
ചിരിച്ച് കൊണ്ട് തെന്നിന്ത്യൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന പ്രിയനടിയാണ് ലൈല. എന്നാൽ, ആ ചിരിക്കുടുക്കയ്ക്ക് പിന്നിലും ഒരുപിടി ഗോസിപ്പുകൾ സിനിമാലോകത്ത് പ്രചരിച്ചിരുന്നു. സഹനടി ജ്യോതികയുമായുള്ള ശത്രുത, സൗന്ദര്യവർദ്ധക ചികിത്സകൾ, സിനിമയിൽ നിന്നുള്ള പിന്മാറ്റം തുടങ്ങി വർഷങ്ങളായി പടർന്നുപിടിച്ച വാർത്തകളോട് അടുത്തിടെ നൽകിയ അഭിമുഖങ്ങളിൽ തുറന്നടിച്ചിരിക്കുകയാണ് താരം. തനിക്കെതിരെ വന്ന ഗോസിപ്പുകളിൽ തെറ്റായവ അടിച്ച് തകർക്കാൻ സംഘാടകർ നൽകിയ ചില്ലുകൂട്ടിൽ ഉറ്റയടി നൽകിയാണ് ലൈല തന്റെ അമർഷവും നിലപാടും വ്യക്തമാക്കിയത്.
തന്നെ കുറിച്ച് വന്ന ഗോസിപ്പുകള്‍ ഒരു ചില്ല് കൂട്ടില്‍ അടച്ചു വച്ച്, ലൈലയോട് അതിന് മറുപടി നല്കാന് ആവശ്യപ്പെടുകയായിരുന്നു. തെറ്റായ ഗോസിപ്പ് ആണെങ്കില്‍ ലൈലയ്ക്ക് ആ ചില്ല് അടിച്ചിയ്ക്കാം എന്നാണ് പറഞ്ഞത്. ആ ഗോസിപ്പിന്റെ ചില്ല് കൂട്ടിന് ഉറ്റയടി നല്കി അപ്പോള്‍ തന്നെ ലൈല അത് പൊളിച്ചടുക്കി. ആരാണ് ഇതൊക്കെ പറഞ്ഞ് പ്രചരിപ്പിക്കുന്നത് എന്നാണ് ലൈല ചോദിക്കുന്നത്.
തമിഴകത്ത് ഏറെ ആഘോഷിക്കപ്പെട്ട ഒന്നായിരുന്നു സൂര്യ – ലൈല കൂട്ടുകെട്ട്. ‘നന്ദ’, ‘ഉന്നൈ നിനൈത്തു’, ‘മൗനം പേസിയതേ’, ‘പിതാമഗൻ’ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച ഇരുവരുടെയും കെമിസ്ട്രി ആരാധകർ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ജ്യോതികയുമായി ലൈലയ്ക്ക് പ്രശ്നങ്ങളുണ്ടെന്ന വാർത്തകൾ പ്രചരിക്കുന്നത്. 2003-ൽ ‘ത്രീ റോസസ്’ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചഭിനയിച്ചെങ്കിലും, വർഷങ്ങളായി ഇരുവരും പരസ്പരം മിണ്ടാറില്ല എന്ന തരത്തിലായിരുന്നു ഗോസിപ്പുകൾ. എന്നാൽ ഈ വാദങ്ങളെല്ലാം പൂർണ്ണമായും തള്ളിക്കളഞ്ഞ ലൈല, സൂര്യയോട് തുടക്കത്തിൽ ചെറിയൊരു ക്രഷ് തോന്നിയിരുന്നുവെന്നും ഇതറിഞ്ഞാൽ ജ്യോതിക തന്നെ കൊല്ലുമെന്നും തമാശരൂപേണ പറയുകയുണ്ടായി.
സൗന്ദര്യം നിലനിർത്താൻ ദുബായിൽ പോയി കോടികൾ ചെലവിട്ട് ചികിത്സ നടത്തി എന്ന വാർത്തയും താരം നിഷേധിച്ചു. എന്നാൽ തനിക്കെതിരെ വന്ന എല്ലാ പ്രചാരണങ്ങളും വെറും ഗോസിപ്പുകൾ ആയിരുന്നില്ലെന്നും ചിലതിൽ വാസ്തവമുണ്ടെന്നും നടി വ്യക്തമാക്കുന്നു. 1997-ൽ പുറത്തിറങ്ങിയ ‘വിഐപി’ എന്ന ചിത്രത്തിൽ നിന്ന് ലൈല പിന്മാറിയത് ഇതിനൊരു ഉദാഹരണമാണ്. ചിത്രത്തിന്റെ പൂജ ചടങ്ങിനിടെ തന്റെ പേര് ‘പൂജ’ എന്ന് മാറ്റണമെന്ന് അണിയറപ്രവർത്തകർ നിർബന്ധിച്ചതിനെ തുടർന്ന് സ്വന്തം വ്യക്തിത്വത്തിൽ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാകാതെ താരം സിനിമ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് ഈ കഥാപാത്രത്തിലേക്ക് സിമ്രൻ എത്തുകയും ചെയ്തു. എന്നാൽ സിമ്രനോട് പേര് മാറ്റാൻ ആവശ്യപ്പെട്ടിരുന്നില്ലെന്ന കാര്യവും ലൈല കൂട്ടിച്ചേർത്തു.