കെപിഎസി ലളിതയുടെ ഓര്‍മ്മകളില്‍ സിനിമാ ലോകം

മലയാളത്തിന്റെ പ്രിയപ്പെട്ട നടി കെപിഎസി ലളിത വിടവാങ്ങിയിരിക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കെപിഎസി ലളിതയുടെ മരണം സംഭവിച്ചത്. മരണവാര്‍ത്ത അറിഞ്ഞതുമുതല്‍ കെപിഎസി ലളിതയെ കാണാന്‍ ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്നു. കേവലം ഔപചാരികമായ വാക്കുകള്‍ കൊണ്ട് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ആവുന്നില്ലെന്ന് നടന്‍ മോഹന്‍ലാല്‍ എഴുതുന്നു.

ഒന്നിച്ച് അഭിനയിച്ച എത്രയെത്ര സിനിമകള്‍. കുടുംബത്തിലെ ഒരാളെപ്പോലെ ഓരോ പ്രേക്ഷന്റെയും ഹൃദയത്തില്‍, അമ്മയായും, സഹോദരിയായും, സ്‌നേഹം നിറഞ്ഞ ബന്ധുവായും നിറഞ്ഞുനിന്ന എന്റെ പ്രിയപ്പെട്ട ലളിതച്ചേച്ചീ. അഭിനയിക്കുകയായിരുന്നില്ല ചേച്ചി, സിനിമയിലും ജീവിതത്തിലും. പ്രേക്ഷകരെയും പ്രിയപ്പെട്ടവരെയും ചേര്‍ത്തുപിടിക്കുകയായിരുന്നു, തന്മയിത്വത്തോടെ. ആ സ്‌നേഹം, നിറഞ്ഞ പുഞ്ചിരിയോടെ കാലയവനികയ്ക്കുള്ളില്‍ മറയുമ്പോള്‍, കേവലം ഔപചാരികമായ വാക്കുകള്‍ കൊണ്ട് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ആവുന്നില്ല. പകരം വെക്കാനില്ലാത്ത പ്രതിഭയായിരുന്ന ചേച്ചിയുടെ വേര്‍പാട് മലയാളിക്കും മലയാള സിനിമയ്ക്കും തീരാഷ്ടം തന്നെയാണ്. പ്രണാമം ചേച്ചീ എന്നുമാണ് മോഹന്‍ലാല്‍ എഴുതിയിരിക്കുന്നത്.

ഒരുമിച്ച് അഭിനയിക്കുമ്പോഴത്തെ ഏറ്റവും മികച്ച കൂട്ടാളി. ഒരു സഹ അഭിനേതാവിനോട് തോന്നിയ ഏറ്റവും വലിയ സ്‌നേഹം ഇവരോടാണ്. ഒരു നടി എന്ന നിലയില്‍ അവര്‍ ഒരു മാജിക് ആയിരുന്നു. മുഖത്തെ പുഞ്ചിരി പോലെ അനായാസമായി തന്റെ പ്രതിഭയെ കൊണ്ടുനടന്ന നടി. ഇത്രയും സജീവമായി മറ്റൊരു രംഗത്തിലും എനിക്ക് തോന്നിയിട്ടില്ല. കാരണം എഴുതിവച്ചതിനെ അതിശയിപ്പിക്കുന്ന തരത്തില്‍ അവതരിപ്പിക്കുമായിരുന്നു അവര്‍. ഞങ്ങളുടെ അവസാന കൂടിക്കാഴ്ചയില്‍ നിന്നുള്ളതാണ് ഈ ചിത്രങ്ങള്‍. കെട്ടിപ്പിടുത്തവും ഉമ്മകളുമൊന്നും എനിക്ക് ചോദിക്കാതിരിക്കാന്‍ കഴിയില്ലായിരുന്നു. പരസ്പരം എപ്പോഴും കലഹിക്കുന്ന ഒരു അമ്മയും മകനുമായി നമുക്ക് അഭിനയിക്കണമെന്ന് പറയുമായിരുന്നു. സമയം ഉണ്ടാവുമെന്നാണ് ഞാന്‍ കരുതിയത്. ചക്കരേ എവിടെയാ, എന്നാണ് ഓരോ ടെക്സ്റ്റ് മെസേജുകളും ഞങ്ങള്‍ ആരംഭിച്ചിരുന്നത്, ദുല്‍ഖര്‍ കുറിച്ചു.

 

തൃപ്പൂണിത്തുറയിലുള്ള, മകന്റെ ഫ്‌ലാറ്റില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.നിരവധി പേരാണ് കെപിഎസി ലളിതയ്ക്ക് ആദരാഞ്ജലികളുമായി എത്തിയിരിക്കുന്നത്.