‘കൊന്നപ്പൂക്കളും മാമ്പഴവും’ റിലീസായി

കുട്ടികളുടെ അവധിക്കാലം പ്രമേയമായ ‘കൊന്നപ്പൂക്കളും മാമ്പഴവും’ എന്ന ചിത്രം തീയേറ്റര്‍ പ്ലേ ഓടിടി പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശനത്തിനെത്തി. മള്‍ട്ടിപ്പിള്‍ സ്ട്രീമിംഗ് സാധ്യത പരീക്ഷിക്കുന്ന ഈ ചിത്രം ജൂലൈ 16നാണ് റിലീസ് ചെയ്തത്. നിരവധി ദേശീയ അന്തര്‍ദേശീയ ചലചിത്ര മേളകളില്‍ ചിത്രം ഇതിനോടകം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെട്ടു പോകുന്ന അവധിക്കാലമാണ് കൊന്നപ്പൂക്കളും മാമ്പഴവും എന്ന ചിത്രത്തിന്റെയ പ്രമേയം. തിരുവനന്തപുരത്ത് നടന്ന കുട്ടികളുടെ അന്തരാഷ്ട ചലചിത്ര മേളയില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. മള്‍ട്ടിപ്പിള്‍ സ്ട്രീമിംഗ് സാധ്യത പരീക്ഷിക്കുന്ന ഈ സിനിമ ഹൈഹോപ്‌സ്,ഫസ്റ്റ് ഷോ,ലൈംലൈറ്റ്,സിനിയ,മെയിന്‍ സ്ട്രീം,ഏകം,കൂടെ തുടങ്ങി 6 ഓ ടി ടി പ്‌ളാറ്റ് ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. ‘അമിതമായ ആഗ്രഹങ്ങള്‍ മാതാപിതാക്കള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ സ്വന്തം കഴിവുകള്‍ കണ്ടെത്താനാകാതെ പോകുന്ന, സ്വതന്ത്ര ജീവിതം നഷ്ടമാകുന്ന കുട്ടികളുടെ സംഘര്‍ഷങ്ങളുടെ ദൃശ്യാവിഷ്‌ക്കാരമാണ് ”കൊന്നപൂക്കളും മാമ്പഴവും”സംവിധായകന്‍ അഭിലാഷ് എസ് പറഞ്ഞു. ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവല്‍ 2019, ലണ്ടന്‍ ഇന്റര്‍നാഷണല്‍ മോഷന്‍ പിക്‌ചേഴ്‌സ് അവാര്‍ഡ്‌സ്, ഇംഗ്ലണ്ടിലെ ലിഫ്റ്റ്ഓഫ്ഫസ്റ്റ് ടൈം ഫിലിം മേക്കേഴ്‌സ് സെഷന്‍ ഉള്‍പ്പെടെയുള്ളവയില്‍ ചിത്രം ഒഫീഷ്യല്‍ സെലക്ഷന്‍ നേടി, വിഷ്വല്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ (2019) റഷ്യയിലെ സെമി ഫൈനലിസ്റ്റ് കൂടിയാണ് ‘കൊന്നപൂക്കളും മാമ്പഴവും’.

വില്ലേജ് ടാക്കീസിന്റെ ബാനറില്‍ നീന ബി നിര്‍മ്മിച്ച ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും അഭിലാഷ് എസ് കൈകാര്യം ചെയ്യുന്നത്. ടോപ്പ് സിങറിലൂടെ ശ്രദ്ധേയനായ ജെയ്ഡന്‍ ഫിലിപ്പാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാസ്റ്റര്‍ ജയ്ഡന്‍, മാസ്റ്റര്‍ ശ്രീദര്‍ശ്, മാസ്റ്റര്‍ സന്‍ജയ്, മാസ്റ്റര്‍ അഹ്‌റോണ്‍, ഹരിലാല്‍, സതീഷ്, സാംജി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. ആദര്‍ശ് കുര്യന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ഈ സിനിമയുടെ പശ്ചാത്തല സംഗീതം ഷാരൂണ്‍ സലീമും ഗാനരചന സനില്‍ മാവേലിയും നിര്‍വ്വഹിക്കുന്നു.ശബ്ദ മിശ്രണം ഗണേഷ് മാരാര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് കുര്യനാട്. വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്