“സിനിമയിൽ അങ്ങനെ ചെയ്യുന്നെന്ന് കരുതി പൊതുവേദിയിൽ എല്ലാം സഹിക്കണമെന്നാണോ?”; കീർത്തി സുരേഷ്

','

' ); } ?>

പുതിയ ചിത്രമായ ‘സത്യവാൻ സാവിത്രി’യുടെ പ്രമോഷൻ ചടങ്ങിനിടെ സംവിധായകൻ മിഷ്കിൻ കാൽമുട്ടിൽ സ്പർശിച്ചതിനെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനങ്ങൾക്കും ട്രോളുകൾക്കും ശക്തമായ ഭാഷയിൽ മറുപടി നൽകി നടി കീർത്തി സുരേഷ്. സിനിമയിലെ അഭിനയത്തെയും പൊതുവിടങ്ങളിലെ പെരുമാറ്റത്തെയും കൂട്ടിക്കുഴയ്ക്കുന്നവർ ചിന്താഗതി തിരുത്തണമെന്ന് താരം വ്യക്തമാക്കി.

ചിത്രത്തിന്റെ ചെന്നൈയിൽ നടന്ന പ്രസ് മീറ്റിനിടെ മിഷ്കിൻ കീർത്തിയുടെ കാൽമുട്ടിൽ സ്പർശിക്കുന്ന വിഡിയോ വൈറലായതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. മിഷ്കിന്റെ പ്രവൃത്തിയിൽ കീർത്തി അസ്വസ്ഥയായെന്നാണ് വിമർശകർ ആരോപിച്ചത്. സിനിമകളിൽ സഹതാരങ്ങൾ സ്പർശിക്കുന്നത് അനുവദിക്കുന്ന നടിക്ക് പൊതുവേദിയിൽ എന്താണ് ഇത്ര അസ്വസ്ഥത എന്നായിരുന്നു ‘എക്സി’ൽ (ട്വിറ്റർ) ഒരാളുടെ പരിഹാസം.

ഇതിന് താഴെയാണ് കീർത്തി രൂക്ഷമായി പ്രതികരിച്ചത്. “ഒന്നാമതായി, എന്റെ മുഖത്ത് എവിടെയാണ് നിങ്ങൾ അസ്വസ്ഥത കണ്ടത്? ഞങ്ങൾ തമ്മിലുള്ളത് അച്ഛനും മകളും പോലെയുള്ള ബന്ധമാണെന്ന് ഞാനും അദ്ദേഹവും പറഞ്ഞത് നിങ്ങൾ കേട്ടില്ലേ? രണ്ടാമതായി, എനിക്ക് അസ്വസ്ഥത തോന്നിയെന്ന് തന്നെ വയ്ക്കുക; സിനിമകളിൽ അത്തരം രംഗങ്ങളിൽ അഭിനയിക്കുന്നുണ്ടെന്ന് കരുതി പൊതുവിടങ്ങളിലും അതെല്ലാം സഹിക്കണമെന്നാണോ നിങ്ങൾ പറയുന്നത്? സഹോദരാ, നിങ്ങളുടെ ചില ചിന്താഗതികൾ തിരുത്തേണ്ടതുണ്ട്” എന്നായിരുന്നു താരത്തിന്റെ മറുപടി. കീർത്തിയുടെ പ്രതികരണം ശ്രദ്ധേയമായതോടെ വിമർശനമുന്നയിച്ച വ്യക്തി കമന്റിലൂടെ മാപ്പ് പറയുകയും പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.

പ്രസ് മീറ്റിൽ കീർത്തി സുരേഷിനെ വാനോളം പുകഴ്ത്തിയ മിഷ്കിൻ, താരത്തിന്റെ തലയിൽ കൈവെച്ച് അനുഗ്രഹിക്കുകയും ‘നടികർ തിലകം’ എന്ന വിശേഷണം നൽകുന്നതായും പ്രഖ്യാപിച്ചിരുന്നു. ഇനി മുതൽ കീർത്തി അഭിനയിക്കുന്ന എല്ലാ സിനിമകളിലും പേരിനൊപ്പം ‘നടികർ തിലകം’ എന്ന് ചേർക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ‘ഡൊറോത്തി’ എന്ന ചിത്രത്തിലെ കീർത്തിയുടെ പ്രകടനത്തിൽ ആകൃഷ്ടനായ മിഷ്കിൻ, നേരത്തെ സനത്തിനും ഋഷികാന്തിനും നൽകിയതുപോലെ കീർത്തിക്കും വേദിയിൽ വെച്ച് സ്വർണ്ണമോതിരം സമ്മാനിച്ചു.

തങ്ങൾ തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് കീർത്തിയും വേദിയിൽ സംസാരിച്ചിരുന്നു. സിനിമയുടെ ചിത്രീകരണം തുടങ്ങി രണ്ടാം ദിവസം തന്നെ മിഷ്കിൻ അടുത്ത് വന്ന്, തന്റെ മകൾക്ക് കീർത്തിയുടെ അതേ ഛായയാണെന്ന് പറയുകയും ഫോട്ടോ കാണിച്ചുതരികയും ചെയ്തതായി താരം ഓർമ്മിച്ചു. കോർട്ട് റൂം ഡ്രാമയായ ‘സത്യവാൻ സാവിത്രി’ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

കീർത്തിയുടെ വാക്കുകൾ

‘‘ഒന്നാമതായി, എന്റെ മുഖത്ത് എവിടെയാണ് നിങ്ങൾ അസ്വസ്ഥത കണ്ടത്? ഞങ്ങൾ തമ്മിലുള്ളത് അച്ഛനും മകളും പോലെയുള്ള ബന്ധമാണെന്ന് ഞാനും അദ്ദേഹവും പറഞ്ഞത് നിങ്ങൾ കേട്ടില്ലേ? രണ്ടാമതായി, എനിക്ക് അസ്വസ്ഥത തോന്നിയെന്ന് തന്നെ വയ്ക്കുക; സിനിമകളിൽ അത്തരം രംഗങ്ങളിൽ അഭിനയിക്കുന്നുണ്ടെന്ന് കരുതി പൊതുവിടങ്ങളിലും അതെല്ലാം സഹിക്കണമെന്നാണോ നിങ്ങൾ പറയുന്നത്? സഹോദരാ, നിങ്ങളുടെ ചില ചിന്താഗതികൾ തിരുത്തേണ്ടതുണ്ട്.’’–