
കാന്‍ ചലച്ചിത്ര മേളയുടെ റെഡ് കാര്‍പ്പറ്റില്‍ തിളങ്ങിയ നടനും സംവിധായകനുമായ ജോയ് മാത്യുവിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി സിനിമാ നിരൂപകന്‍ ജി.പി. രാമചന്ദ്രന്‍. ജോണ്‍ എബ്രഹാമിന്റെ പ്രശസ്തമായ ‘അമ്മ അറിയാന്‍’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് രണ്ട് പ്രമുഖ പത്രങ്ങളില്‍ ജോയ് മാത്യു എഴുതിയ ലേഖനങ്ങളില്‍, ഇപ്പോഴും ജീവിച്ചിരിക്കുന്ന രണ്ടുപേരെ മരിച്ചതായി ചിത്രീകരിച്ചെന്നാണ് ജി.പി. രാമചന്ദ്രന്റെ ആരോപണം. തനിക്ക് മാത്രമാണ് പ്രാധാന്യം എന്ന് വരുത്തിത്തീര്‍ക്കാന്‍, സിനിമയുടെ പിന്നണിയില്‍ സജീവമായിരുന്ന രണ്ടുപേരെ ജോയ് മാത്യു ‘നൈസായി’ ഒഴിവാക്കുകയായിരുന്നുവെന്ന് അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ കുറ്റപ്പെടുത്തി.
‘അമ്മ അറിയാന്‍’ സിനിമയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്ന കോഴിക്കോട് സ്റ്റേറ്റ് ബാങ്ക് ജീവനക്കാരന്‍ രഘു അര്‍ബുദം ബാധിച്ച് മരിച്ചെന്നാണ് ജോയ് മാത്യു ലേഖനത്തില്‍ പരാമര്‍ശിച്ചത്. എന്നാല്‍ അദ്ദേഹം യാതൊരു രോഗവുമില്ലാതെ കോഴിക്കോട് നഗരത്തില്‍ തന്നെയുണ്ടെന്ന് ജി.പി. രാമചന്ദ്രന്‍ വ്യക്തമാക്കുന്നു. സമാനമായ രീതിയില്‍, ജീവിതം അകാലത്തില്‍ തൂക്കുകയറില്‍ ഒടുക്കിയെന്ന് ജോയ് മാത്യു വേദനയോടെ എഴുതിയ ബാങ്ക് ജീവനക്കാരനായ രാമനാഥന്‍ നിലവില്‍ കര്‍ണാടകയിലെ ഒരു വൃദ്ധസദനത്തില്‍ ജീവിച്ചിരിപ്പുണ്ടെന്നും നിരൂപകന്‍ ചൂണ്ടിക്കാണിക്കുന്നു. ജോയ് മാത്യുവിന് വേണമെങ്കില്‍ മൈസൂര്‍ വഴിയുള്ള യാത്രകളില്‍ രാമനാഥനെ കണ്ടെത്താനാകുമെന്നും അദ്ദേഹം കുറിച്ചു.
പാവപ്പെട്ട മനുഷ്യര്‍ ജീവിച്ചിരിക്കുമ്പോഴും അവര്‍ മരിച്ചെന്ന് വരുത്തിത്തീര്‍ക്കുന്ന ഇത്തരം എഴുത്തുകള്‍ ക്രൂരതയാണെന്ന് ജി.പി. രാമചന്ദ്രന്‍ വിമര്‍ശിക്കുന്നു. പൗരത്വം തന്നെ വലിയ ചര്‍ച്ചയായിരിക്കുന്ന ഇന്നത്തെ ഇന്ത്യയില്‍, ജീവിച്ചിരിക്കുന്ന ഇവരുടെ അസ്തിത്വ വിലാപങ്ങള്‍ക്ക് ആരാണ് ഉത്തരവാദിയാവുകയെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. അതേസമയം, കാന്‍ മേളയുടെ റെഡ് കാര്‍പ്പറ്റിലൂടെ ജോയ് മാത്യു നടന്നത് ഒരു വലിയ നേട്ടം തന്നെയാണെന്ന് അംഗീകരിക്കാനും അതിന് ആശംസകള്‍ നേരാനും ജി.പി. രാമചന്ദ്രന്‍ മടിച്ചില്ല.
ജിപി രാമചന്ദ്രന്റെ കുറിപ്പ്
അവരൊക്കെ എവിടെ പോയി? ജോയ് മാത്യു കാന്‍ മേളയുടെ റെഡ് കാര്‍പ്പറ്റിലൂടെ നടന്നത് മഹത്തായ സംഭവം തന്നെ. ആശംസകള്‍. അഭിവാദ്യങ്ങള്‍. എന്നാല്‍, അതു സംബന്ധമായി മാതൃഭൂമി വാരാന്തപ്പതിപ്പില്‍ എഴുതിയ ഫുള്‍ പേജ് ലേഖനത്തില്‍ ജീവിച്ചിരിക്കുന്ന രണ്ടു പേരെ അദ്ദേഹം ഇല്ലാതാക്കിയിരിക്കുന്നു. ഇത് എപ്രകാരമാണ് മഹത്തായ കാര്യമാകുന്നത് എന്നു മാത്രം മനസ്സിലാവുന്നില്ല. ഒന്ന്: ജോയ് മാത്യുവിന്റെ രേഖപ്പെടുത്തല്‍ പ്രകാരം -അകാലത്തില്‍ അര്‍ബുദത്തിന് കീഴടങ്ങേണ്ടിവന്ന കോഴിക്കോട് സ്‌റ്റേറ്റ് ബാങ്കിലെ രഘു – രഘു അര്‍ബുദമൊന്നും ബാധിക്കാതെ കോഴിക്കോട് നഗരത്തില്‍ തന്നെ ഉണ്ട്.
