‘ടോക്സിക്’ പരാജയപ്പെട്ടതിൽ കടുത്ത നിരാശയുണ്ട്; ഇന്റിമേറ്റ് രംഗങ്ങളിലെ വിമർശനങ്ങൾ തകർത്തു കളഞ്ഞു: കിയാര അദ്വാനി

','

' ); } ?>

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് യാഷ് നായകനായെത്തിയ ബിഗ് ബജറ്റ് ചിത്രം ‘ടോക്സിക്’ തിയറ്ററുകളിൽ പരാജയപ്പെട്ടതിൽ കടുത്ത നിരാശയുണ്ടെന്ന് നായിക കിയാര അദ്വാനി. മികച്ച ഓപ്പണിങ് ലഭിച്ചിട്ടും ആദ്യ വാരാന്ത്യത്തിൽ തന്നെ ചിത്രം പാളിപ്പോയത് തന്നെ തകർത്തു കളഞ്ഞെന്നും ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളുടെ പേരിൽ തനിക്ക് നേരെ വലിയ വിമർശനങ്ങളാണ് ഉണ്ടായതെന്നും താരം വെളിപ്പെടുത്തി. കരൺ ജോഹറിന്റെ ‘കോഫി വിത്ത് കരൺ’ ടോക്ക് ഷോയിൽ ഭർത്താവും നടനുമായ സിദ്ധാർഥ് മൽഹോത്രയ്ക്കൊപ്പം പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കിയാര.

തന്റെ കംഫർട്ട് സോണിൽ നിന്ന് പുറത്തുകടന്ന് ചെയ്ത ‘നാദിയ’ എന്ന കഥാപാത്രത്തിന് മികച്ച അഭിനന്ദനങ്ങൾ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും കിയാര വ്യക്തമാക്കി. എന്നാൽ വിവാഹിതയായ ഒരു നടി ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുമ്പോൾ മാത്രം ഇല്ലാത്ത പ്രശ്നങ്ങളും അനാവശ്യ വിവാദങ്ങളും ഉണ്ടാകുന്നത് സിനിമാമേഖലയിൽ പതിറ്റാണ്ടുകളായി തുടരുന്ന യാഥാർത്ഥ്യമാണെന്നും അവർ ചൂണ്ടിക്കാണിച്ചു. ചിത്രത്തിലെ ആ രംഗങ്ങളെക്കുറിച്ച് ഭർത്താവ് സിദ്ധാർഥ് ഒരിക്കൽ പോലും അസ്വസ്ഥനാകുകയോ തങ്ങളതുമായി ബന്ധപ്പെട്ട് ചർച്ച നടത്തുകയോ ചെയ്തിട്ടില്ലെന്നും, അദ്ദേഹത്തിന്റെ പിന്തുണയാണ് തനിക്ക് കരുത്തായതെന്നും കിയാര കൂട്ടിച്ചേർത്തു.

600 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച ‘ടോക്സിക്: എ ഫെയറി ടെയ്ൽ ഫോർ ഗ്രോൺ അപ്സ്’ ബോക്സോഫിസിൽ 300 കോടി രൂപ മാത്രമാണ് നേടിയത്. യഷിനൊപ്പം നയൻതാര, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി തുടങ്ങിയ വൻ താരനിര അണിനിരന്ന ചിത്രമായിരുന്നു ഇത്.

കിയാരയുടെ വാക്കുകൾ:

‘ടോക്സിക് ടീമിലെ ആരും ഇങ്ങനെയൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് തോന്നുന്നത്. മികച്ച ഓപ്പണിങ് ലഭിച്ചിട്ടും ചിത്രം പാളിപ്പോയത് തകർത്തുകളഞ്ഞു. പ്രത്യേകിച്ച് ആദ്യ വാരാന്ത്യത്തിൽ. ഞാൻ ആകെ തളർന്നുപോയിരുന്നു. എന്നാൽ, എന്റെ പതിവ് അഭിനയശൈലിയിൽനിന്ന് മാറി പുതിയൊരു വേഷം ചെയ്തതിന് പലരും അഭിനന്ദിക്കുന്നത് ശ്രദ്ധിച്ചു. എന്റെ കംഫർട്ട് സോണിൽ നിന്ന് മാറിയാണ് ‘ടോക്സിക്’ എന്ന ചിത്രവും നാദിയ എന്ന കഥാപാത്രവും ചെയ്തത്. എന്റെ കരിയറിലെ നിർണായകമായ ഒന്നായി മാറുമെന്ന് കരുതിയിരുന്നു. അത് അങ്ങനെ തന്നെ സംഭവിച്ചു.

യഷിനൊപ്പമുള്ള ഇന്റിമേറ്റ് രംഗങ്ങളിൽ നേരിട്ട വിമർശനങ്ങൾ അതിരൂക്ഷമായിരുന്നു. ഈ രംഗങ്ങൾ കണ്ട സിദ്ധാർഥ് എന്തു പറഞ്ഞു എന്നായിരുന്നു പലർക്കും അറിയേണ്ടത്. എന്നാൽ സിദ്ധാർഥിന് ഇക്കാര്യത്തിൽ ഒരു ആശങ്കയുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ആ മനോഭാവമാണ് എനിക്ക് കരുത്തായത്. സിദ്ധാർഥ് ഒരിക്കൽ പോലും ഇതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. ഞങ്ങൾക്കിടയിൽ ആ രംഗങ്ങൾ ചർച്ചയായിട്ടില്ല. അതിലൊന്നും സിദ്ധാർഥ് അസ്വസ്ഥനായിരുന്നില്ല.

വിവാഹിതനായ നടൻ ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുന്നതിന്  ഇല്ലാത്ത പ്രശ്നങ്ങളാണ് വിവാഹിതയായ നടി ചെയ്തപ്പോൾ ഉണ്ടായത് എന്നും കിയാര പറഞ്ഞു. ഇത്തരം വിമർശനങ്ങൾ പതിറ്റാണ്ടുകളായി സിനിമാമേഖലയിൽ ഉണ്ടെന്നും നിരവധി താരങ്ങൾ ഇത് നേരിട്ടിട്ടുണ്ട്.