
മമിത ബൈജുവുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി അനശ്വര രാജൻ. തനിക്ക് ശാരീരികമായി അസുഖങ്ങൾ ബാധിച്ച ഘട്ടങ്ങളിലൊക്കെ മമിത താങ്ങായി ഒപ്പം നിന്നിട്ടുണ്ടെന്നും ആ കരുതൽ ഏറെ വലുതാണെന്നും താരം വ്യക്തമാക്കി. ഒരു തെലുങ്ക് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അനശ്വര തന്റെ അടുത്ത സുഹൃത്തുകൂടിയായ മമിതയെക്കുറിച്ച് മനസ് തുറന്നത്.
തന്റെ സിനിമാ ജീവിതത്തിലെയും വ്യക്തിജീവിതത്തിലെയും വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിലാണ് അനശ്വര സൗഹൃദത്തിന്റെ ആഴത്തെക്കുറിച്ച് സംസാരിച്ചത്. സഹപ്രവർത്തക എന്നതിലുപരി വ്യക്തിപരമായ പ്രതിസന്ധി ഘട്ടങ്ങളിൽ തനിക്കൊപ്പം നിന്ന സുഹൃത്താണ് മമിതയെന്നും, ഒരു വ്യക്തിയെന്ന നിലയിലും അഭിനേത്രിയെന്ന നിലയിലും മമിതയെ തനിക്ക് ഒരുപോലെ ഇഷ്ടമാണെന്നും അനശ്വര കൂട്ടിച്ചേർത്തു.
‘എപ്പോഴും നമ്മുടെ കൂടെയുണ്ടാകുന്ന ആളാണ് മമിത. ശാരീരികമായി അസുഖം ബാധിച്ച ഒരുപാട് സാഹചര്യങ്ങളിൽ അവൾ എന്റെ കൈപിടിച്ച് കൂടെയുണ്ടായിരുന്നു. എനിക്ക് താങ്ങായി നിന്നു. അവൾ നൽകുന്ന ആ ഉറപ്പും പിന്തുണയും എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഒരു വ്യക്തിയെന്ന നിലയിലും അഭിനേത്രിയെന്ന നിലയിലും എനിക്ക് മമിതയെ ഇഷ്ടമാണ്,’ എന്നായിരുന്നു അനശ്വരയുടെ വാക്കുകൾ.