
ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’, ജി.വി. പ്രകാശ് നായകനായ ‘ഇമ്മോർട്ടൽ’ എന്നീ സിനിമകളുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾക്ക് മറുപടിയുമായി നടി കയാദു ലോഹർ. ഷൂട്ടിങ് തിരക്കുകൾ മൂലമാണ് തമിഴ് ചിത്രമായ ‘ഇമ്മോർട്ടലിന്റെ’ പ്രൊമോഷനിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നതെന്നും അല്ലാതെ സിനിമകളെ തരംതിരിച്ചു കാണുന്ന രീതി തനിക്കില്ലെന്നും കയാദു വ്യക്തമാക്കി.
തമിഴ് ചിത്രത്തിന്റെ പ്രചാരണത്തിൽ നിന്ന് വിട്ടുനിന്ന് മലയാള ചിത്രത്തിന്റെ പ്രൊമോഷന് മാത്രം താരം സമയം കണ്ടെത്തിയതോടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. ‘ഇമ്മോർട്ടൽ’ ചെറിയ സിനിമയായതിനാലും നായകൻ ജി.വി. പ്രകാശ് വലിയ താരമല്ലാത്തതിനാലുമാണ് കയാദു തമിഴ് സിനിമയെ അവഗണിച്ചതെന്നായിരുന്നു ആരോപണം. ഈ പശ്ചാത്തലത്തിലാണ് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ നടി നിലപാട് വ്യക്തമാക്കിയത്.
താൻ മനഃപൂർവം ഉണ്ടാക്കിയ വിവാദമല്ല ഇതെന്നും പ്രൊമോഷനായി തനിക്ക് ലഭ്യമായ ഒരു ദിവസം ഇമ്മോർട്ടൽ ടീമിന് അനുയോജ്യമായിരുന്നില്ലെന്നും കയാദു പറഞ്ഞു. തുടർ ദിവസങ്ങളിൽ മറ്റ് സിനിമകളുടെ ഷൂട്ടിങ് ഉള്ളതിനാലാണ് പ്രൊമോഷനിൽ പങ്കെടുക്കാൻ കഴിയാതെ പോയത്. ‘ഐ ആം ഗെയിമി’ന്റെ ചില പ്രൊമോഷനുകളിൽ നിന്നും താൻ വിട്ടുനിന്നിട്ടുണ്ടെന്നും, ഒരു സിനിമ പ്രധാനപ്പെട്ടതാണെന്നും മറ്റൊരു സിനിമയ്ക്ക് പ്രാധാന്യമില്ലെന്നുമുള്ള പ്രചാരണങ്ങൾ കേട്ട് ശീലമായതിനാൽ ആർക്കും വിശദീകരണം നൽകേണ്ടതില്ലെന്നാണ് കരുതുന്നതെന്നും താരം കൂട്ടിച്ചേർത്തു.
തുടർച്ചയായ ദിവസങ്ങളിലാണ് കയാദു നായികയായ ‘ഐ ആം ഗെയിം’, ‘ഇമ്മോർട്ടൽ’ എന്നീ ചിത്രങ്ങൾ തിയേറ്ററുകളിലെത്തിയത്. തെലുങ്ക് ചിത്രം ‘ദ പാരഡൈസ്’, തമിഴ് ചിത്രങ്ങളായ ‘മഞ്ചനത്തി’, ‘സൂര്യ 48’ എന്നിവയുൾപ്പെടെ നിരവധിയേറെ വലിയ പ്രോജക്ടുകളാണ് കയാദുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.