
ക്യാമറകളും ലൈറ്റിംഗ് ഉപകരണങ്ങളും വാടകയ്‌ക്കെടുത്ത വകയിൽ 1.80 കോടി രൂപ കുടിശ്ശിക വരുത്തിയെന്ന പരാതിയിൽ തമിഴ് നടൻ ആര്യക്കെതിരെ കേസ്. ‘അനന്തൻ കാട്’ സിനിമയുടെ നിർമാതാവ് വിനോദിനെതിരെയും ഹൈദരാബാദ് ജൂബിലി ഹിൽസ് പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കുടിശ്ശിക തുക ചോദിച്ചെത്തിയ കമ്പനി മാനേജരെ നടൻ ആര്യയും നിർമാതാവും പേഴ്‌സണൽ അസിസ്റ്റന്റും ചേർന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. സംഭവത്തിൽ വഞ്ചനാക്കുറ്റത്തിനും ഭീഷണിപ്പെടുത്തലിനും കേസെടുത്ത പോലീസ്, സമർപ്പിക്കപ്പെട്ട രേഖകൾ പരിശോധിച്ചുവരികയാണെന്നും കുറ്റാരോപിതരെ ഉടൻ ചോദ്യം ചെയ്യുമെന്നും അറിയിച്ചു.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ക്യാമറ എക്യുപ്മെന്റ് റെന്റൽ കമ്പനിയാണ് താരത്തിനും അണിയറപ്രവർത്തകർക്കുമെതിരെ പരാതി നൽകിയിരിക്കുന്നത്. ‘അനന്തൻകാട്’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി പ്രീമിയം ഡിജിറ്റൽ ക്യാമറകളും മറ്റ് ഷൂട്ടിംഗ് ഉപകരണങ്ങളും ഹൈദരാബാദിൽ നിന്ന് കേരളത്തിലേക്ക് എത്തിച്ചു നൽകുകയും ചിത്രീകരണ വേളയിൽ മുഴുവൻ സാങ്കേതിക സഹായങ്ങൾ നൽകുകയും ചെയ്തത് ഈ കമ്പനിയായിരുന്നു.
ഇതുവരെ നൽകിയ സേവനങ്ങൾക്ക് ആകെ 2.12 കോടി രൂപയുടെ ബില്ലാണ് കമ്പനി നൽകിയത്. എന്നാൽ ഇതിൽ ഒരു ചെറിയ ഭാഗം മാത്രമാണ് അണിയറപ്രവർത്തകർ നൽകിയതെന്നും ബാക്കി 1.80 കോടി രൂപ ഇപ്പോഴും കുടിശ്ശികയാണെന്നും പരാതിയിൽ വ്യക്തമാക്കുന്നു. സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതിന് മുൻപായി കുടിശ്ശികയുള്ള തുക പൂർണ്ണമായും തീർത്തുനൽകാമെന്ന് നിർമാതാക്കൾ രേഖാമൂലം ഉറപ്പുനൽകിയിരുന്നതായും കമ്പനി അവകാശപ്പെടുന്നുണ്ട്.
ഷൂട്ടിംഗിന് ശേഷം കത്തുകൾ, ഫോൺ വിളികൾ, വാട്ട്സ്ആപ്പ് സന്ദേശങ്ങൾ എന്നിവയിലൂടെ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ബാക്കി തുക നൽകാൻ ഇവർ തയ്യാറായില്ലെന്നും, പണം ഉടൻ നൽകാമെന്ന വാഗ്‌ദാനം ലംഘിച്ചതോടെയാണ് നിയമനടപടികളിലേക്ക് നീങ്ങിയതെന്നും കമ്പനി അധികൃതർ പറഞ്ഞു. അതേസമയം, ഉയർന്നുവന്ന വിവാദങ്ങളെക്കുറിച്ച് നടൻ ആര്യയോ ‘അനന്തൻ കാട്’ ചിത്രത്തിൻ്റെ മറ്റ് അണിയറപ്രവർത്തകരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നിലവിൽ സന്തോഷ് ശ്രീവത്സൻ സംവിധാനം ചെയ്യുന്ന ‘സീ യു’ (See U) എന്ന ചിത്രത്തിൻ്റെ ജോലികളിലാണ് ആര്യ. താരം തന്നെ സഹനിർമാതാവാകുന്ന ഈ ചിത്രത്തിൽ കിഷൻ ദാസും സഞ്ജനയുമാണ് പ്രധാന വേഷങ്ങളിൽ എന്റുന്നത്. ഇതിന് പുറമെ നിഖിൽ മുരളി സംവിധാനം ചെയ്യുന്ന ആര്യയുടെ നാൽപ്പതാമത് ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. നിഖില വിമലും വൈഷ്‌ണവി ചൈതന്യയുമാണ് ഈ ചിത്രത്തിലെ നായികമാർ.