ആരോടെങ്കിലും ഒന്നന്വേഷിച്ചാല്‍ അത് എളുപ്പത്തില്‍ അറിയാമായിരുന്നു. കാരണം, അതിവിപുലമായ സുഹൃദ് വൃന്ദമാണ് രഘുവിനും അക്കാലത്തെ സ്റ്റേറ്റ് ബാങ്കിലുണ്ടായിരുന്നവര്‍ക്കും ഉള്ളത്. രണ്ടാമത്തേതാണ് അതിലേറെ സങ്കടം: അകാലത്തില്‍ ഒരു മുഴം കയറില്‍ ജീവിതത്തിനു തൂക്കുകയറിട്ട പരന്ന വായനക്കാരനായ ബാങ്ക് ജീവനക്കാരന്‍ രാമനാഥനെ എങ്ങനെ മറക്കും? എന്നാണ് ജോയ് മാത്യു “വേദന”യോടെ ചോദിക്കുന്നത്. മറക്കാനാവില്ലെങ്കില്‍, കര്‍ണാടകയിലെ ഒരു വൃദ്ധ സദനത്തില്‍ ഇപ്പോഴും ജീവിക്കുന്ന രാമനാഥനെ ജോയ് മാത്യുവിന് കണ്ടെത്താനാകും. മൈസൂര്‍ വഴി ബാംഗ്ലൂരേയ്ക്കും മറ്റും പോകാറുള്ളതല്ലേ.
അമ്മ അറിയാന്‍ – പ്രശസ്തിയും പ്രസക്തിയും എന്ന ലേഖനത്തില്‍ സി എസ് വെങ്കിടേശ്വരന്‍ എഴുതുന്നു: ഈ ചിത്രത്തിന്റെ നിര്‍മ്മാണ സാഹചര്യത്തെയും പ്രക്രിയയെയും സാമ്പത്തിക വശങ്ങളെയും ധനസമാഹരണ രീതികളെയും കുറിച്ച് വിശദമായ വിശകലനം ആവശ്യമാണ്. ഈ സാഹചര്യത്തില്‍ മൂന്ന് പ്രധാന സംഗതികളെക്കുറിച്ച് മാത്രമാണ് ഇവിടെ പ്രതിപാദിക്കുവാന്‍ ഉദ്ദേശിക്കുന്നത്. ഒന്ന്: അമ്മ അറിയാന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാണരീതിയും അതിനെ ചൂഴ്ന്നു നിന്ന സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളും. രണ്ട്, ആ ചിത്രത്തിന്റെ പ്രമേയധാരകളിലൊന്നായ സംഘം/സംഘചേതന എന്ന ആശയം. മൂന്നാമത്, കലയിലെയും കലാപ്രവര്‍ത്തനത്തിലെയും വിപ്ലവം/കലാപം (റാഡിക്കല്‍) എന്ന സങ്കല്‍പ്പം. ഈ മൂന്നു പ്രമേയങ്ങള്‍ക്കും ഇന്നത്തെ മാധ്യമാന്തരീക്ഷത്തിലും കലാപ്രയോഗങ്ങളെക്കുറിച്ചുള്ള ചിന്തകളിലും അതീവ പ്രസക്തിയുമുണ്ട് (ദേശാഭിമാനി വാരിക-31 മെയ് 2026)
ജനങ്ങള്‍, സംഘം, സംഘബോധം, സംഘചേതന എന്നിങ്ങനെയുള്ള ഘടകങ്ങള്‍ക്ക് ഈ അപൂര്‍വ്വമായ സിനിമയുടെ നിര്‍മ്മാണ-പ്രദര്‍ശന-പുനര്‍ പ്രദര്‍ശന സാഹചര്യങ്ങളിലൊക്കെ എന്തുമാത്രം പ്രാധാന്യമാണുള്ളത് എന്നാണ് ഒഡേസയില്‍ സജീവമായുണ്ടായിരുന്ന വെങ്കിടി പറയാന്‍ ശ്രമിക്കുന്നത്. എന്നാല്‍, ജോയ് മാത്യുവോ? തനിക്കാണ് പ്രാധാന്യം എന്നു വരുത്താന്‍ അന്നത്തെ പ്രവര്‍ത്തനത്തില്‍ സജീവമായുണ്ടായിരുന്ന രണ്ടു പേരെ നൈസായി ഒഴിവാക്കിയിരിക്കുന്നു. പാവങ്ങള്‍ ജീവിച്ചിരുന്നിട്ടും ജീവിച്ചിരിക്കുന്നില്ല എന്നാക്ഷേപിക്കപ്പെട്ടിരിക്കുന്നു. പൗരത്വം തന്നെ പ്രശ്‌നമായിത്തീര്‍ന്ന ഇന്ത്യയില്‍ ഇവരുടെ അസ്തിത്വ വിലാപങ്ങള്‍ക്ക് ആരായിരിക്കും ഉത്തരവാദി? രഘു, രാമനാഥന്‍ എന്നീ രണ്ടു പേരോടും ഞാന്‍, മലയാള ഭാഷ വായിക്കാനും എഴുതാനും അറിയുന്ന എല്ലാവര്‍ക്കും വേണ്ടി മാപ്പു ചോദിക്കുന്നു.