ചൊവ്വാഴ്ച രാത്രി മരിച്ച ബോളിവുഡ് ഗായകന്‍ കെ.കെയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൊല്‍ക്കത്തയിലെ ന്യൂ മാര്‍ക്കറ്റ് പോലീസ്. നഗരത്തിലെ ഒരു സംഗീത പരിപാടിക്ക് ശേഷം മടങ്ങിയെത്തിയ കെ.കെ, ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നെന്നും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നെന്നുമാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.
കെ.കെയുടെ തലയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ടായിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. മരണത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ബുധനാഴ്ച എസ്.എസ്.കെ.എം ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. കൊല്‍ക്കത്തയിലെ പരിപാടിയുടെ സംഘാടകരുടേയും ഹോട്ടല്‍ ജീവനക്കാരുടേയും മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.
ബോളിവുഡ് ഹിറ്റുകളിലൂടെ ആസ്വാദകരുടെ മനംകവര്‍ന്ന മലയാളി ഗായകനാണ് കെ.കെ. എന്ന കൃഷ്ണകുമാര്‍ കുന്നത്ത് (53). കൊല്‍ക്കത്തയില്‍ സംഗീതപരിപാടി അവതരിപ്പിക്കാനെത്തിയ അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയില്‍നിന്ന് താഴേക്ക് വീഴുകയായിരുന്നു. കെ.കെ. എന്നപേരില്‍ സംഗീതലോകത്ത് അറിയപ്പെട്ടിരുന്ന അദ്ദേഹം വിവിധ ഭാഷകളിലായി നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. കൊല്‍ക്കത്തയിലെ സി.എം.ആര്‍.ഐ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തൃശൂര്‍ തിരുവമ്പാടി സ്വദേശി സി.എസ്.മേനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനായി 1968ല്‍ ഡല്‍ഹിയിലാണു ജനനം.എഴുതാനും വായിക്കാനും അറിയില്ലെങ്കിലും മലയാളം നന്നായി സംസാരിച്ചു. മോണ്‍ട് സെന്റ് മേരീസ് സ്‌കൂളിലും കിരോരി മാല്‍ കോളജിലും പഠിക്കുമ്പോള്‍ ഹൃദിസ്ഥമാക്കിയതു കിഷോര്‍ കുമാറിന്റെയും മുഹമ്മദ് റഫിയുടെയും അബ്ബയുടെയും ഗാനങ്ങള്‍.