
മലയാള സിനിമാമേഖലയിലെ വ്യാജ പതിപ്പുകൾ തടയാൻ തിരുവനന്തപുരത്തിന് പുറമേ കൊച്ചിയിലും കോഴിക്കോട്ടും പുതിയ ആന്റി പൈറസി സോണൽ ഓഫീസുകൾ ആരംഭിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്. സിനിമാമേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി സിനിമാ സംഘടനാ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഈ നിർണായക പ്രഖ്യാപനം നടത്തിയത്.
മലയാള സിനിമ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ സജീവമായി ഇടപെടുമെന്ന് ഉറപ്പുനൽകിയ മന്ത്രി, സിനിമയ്ക്ക് വ്യവസായ പദവി നൽകണമെന്ന ദീർഘകാലത്തെ ആവശ്യം സർക്കാർ പരിഗണിക്കുമെന്നും വ്യക്തമാക്കി. സിനിമകളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ വകുപ്പുകളിൽ നിന്ന് ലഭിക്കേണ്ട അനുമതികൾ വേഗത്തിലാക്കാൻ പ്രത്യേക ഏകജാലക സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, താരസംഘടനയായ ‘അമ്മ’യിൽ നിലവിലുള്ള ആഭ്യന്തര പ്രശ്നങ്ങളിൽ സർക്കാർ ഇടപെടില്ലെന്ന് മന്ത്രി ചർച്ചയിൽ നിലപാട് വ്യക്തമാക്കി. സംഘടനയ്ക്കുള്ളിലെ തർക്കങ്ങൾ സ്വന്തം നിലയ്ക്ക് തന്നെ പരിഹരിക്കാമെന്ന് ‘അമ്മ’ ഭാരവാഹികൾ സർക്കാരിന് ഉറപ്പ് നൽകിയിട്ടുണ്ട്.
‘അമ്മ’, മാക്ട, ഫെഫ്ക, തിയേറ്റർ ഉടമകളുടെ സംഘടനകൾ, എക്സിബിറ്റേഴ്സ്, ജൂനിയർ ആർട്ടിസ്റ്റുകളുടെ പ്രതിനിധികൾ തുടങ്ങി സിനിമാരംഗത്തെ വിവിധ സംഘടനകളുടെ ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു.