മഹാനടികര്‍ ഡെല്‍ഹി ഗണേശ്

ഭാഷകളുടെയും ദേശത്തിന്റേയും അതിര്‍വരമ്പുകളില്ലാതെയാണ് സിനിമകളെന്നും പ്രേക്ഷകരിലേക്ക് സഞ്ചരിച്ചിട്ടുള്ളത്. ദേവാസുരത്തിലെയും ഗമനത്തിലെയും പോക്കിരിരാജയിലെയും തന്റെ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ ഡെല്‍ഹി ഗണേശ് എന്ന കലാകാരന്‍ സെല്ലുലോയ്ഡിനോട് സംസാരിക്കുന്നു. ഡല്‍ഹിയിലെ ദക്ഷിണ ഭാരത നാടക സഭയിലൂടെയാണ് അദ്ദേഹം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. അതോടൊപ്പം തന്റെ പേരും അദ്ദേഹത്തിന് ലഭിച്ചു. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തിന്റെ കരിയര്‍ മാറ്റിമറിച്ചത് 1976-ല്‍ കെ.ബാലചന്ദര്‍ സംവിധാനം നിര്‍വ്വഹിച്ച ‘പട്ടിണപ്രവേശം’ എന്ന ചിത്രമായിരുന്നു. പിന്നീടങ്ങോട്ട് ചെറുതും വലുതുമായി പല ഭാഷകളിലായി 600- ഓളം സിനിമകളിലായി അദ്ദേഹം വേഷങ്ങളവതരിപ്പിച്ചു. ‘പസി’ എന്ന ചിത്രത്തിലെ വേഷത്തിന് തമിഴ്‌നാട് സംസ്ഥാന അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തി. സഹനടന്റ വേഷങ്ങളാണ് അദ്ദേഹത്തെ എപ്പോഴും വ്യത്യസ്ഥനാക്കിയിരുന്നത്. തന്റെ നീണ്ട അഭിനയ ജീവിത പ്രയാണം തുടരവേ സമ്പന്നമായ അഭിനയജീവിതത്തിന്റെ വിശേഷങ്ങള്‍ അദ്ദേഹം സെല്ലുലോയ്ഡിനോട് പങ്കുവെക്കുന്നു

  • ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന തമിഴ് ചിത്രങ്ങള്‍…?

തമിഴില്‍ ഒരുപാട് ചിത്രങ്ങളുണ്ട്. കമലഹാസന്‍, സംവിധായകന്‍ ശങ്കര്‍ എന്നിവര്‍ക്കൊപ്പം ‘ഇന്ത്യന്‍ പാര്‍ട്ട് 2’ എന്ന ചിത്രം. അതില്‍ ഒരു മൂന്ന് ദിവസത്തെ ഷൂട്ടിങ്ങ് നേരത്തെ കഴിഞ്ഞിരുന്നു. പിന്നീട് കമലഹാസന്‍ രാഷ്ട്രീയത്തില്‍ തിരക്കായതിനാല്‍ ഷൂട്ടിങ്ങ് മാറ്റിവെച്ചു. ഇപ്പോള്‍ തമിഴ്‌നാട്ടില്‍ ഇലക്ഷനൊക്കെ കഴിഞ്ഞത് കൊണ്ട് ഷൂട്ടിങ്ങ് പുനരാരംഭിച്ചിട്ടുണ്ട്. നല്ല കഥാപാത്രമാണ്. കൂടാതെ അജിത്തിനൊപ്പം ഹിന്ദി ചിത്രം പിങ്കിന്റെ റീമെയ്ക്കായെത്തുന്ന ഒരു ചിത്രമുണ്ട്. അതില്‍ ഹീറോയിന്റെ അച്ഛനായാണ് ഞാന്‍ എത്തുന്നത്. അതും ഒരു പുതിയ അനുഭവമാണ്. ചിത്രത്തിലുടനീളം ഡയലോഗ്‌സ് കുറവും എക്‌സ്പ്രഷന്‍സ് കൂടുതലുമുള്ള ഒരു കഥാപാത്രമാണ്. അജിത്തിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ഒരു ചിത്രത്തില്‍ ഞാന്‍ ഇവിടെ വെച്ച് അഭിനയിച്ചിട്ടുണ്ട്. ‘ജന’യെന്നാണ് ആ ചിത്രത്തിന്റെ പേര്. അതിന്റെ ഷൂട്ടിങ്ങ് ഇവിടെ ഒറ്റപ്പാലത്ത് വെച്ചാണ് നടന്നത്. ഇപ്പോള്‍ അജിത്ത് ഒരുപാട് ഫെയ്മസായിരിക്കുന്നു. ഇഷ്ടംപോലെ ആരാധകരുമുണ്ട്. പക്ഷെ അദ്ദേഹം ഇപ്പോഴും പഴയ പോലെത്തന്നെയാണ്. മാറിയിട്ടേയില്ല. അജിത്ത് നല്ലൊരു ആക്ടറിനെക്കാളുപരി നല്ലൊരു മനുഷ്യനാണ്. അദ്ദേഹം എല്ലാരോടൊപ്പം നല്ല രീതിയില്‍ തന്നെ ഇടപഴകുകയും ചെയ്യുന്നു. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ എനിക്ക് നല്ലൊരു അവസരം കിട്ടിയെന്ന് തന്നെ പറയാം. എനിക്കദ്ദേഹത്തെ വളരെ ഇഷ്ടപ്പെട്ടു.

  • നാടക ജീവിതത്തെക്കുറിച്ച്…?

നാടകത്തില്‍ നിന്നാണ് ഞാന്‍ സിനിമയിലേക്ക് വന്നത്. 2000-ത്തോളം തവണ ഞാന്‍ സ്‌റ്റേജില്‍ കയറിയിട്ടുമുണ്ട്. ഡെല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലൊക്കെ. ഇപ്പോള്‍ അതിന് സമയം കിട്ടുന്നില്ല. അത് കൊണ്ട് നാടകങ്ങള്‍ കാണാന്‍ ഞാന്‍ പോകാറില്ല. ഇപ്പോള്‍ സീരിയലും ഞാന്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. പക്ഷെ ഖുശ്ബുവിന് വേണ്ടി ഞാന്‍ ഒരു സീരിയല്‍ ചെയ്യുന്നുണ്ട്. ‘ലക്ഷ്മി സ്‌റ്റോര്‍ഴ്‌സ’് എന്നാണ് ആ സീരിയലിന്റെ പേര്. അത് അവര്‍ എന്നോട് റിക്വസ്റ്റ് ചെയ്തതുകൊണ്ട് മാത്രമാണ്.

  • മകന്‍ മഹാദേവന്റെ വിശേഷങ്ങളെക്കുറിച്ച്…?

എന്റെ പയ്യന്‍ മഹാ. അവന്റെ മുത്തച്ഛന്റെ പേരാണ് മഹാദേവന്‍. ചെന്നൈയില്‍ വെച്ച് അവന്‍ അവന്റെ കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ്ങ് തീര്‍ത്തു. പിന്നീട് ലണ്ടനിലേക്ക് പോയി. അവിടെ നിന്ന് എം എസ് സി പൂര്‍ത്തിയാക്കി. പക്ഷെ അവന് അഭിനയത്തിലാണ് താല്‍പ്പര്യം. അതുകൊണ്ട് ഞാന്‍ ഒരു ചിത്രം നിര്‍മ്മാണം ചെയ്തു. എന്നുള്‍ ആയിരം. കുറേയധികം മലയാളികള്‍ക്ക് ആ ചിത്രം ഇഷ്ടപ്പെട്ടു. അതിന് ശേഷം അവന് നല്ല ഒരു സ്‌റ്റോറി ലഭിച്ചിട്ടില്ല. അവന്‍് സ്‌ക്രിപ്റ്റാണ് ശ്രദ്ധിക്കുന്നത്. എല്ലാ ചിത്രത്തിലും അവന് അഭിനയിക്കണമെന്നില്ല. അവന്‍ വളരെ സെലക്ടീവാണ്. ”നല്ല കഥയായിരുന്താല്‍ മാത്രം നടിപ്പേന്‍ എന്ന് സൊല്ലിട്ടാര്”. ഇപ്പോള്‍ ഞങ്ങള്‍ ഒരു വെബ് സീരീസ് ചെയ്ത് കൊണ്ടിരിക്കുകയാണ്. പിന്നെ ഒരു വിശാല്‍ ചിത്രത്തില്‍ അവന്‍ അഭിനയിക്കാനിരിക്കുകയാണ്. ഇതാദ്യമായാണ് അവന്‍ കമ്പനിക്ക് പുറത്ത് ഒരു ചിത്രത്തില്‍ അഭിനയിക്കാനിരിക്കുന്നത്. അവന്‍ ഒരു ചെറുപ്പക്കാരനല്ലേ.. അവന് സിനിമയിലേക്ക് വരാന്‍ ഇനിയും ഇഷ്ടം പോലെ സമയം ഉണ്ട്.

  • എന്നുള്‍ ആയിരത്തിലെ മലയാളി നടിയെക്കുറിച്ച്…?

മറീന മൈക്കിളാണ് നായികയായി അഭിനയിച്ചത്. വളരെ നല്ല കുട്ടിയാണ്. അവളുടെ ഭാഗത്ത് നിന്നും ചിത്രത്തില്‍ യാതൊരു പ്രശ്‌നവുമുണ്ടായിട്ടില്ല. പേയ്‌മെന്റ്, കാള്‍ ഷീറ്റ് എന്നിവയെല്ലാം അവള്‍ അഡ്ജസറ്റ് ചെയ്യുകയായിരുന്നു. അവള്‍ക്ക് ചെന്നൈയിലെ ഹോട്ടലുകളിലൊന്നും താമസിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. എന്റെ വീട്ടിലാണ് നിന്നത്. ഷൂട്ടിങ്ങ് എല്ലാം കഴിഞ്ഞപ്പോള്‍ അവള്‍ എന്നോട് പറഞ്ഞത് ഞാനും എന്റെ ഭാര്യയും അവള്‍ക്ക് ഒരു അച്ഛനേയും അമ്മയേയും പോലെയായിരുന്നുവെന്നാണ്. ഇന്നും അവള്‍ ചെന്നൈയില്‍ വരുമ്പോള്‍ എന്റെ വീട്ടിലാണ് നില്‍ക്കാറ്.

  • സിനിമ സീരിയല്‍ എന്നിവയല്ലാതെ മറ്റെന്തെങ്കിലും വിനോദങ്ങള്‍?

ഞാന്‍ സാഹിത്യപരമായ ചടങ്ങുകളിലൊക്കെ പങ്കെടുക്കും.. ‘പാട്ടിമണ്ട്രം’ എന്ന ചര്‍ച്ചയിലും ഞാന്‍ പങ്കെടുക്കാറുണ്ട്. തമിഴ് നാട്ടില്‍ ഈയിടെയായി അത് വളരെ ഫെയ്മസാണ്. അതില്‍ ഞാനൊരു ജഡ്ജായിരിക്കും. അവര്‍ എന്നെ വിളിക്കുന്നത് ഞാന്‍ ഒരു സെലിബ്രിറ്റി ആയത് കൊണ്ടാണ്. പക്ഷെ ഞാന്‍ അതിനെ അങ്ങനെയല്ല കാണുന്നത്. ഞാന്‍ അതിനായി ഹോംവര്‍ക്ക് ചെയ്ത് അന്നത്തെ സബ്ജക്ടിനേക്കുറിച്ച് നല്ലതുപോലെ പഠിക്കും. ആ സബ്ജക്ടിന്റെ എല്ലാ വശങ്ങളേക്കുറിച്ചും മനസ്സിലാക്കും. പിന്നീട് അംഗീകരിക്കേണ്ടത് അംഗീകരിക്കും.

  • ഇപ്പോള്‍ അഭിനയിച്ച മലയാള സിനിമ മനോഹരത്തെക്കുറിച്ച്…?

മനോഹരം മൂവിയുടെ ഡയറക്ടര്‍ എന്റെ ഒരു നല്ല സുഹൃത്താണ്. അദ്ദേഹം ഒരു കഠിനാധ്വാനി കൂടിയാണ്. അദ്ദേഹത്തിന്റെ ടീമെല്ലാം നല്ല പോലെ അധ്വാനിക്കുന്നു. എനിക്ക് മലയാളം അത്ര പരിചയമില്ല. അതുകൊണ്ട് അദ്ദേഹം എല്ലാ മലയാളം ഡയലോഗുകളും ടൈപ്പ് ചെയ്ത് എനിക്ക് അയച്ച് തന്നു. എന്റെ ഭാര്യ തിരുവനന്തപുരത്ത് നിന്നാണ്. എന്റെ ഒരുപാട് റിലേറ്റീവ്‌സ് കേരളത്തിലുണ്ട്. തിരുവനന്തപുരം, കൊല്ലം, കൊച്ചി, മട്ടാഞ്ചേരി, എന്നിവിടങ്ങളിലൊക്കെ. പിന്നീട് സ്‌ക്രിപ്റ്റ് ഞാന്‍ എന്റെ ഭാര്യക്ക് നല്‍കി. അവള്‍ സിറ്റുവേഷനെന്താണ്, ഡയലോഗ് ഇവയൊക്കെ പറഞ്ഞ് തന്നു. അതിന് ശേഷം ഞാനത് തമിഴിലെഴുതി ഇപ്പോള്‍ ഏകദേശം അതൊക്കെ മന:പാഠമാണ്. ആരുടേയും പ്രേരണയില്ലാതെ തന്നെ മലയാളം നല്ല രീതിയില്‍ പറയാന്‍ ഞാന്‍ ശ്രമിക്കുകയാണ്. ഒരു വ്യത്യസ്ഥ കഥാപാത്രത്തെയാണ് ഞാന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മലയാളം സിനിമകളിലെ സ്‌ക്രിപ്റ്റ് ഞാന്‍ എന്നും ഇഷ്ടപ്പെട്ടിരുന്നു. എല്ലാ കലാകാരന്മാരും വളരെ നാച്യുറലായാണ് അഭിനയിക്കുന്നത്. അവര്‍ ഒരു രംഗമെടുത്ത് അതിനനുസരിച്ച് അഭിനയിച്ച് ഡയലോഗുകളും കൃത്യമായി അവതരിപ്പിച്ച് വളരെ ലാഘവത്തോടെ മടങ്ങുന്നു. അതുകൊണ്ട് തന്നെ മലയാളം സിനിമയെയും കലാകാരന്മാരെയും ഞാന്‍ അത്രക്ക് ഇഷ്ടപ്പെടുന്നു. ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിലും ഏറെ സന്തോഷവാനാണ്.

  • താങ്കളുടെ കഥാപാത്രത്തെക്കുറിച്ച്…?

ഒരു പഴയ പ്രിന്റിങ്ങ് പ്രെസ്സൊക്കെ നോക്കി നടത്തുന്ന പോലൊരു ആളാണ് കഥാപാത്രം. ഈ കഥാപാത്രം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

  • അഭിനയിച്ച മലയാള ചിത്രങ്ങളെക്കുറിച്ച്…?

ഞാന്‍ ഒരുപാട് മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഐ വി ശശി സാറിന്റെ സംവിധാനത്തില്‍ അഭിനയിച്ച ദേവാസുരം ആണ് ആദ്യ ചിത്രം. അന്ന് ഭാരതപ്പുഴ, ഒറ്റപ്പാലം എന്നിവടങ്ങളിലൊക്കെയായിരുന്നു ഷൂട്ടിങ്ങ്. നല്ലൊരു കഥാപാത്രമാണ്. ഇപ്പോഴും കേരളത്തിലുള്ള ഫാന്‍സ് എന്നെക്കാണുമ്പോള്‍ ‘സാര്‍ ദേവാസുരം’ എന്ന് വിളിക്കും. മോഹന്‍ലാലിനൊപ്പം അത്രയും പോപ്പുലറായ ഒരു സിനിമ. പിന്നെ ഗമനം എന്നൊരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഞാന്‍, തിലകന്‍ സാര്‍, ലക്ഷ്മിയമ്മ. അതില്‍ തിലകന് അവാര്‍ഡും ലഭിച്ചു. അതിന് ശേഷം കൊച്ചി രാജാവ്, പിന്നെ മമ്മൂട്ടി സാറിനോടൊപ്പം പോക്കിരി രാജ എന്ന ചിത്രത്തില്‍. പിന്നെ കാലാപാനി എന്ന ചിത്രം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മനോഹരമായ ചിത്രം. ഇപ്പോഴും ഞാന്‍ അവസരങ്ങള്‍ തേടി അങ്ങോട്ട് പോകാറില്ല. അവരെല്ലാം എനിക്ക് അവസരങ്ങള്‍ തരാറാണ് പതിവ്. മനോഹരത്തിലും അങ്ങനെയാണ് സംഭവിച്ചത്. മിസ്റ്റര്‍ അന്‍വറാണ് ഡെല്‍ഹി ഗണേശിനെ വേണമെന്ന് പറഞ്ഞ് എന്നെ കോണ്‍ടാക്ട് ചെയ്യുന്നത്. അതുകൊണ്ട് തന്നെ മലയാളം സിനിമകളില്‍ അഭിനയിക്കാന്‍ എനിക്ക് നല്ല സന്തോഷമാണ്. അവര്‍ നമുക്ക് വളരെയധികം ബഹുമാനം നല്‍കുന്നു. ഇവിടെ അഭിനയമാണ് കൂടുതല്‍. ഡയലോഗൊക്കെ കുറവാണ്. എന്റെ മുഖം വളരെ ഫ്‌ളെക്‌സിബിളാണ്. ദൈവത്തിന്റെ സഹായത്താല്‍ അതുകൊണ്ട് എനിക്ക് മലയാളത്തിലും നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നു.

