അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടു
നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ തന്റെ കൈയ്യിലുണ്ടെന്ന ആരോപണം തെറ്റാണെന്ന് എട്ടാം പ്രതി ദിലീപ് ഹൈക്കോടതിയെ അറിയിച്ചു. ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന ഫലം മൂന്ന് മാസം മുമ്പ് ക്രൈംബ്രാഞ്ചിന് ലഭിച്ചതാണ്. അത് ഇതുവരേയും പരിശോധിച്ചില്ലെന്ന്‌ക്രൈംബ്രാഞ്ച് പറയുന്നത് വിശ്വസനീയമല്ല. ഫോണുകള്‍ പിടിച്ചെടുക്കേണ്ട ആവശ്യമില്ല, വിവരങ്ങള്‍ മുഴുവനായും ലാബില്‍ നിന്നും ലഭിച്ചതാണെന്നും പിന്നെ എന്തിനാണ് കൂടുതല്‍ സമയം അനുവദിക്കുന്നത് എന്ന ചോദ്യമാണ് പ്രതിഭാഗം കോടതിയില്‍ ചോദിച്ചത്. അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടു.
എന്നാല്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന്റെ പക്കലുണ്ടെന്ന വാദം അന്വേഷണ സംഘം ഹൈക്കോടതിയില്‍ ആവര്‍ത്തിച്ചു. കേസ് അട്ടിമറിക്കപ്പെടുകയാണെന്നും കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം തുടരണമെന്നും ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജിയിലാണ് പ്രോസിക്യൂഷന്റെ സത്യവാങ്മൂലം.
നിശ്ചിത മെമ്മറി കാര്‍ഡുകളും അനുബന്ധ ഫയലുകളും 2018 ജനുവരി 9നും ഡിസംബര്‍13നും ആക്‌സസ് ചെയ്തിട്ടുണ്ടെന്നാണ് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നതെന്നു പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു. കേസില്‍ അതിജീവിതയ്ക്ക് ഒപ്പമാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അന്വേഷണത്തിനു കൂടുതല്‍ സമയം അനുവദിക്കണമെന്നും അതിജീവിതയുടെ ഹര്‍ജിയിലെ ആവശ്യങ്ങള്‍ അനുവദിക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.
അന്വേഷണ സംഘത്തിനും സര്‍ക്കാരിനും എതിരെ ശക്തമായ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് അതിജീവിത കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. മുഖ്യമന്ത്രി അതിജീവിതയ്ക്ക് ഒപ്പമാണെന്നു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഔദ്യോഗികമായി കോടതിയെ അറിയിക്കുകയാണ് ഇന്നു പ്രോസിക്യൂഷന്‍ ചെയ്തിരിക്കുന്നത്.
കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം തുടരുന്നതില്‍ എതിര്‍പ്പില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് അന്വേഷണത്തിനു കൂടുതല്‍ സമയം അനുവദിക്കണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കുന്നുണ്ട്.