ്ങി. ഒരു ആകാശവാണി അഭിമുഖത്തിൽ പങ്കെടുക്കാൻ വേണ്ടി ആയിരുന്നു അത്. അഭിമുഖം നടത്തിയ യുവ അനൗൺസറുടെ പേര് പി പദ്മരാജൻ.

കൂടിക്കാഴ്ച കഴിഞ്ഞു മടങ്ങും മുന്‍പ് കൃഷ്ണചന്ദ്രന്റെ മേല്‍വിലാസം വാങ്ങി വെച്ചിരുന്നു പദ്മരാജൻ. അഞ്ചു വർഷം കൂടി കഴിഞ്ഞാണ് പദ്മരാജൻ കഥയെഴുതി ഭരതൻ സംവിധാനം ചെയ്യുന്ന രതിനിർവേദത്തിന്റെ സ്ക്രീൻ ടെസ്റ്റിനായി അടയന്തിരമായി ചെന്നൈയിൽ എത്താൻ ആവശ്യപ്പെട്ടുകൊണ്ട് സുപ്രിയാ ഫിലിംസിന്റെ ഓഫീസിൽ നിന്ന് ഫോൺ സന്ദേശം എത്തുന്നത്. പാലക്കാട് സ്റ്റേഷനിൽ നിന്ന് സുഹൃത്ത്‌ രഘുവിനോടൊപ്പം ചെന്നൈ മെയിലിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ കയറി കൃഷ്ണചന്ദ്രൻ‍ സെൻട്രൽ സ്റ്റേഷനിൽ ചെന്നിറങ്ങുന്നു. ഒരു പുതിയ ജീവിതത്തിന്റെ തുടക്കം .സ്റ്റേഷനിൽ നിലമ്പൂർ കാര്‍ത്തികേയൻ മാഷ്‌ കാത്തു നിന്നിരുന്നു.

പിറ്റേന്ന് മുരുകാലയ സ്റ്റുഡിയോയിൽ വെച്ചാണ് ക്യാമറ ടെസ്റ്റ്‌. കന്യക എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണവിടെ. കൃഷ്ണചന്ദ്രന് പുറമേ മറ്റൊരു പയ്യന്‍ കൂടി എത്തിയിട്ടുണ്ട് ടെസ്റ്റിന് . ക്യാമറാമാന്‍ ആനന്ദക്കുട്ടന്റെ നിര്‍ദേശ പ്രകാരം കൃഷ്ണചന്ദ്രൻ‍ ഒരു രംഗം അഭിനയിച്ചു കാണിച്ചു. മുറ്റത്ത് കുറെ കുട്ടികള്‍ കളിക്കുന്നത് നോക്കിനിൽക്കുകയാണ് നമ്മൾ എന്ന് സങ്കല്പിക്കുക. അക്കൂട്ടത്തിൽ ഒരു കുട്ടി ഇടയ്ക്ക് എന്തോ തമാശ ഒപ്പിക്കുന്നു. അത് കാണുമ്പോൾ പെട്ടെന്ന് നമ്മുടെ മുഖത്തുണ്ടാകുന്ന ഭാവപ്പകര്‍ച്ച– അതാണ്‌ അവതരിപ്പിക്കേണ്ടത്. “ഞാന്‍ ഒരു പ്രത്യേക ചിരി ചിരിച്ചു . ഉടനടി സെലക്ഷൻ കിട്ടുകയും ചെയ്തു.

കുറച്ചു ദിവസം കൂടി കഴിഞ്ഞാണ് ആ തിരഞ്ഞെടുപ്പിന് പിന്നിലെ രഹസ്യം സംവിധായകന്‍ ഭരതേട്ടൻ പങ്കുവെച്ചത്. “സത്യം പറയാലോ; അസഹനീയമായിരുന്നു നിന്റെ ചിരി ”– അദ്ദേഹം പറഞ്ഞു. “കൂടെ ഉണ്ടായിരുന്നവന്റെ ചിരി അതിലും ബോറായിരുന്നത് കൊണ്ട് നീ രക്ഷപ്പെട്ടു .” അന്ന് സെലക്ഷന്‍ കിട്ടാതെ പോയ പയ്യന്‍ കാലാന്തരത്തില്‍ നല്ലൊരു ടെയ്‌ലര്‍ ആയി മാറുകയും വിദേശത്ത് ജോലി സമ്പാദിക്കുകയും ചെയ്തതായി പിന്നീടറിഞ്ഞു.

Hide quoted text
രതിനിർവേദം സൂപ്പര്‍ ഹിറ്റായെങ്കിലും കൃഷ്ണചന്ദ്രനിലെ നടനെ തേടി വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങളൊന്നും പിന്നെ വന്നില്ല എന്നതാണ് സത്യം. ലഭിച്ചത് ഏറെയും തട്ടുപൊളിപ്പൻ മസാലപ്പടങ്ങളാണ്: കൗമാരപ്രായം, രാത്രികള്‍ നിനക്ക് വേണ്ടി, ലജ്ജാവതി, ലൗലി എന്നിങ്ങനെ പേര് കേള്‍ക്കുമ്പോള്‍ എന്തോ വശപ്പിശക് തോന്നുന്ന പടങ്ങൾ. “രാത്രികൾ നിനക്കുവേണ്ടിയില്‍ ഞാനും ജയനും ആയിരുന്നു നായകർ. എന്റെ ജോഡി പഴയ ബേബി സുമതി; ജയന്റേത് പ്രമീള. ക്ലൈമാക്സില്‍ ഞാനും ജയനും കൂടി പ്രതാപചന്ദ്രന്റെ നേതൃത്വത്തിലുള്ള ഗുണ്ടാപ്പടയെ ഇടിച്ചു പത്തിരിയാക്കുന്ന സീനുണ്ട്. ഇന്നോർക്കുമ്പോൾ ചിരി വരും.”

–രവിമേനോൻ (പാട്ടെഴുത്ത്)