  • മലയാള സിനിമകള്‍ കാണാറുണ്ടോ…?

എനിക്ക് സിനിമകള്‍ കാണുന്ന ഒരു സ്വഭാവമേയില്ല. പക്ഷേ എന്റെ പയ്യനും വൈഫും പറയുമ്പോള്‍ മാത്രം ഞാന്‍ നോക്കും. അവര്‍ മലയാളത്തിലെ എല്ലാ സിനിമകളും കാണാറുണ്ട്. ഏത് കഥ പറഞ്ഞാലും അവര്‍ക്കറിയാം ഇതാണ് ചിത്രമെന്ന്. ഞാന്‍ ഈയിടെ ഉദയനിധി ഹീറോയായ ഒരു തമിഴ് സിനിമ കണ്ടപ്പോള്‍ മകന്‍ പറഞ്ഞു അതൊരു മലയാളം സിനിമയുടെ റീമെയ്ക്കാണെന്ന്. ആ സിനിമ തമിഴിലും മലയാളത്തിലും ഡയറക്ട് ചെയ്തത് പ്രിയദര്‍ശനാണ്. പക്ഷേ തമിഴ് സിനിമയില്‍ അതിന് അത്രയധികം ശ്രദ്ധ കിട്ടിയില്ല. കാരണം തമിഴ് സിനിമകളെല്ലാം ശരിക്കും കൊമേര്‍ഷ്യല്‍ സിനിമകളാണ്. ഇവിടെയങ്ങനെയല്ല. അവര്‍ക്ക് നല്ല കഥ വേണം, നല്ല ആക്ടിങ്ങ് വേണം. അത് ആള്‍ക്കാരുടെ ഒരു മനോഭാവമാണ്. അത് തമിഴ് നാട്ടിലെത്താന്‍ കുറച്ചുകൂടി സമയമെടുക്കും. അവര്‍ക്ക് കുത്തുപാട്ടും ഡാന്‍സുമൊക്കെയാണ് സിനിമകളില്‍ വേണ്ടത്. പക്ഷെ മലയാളികള്‍ അതൊക്കെ ഇഷ്ടപ്പെട്ടാലും സിനിമയിലേക്ക് അതിനിയൊന്നും കടന്നുവരാന്‍ അനുവദിക്കില്ല. അവരത് അങ്ങനെ തന്നെ നിലനിര്‍ത്തുന്നു.

  • താങ്കളുടെ കുടുംബവും തിരുവനന്തപുരവുമായുള്ള ബന്ധം..?

എന്റെ ഭാര്യ തിരുവനന്തപുരംകാരിയാണ്. ജനിച്ചതും വളര്‍ന്നതും പഠിച്ചതുമൊക്കെ അവിടെയാണ്. ഗായകനായ ശ്രീനിവാസ് എന്റെ അയല്‍ക്കാരനാണ്, ഒരു ഉറ്റ ഫാമിലി ഫ്രണ്ട് കൂടിയാണ്. കാരണം അവരുടെ അടുത്ത് തന്നെയാണ് എന്റെ വീട്. അവര്‍ക്ക് കേരളം വളരെ ഇഷ്ടമാണ്. അവര്‍ തമിഴ് നാട്ടുകാരാണെങ്കിലും കേരളത്തിലേക്ക് ദീര്‍ഘകാലം മുമ്പ് കുടിയേറിയതാണ്. എനിക്കും കേരളവുമായി ഒരു നാല്‍പ്പത് കൊല്ലത്തെ പരിചയമുണ്ട്. ഇവിടെ എപ്പോഴും വരാനും എനിക്ക് വളരെയധികം ഇഷ്ടമാണ്. പ്രളയത്തിന് ശേഷമാണ് ഇവിടെ പ്രശ്‌നങ്ങളുണ്ടായത്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അങ്ങനെയൊരു പ്രശ്‌നം വന്നതെന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ചിലപ്പോള്‍ പ്രകൃതി നിയമമായിരിക്കുന്നതുകൊണ്ടായിരിക്കും. പക്ഷെ അപ്പോഴും ഇത് ദൈവത്തിന്റെ രാജ്യം തന്നെയാകുന്നു. വന്നതില്‍ വളരെ സന്തോഷമുണ്ട്.