“ഒരമ്മയോടും കളിക്കാൻ നിൽക്കരുത്, ഞാൻ മുറിവേറ്റ കടുവയാണ്!”: സൈബർ ആക്രമണങ്ങൾക്കെതിരെ ഖുശ്‌ബു

','

' ); } ?>

തന്റെ മക്കളെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അധിക്ഷേപിക്കുന്നവർക്കെതിരെ രൂക്ഷ പ്രതികരണവുമായി നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്‌ബു സുന്ദർ രംഗത്തെത്തി. കുറച്ചു ഫോളോവേഴ്‌സിനെ നേടാനും പണമുണ്ടാക്കാനുമായി സ്വന്തം മക്കളെയും കുടുംബത്തെയും അപമാനിക്കാൻ ആരെയും അനുവദിക്കില്ലെന്ന് ഖുശ്ബു വ്യക്തമാക്കി. ഒരമ്മയോടും കളിക്കാൻ നിൽക്കരുതെന്നും സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ചാടിവീഴുന്ന മുറിവേറ്റ കടുവയാണ് അമ്മയെന്നും ഓർക്കണമെന്ന് യൂട്യൂബർമാർ ഉൾപ്പെടെയുള്ള സൈബർ ആക്രമണകാരികൾക്ക് അവർ ശക്തമായ മുന്നറിയിപ്പ് നൽകി. ഖുശ്ബുവിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് നടി രാധിക ശരത്കുമാറും രംഗത്തെത്തിയിട്ടുണ്ട്.

വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടി തന്റെ മക്കളെ അപമാനിക്കുന്നവരുടെ മാനസികാവസ്ഥ വളരെ മോശമാണെന്നും അത് വളർത്തുദോഷമാണെന്നും ഖുശ്ബു എക്സ് (X) അക്കൗണ്ടിൽ കുറിച്ചു. സെലിബ്രിറ്റികളുടെ മക്കളെന്ന ആനുകൂല്യം ഒരിക്കൽപ്പോലും മുതലെടുക്കാതെ, അങ്ങേയറ്റത്തെ ശ്രദ്ധയോടെയാണ് തങ്ങൾ മക്കളെ വളർത്തിയത്. താൻ നിശബ്‌ദയായിരിക്കുന്നത് ഇത്തരം മോശം രീതികളെ അംഗീകരിക്കുന്നതുകൊണ്ടല്ല. മറ്റുള്ളവർ നിങ്ങളെ അപമാനിക്കാൻ ഒരിക്കൽപ്പോലും അനുവദിക്കരുതെന്നും തങ്ങൾക്കുവേണ്ടി സ്വയം നിലകൊള്ളണമെന്നുമാണ് ഇവിടെയുള്ള ഓരോ സ്ത്രീയോടും പറയാനുള്ളതെന്നും അവർ കൂട്ടിച്ചേർത്തു. പ്രതിസന്ധി ഘട്ടത്തിൽ സുഹൃത്തായും കുടുംബമായും ഒപ്പം നിന്നതിന് രാധിക ശരത്കുമാറിന് ഖുശ്ബു നന്ദി പറയുകയും ചെയ്തു.

ഖുശ്ബുവിനും കുടുംബത്തിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് രാധിക ശരത്കുമാർ തന്റെ പിന്തുണ അറിയിച്ചത്. അഭിപ്രായ സ്വാതന്ത്ര്യം എന്നാൽ മറ്റുള്ളവരെ ഉപദ്രവിക്കാനുള്ള സ്വാതന്ത്ര്യമല്ലെന്നും, വിമർശനം ക്രൂരതയാകരുതെന്നും രാധിക വ്യക്തമാക്കി. ഒരു വ്യക്തിയുടെ മക്കളെ പരിഹസിക്കുന്നത് തമാശയല്ല, മറിച്ച് ഭീരുത്വമാണെന്നും അവർ കുറിച്ചു.

ഖുശ്ബുവിന്റെയും സംവിധായകൻ സുന്ദർ സിയുടെയും മക്കളായ അവന്തികയും ആനന്ദിതയും തങ്ങളുടെ ശരീരഘടനയുടെയും രൂപത്തിന്റെയും പേരിൽ നേരത്തെയും വലിയ തോതിൽ സൈബർ ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്. ഇൻസ്റ്റാഗ്രാം തുറക്കുമ്പോൾ ആളുകൾ തന്നെ ‘ട്രാൻസ്പേഴ്‌സൺ’ എന്ന് വിളിച്ചാണ് കൂടുതലും അധിക്ഷേപിക്കാറുള്ളതെന്ന് അടുത്തിടെ ഒരു പോഡ്കാസ്റ്റിൽ ആനന്ദിത വെളിപ്പെടുത്തിയിരുന്നു. എന്നാൽ ട്രാൻസ്ജെൻഡർ വ്യക്തികൾ വളരെ മനോഹാരിതയുള്ളവരാണെന്നും, ആ പദം ഒരു അപമാനവാക്കായി ഉപയോഗിക്കുന്നത് അറിവില്ലായ്‌മയാണെന്നുമായിരുന്നു ആനന്ദിതയുടെ മറുപടി. ‘ഡബിൾ ഒക്യുപ്പൻസി’ എന്ന ചിത്രത്തിലൂടെ ക്രിയേറ്റീവ് പ്രൊഡ്യൂസറായി അരങ്ങേറ്റം കുറിച്ച ആനന്ദിത അടുത്തിടെയാണ് മർച്ചൻ്റ് നേവി ഉദ്യോഗസ്ഥനായ ശ്രാവൺ ശ്രീനിവാസനെ വിവാഹം കഴിച്ചത്.