
തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും നിലപാടുകളെക്കുറിച്ചും മനസ്സ് തുറന്ന് നടിയും രാഷ്ട്രീയപ്രവർത്തകയുമായ ഖുശ്ബു സുന്ദർ. മുസ്ലിം കുടുംബത്തിൽ നഖത് ഖാൻ എന്ന പേരിൽ ജനിച്ച്, സിനിമയിലെത്തിയ ശേഷമാണ് താരം ഖുശ്ബു എന്ന പേര് സ്വീകരിക്കുന്നത്. 2000-ൽ സംവിധായകനും നടനുമായ സുന്ദർ സി.യെ വിവാഹം ചെയ്ത ശേഷം ഔദ്യോഗികമായി ‘ഖുശ്ബു സുന്ദർ’ എന്ന് പേരു മാറ്റിയെങ്കിലും, താൻ ഇതുവരെ മതം മാറിയിട്ടില്ലെന്ന് താരം വ്യക്തമാക്കുന്നു. ജന്മനാ ഉള്ള മുസ്ലിം ഐഡന്റിറ്റി ഉപേക്ഷിക്കേണ്ടതില്ലെന്നും, ഭർത്താവ് ഒരിക്കലും മതം മാറാൻ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് ഖുശ്ബു പറയുന്നത്. വ്യക്തിപരമായി താനൊരു നിരീശ്വരവാദിയാണെന്ന് കരുതുന്ന ഖുശ്ബു, വിവാഹശേഷം ഹിന്ദു ആചാരങ്ങളും പിന്തുടരുന്നുണ്ട്.
അന്യമതത്തിൽപെട്ടയാളെ വിവാഹം കഴിക്കുന്നതിനെതിരെ ഉയർന്ന എതിർപ്പുകളെ തന്റെ അമ്മ എപ്രകാരമാണ് നേരിട്ടതെന്നും ഖുശ്ബു ഓർത്തെടുത്തു. ഒരു മുസ്ലിം പെൺകുട്ടിയെ ഹിന്ദു വിഭാഗത്തിൽപെട്ടയാൾക്ക് വിവാഹം കഴിച്ചുകൊടുക്കുന്നതിനെക്കുറിച്ച് പലരും അമ്മയോട് സംശയങ്ങൾ ചോദിച്ചിരുന്നു. പ്രണയിക്കുന്നത് കുഴപ്പമില്ലെങ്കിലും വിവാഹം സ്വന്തം സമുദായത്തിൽ നിന്ന് പോരേ എന്നായിരുന്നു ചിലരുടെ ചോദ്യം. എന്നാൽ, പ്രണയിച്ചുവെങ്കിൽ അവരെത്തന്നെ വിവാഹം കഴിക്കണമെന്ന ഉറച്ച നിലപാടിലായിരുന്നു അമ്മ. ജാതിയുടെയോ മതത്തിന്റെയോ പേരിൽ ആരെയും മാറ്റിനിർത്തരുത് എന്ന് വിശ്വസിച്ചിരുന്ന അമ്മ, സഹോദരന്മാരോടും ഇതേ നിലപാടാണ് സ്വീകരിച്ചത്. പ്രണയിച്ച പെൺകുട്ടിയെ വിവാഹം കഴിച്ചില്ലെങ്കിൽ അവരെ വീട്ടിൽ കയറ്റി മക്കളെ പുറത്താക്കുമെന്ന് അമ്മ കർശനമായി പറയുമായിരുന്നു.
നിലവിൽ ഖുശ്ബുവിന്റെയും സുന്ദർ സി.യുടെയും അമ്മമാർ ഇവർക്കൊപ്പമാണ് താമസിക്കുന്നത്. ഖുശ്ബുവിന്റെ അമ്മ ഇപ്പോൾ അൽഷ്യമേഴ്സ് ബാധിതയാണെങ്കിലും വീട്ടിലെത്തുന്നവരോടുള്ള സ്നേഹമസൃണമായ പെരുമാറ്റത്തിന് മാറ്റമൊന്നുമില്ലെന്ന് താരം പറയുന്നു. പഴയ കാര്യങ്ങൾ പലതും മറന്നുപോകാറുണ്ടെങ്കിലും, വീട്ടിൽ വരുന്നവർക്ക് സ്വന്തം കൈകൊണ്ട് ബിരിയാണി വച്ചുവിളമ്പി സത്കരിക്കാനാണ് അമ്മയ്ക്ക് ഇപ്പോഴും ഇഷ്ടം.