സച്ചിയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ല

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ അരോഗ്യനില മാറ്റമില്ലാതെ അതീവ ഗുരുതരമായി തുടരുന്നു. ത്രിശൂര്‍ ജൂബിലി ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ റിപ്പോര്‍ട്ടിലാണ് ആരോഗ്യനിലയില്‍ പുരോഗതി കാണിക്കുന്നില്ലെന്ന് സൂചിപ്പിക്കുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ. മസ്തിഷ്‌കത്തിന് മതിയായ ഓക്‌സിജന്‍ ലഭ്യമാകാത്ത അവസ്ഥയാണുള്ളത്.

അതേ സമയം സച്ചിക്കുണ്ടായ ഹൃദയാഘാതം അനസ്‌തേഷ്യ നല്‍കിയതിലെ പിഴവല്ലെന്ന് കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ചാക്കോ അറിയിച്ചതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ സൊസൈറ്റി ഓഫ് അനസ്‌തെറ്റിസ്റ്റ് നടത്തിയ അന്വേഷണത്തില്‍, ശസ്ത്രക്രിയയ്ക്ക് ശേഷം സച്ചി മറ്റുള്ളവരോട് സംസാരിക്കുകയും കാപ്പി കുടിക്കുയും ചെയ്തു. ഇത് കഴിഞ്ഞാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായതെന്നും, ഇത് അനസ്‌തേഷ്യയുടെ പിഴവല്ലെന്നും ഡോ. ജോസഫ് ചാക്കോ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
നടുവിന് ഒരു ശസ്ത്രക്രിയ വേണ്ടി വന്നപ്പോഴാണ് അദ്ദേഹത്തെ വടക്കാഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടുപ്പെല്ല് മാറ്റിവെയ്ക്കല്‍ ശസ്ത്രകിയയ്ക്ക് ശേഷം ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. തീവ്രവപരിശോധനാവിഭാഗത്തില്‍ വെന്റിലേറ്ററിലുള്ള സച്ചിക്ക് പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് ചികിത്സ. ആശുപത്രി പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ സച്ചിയുടെ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തിനും തകരാറുണ്ടെന്ന് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട്
രണ്ടാമത് മെഡിക്കല്‍ ബുള്ളറ്റിനാണ് പുറപ്പെടുവിച്ചത്‌. പൃഥ്വിരാജ്,ബിജുമേനോന്‍, രഞ്ജിത് തുടങ്ങീ സിനിമാരംഗത്തെ നിരവധിപേര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.